X
    Categories: indiaNews

ഹിജാബ് നിരോധന ഹരജികളില്‍ നോട്ടിസയച്ച് സുപ്രിംകോടതി

കര്‍ണാടക സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചതിനെതിരായ ഹരജികളില്‍ സുപ്രിംകോടതി നോട്ടിസയച്ചു. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാന്‍ഷു ദുലിയ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. ഹരജികളില്‍ സെപ്റ്റംബര്‍ അഞ്ചിന് വിശദമായ വാദം കേള്‍ക്കാന്‍ തീരുമാനിച്ചു.

മാര്‍ച്ച് 15നായിരുന്നു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച് കൊണ്ടുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് കര്‍ണാടക ഹൈക്കോടതി ശരിവച്ചത്. ഹൈക്കോടതി വിധിക്കെതിരെ തൊട്ടടുത്ത ദിവസം തന്നെ ചില വിദ്യാര്‍ഥിനികള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല. മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്, സമസ്ത, സമസ്ത കേരള സുന്നി യുവജന സംഘം തുടങ്ങി വിവിധ സംഘടനകളും വ്യക്തികളും നല്‍കിയ 23 ഹര്‍ജികളാണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്. ഹര്‍ജികളില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ തടസ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.

ഹിജാബ് ഇസ്‌ലാം മതാചാരത്തിലെ അവിഭാജ്യഘടകമല്ലെന്നായിരുന്നു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവച്ച് കൊണ്ടുള്ള വിധിയില്‍ കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കിയത്. സ്‌കൂള്‍ യൂണിഫോമില്‍ നിയന്ത്രണം കൊണ്ടുവരാന്‍ സര്‍ക്കാരിന് അധികാരം ഉണ്ടെന്നും ഹൈക്കോടതി വിധിച്ചിരുന്നു. എന്നാല്‍ നിരോധനം ക്രൂരമായ നാസി പ്രത്യയശാസ്ത്രത്തിന്റെ തനിയാവര്‍ത്തനമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. അനിവാര്യമായ മതാചാരങ്ങള്‍ പാലിക്കാന്‍ ഭരണഘടനയുടെ 25ാം അനുച്ഛേദം നല്‍കുന്ന ഉറപ്പിന്റെ ലംഘനമാണ് ഹിജാബ് നിരോധനമെന്നും അഭിഭാഷകന്‍ പി.എസ് സുല്‍ഫിക്കര്‍ മുഖേന ഫയല്‍ ചെയ്ത ഹര്‍ജിയില്‍ സമസ്ത ആരോപിച്ചിരുന്നു.

Test User: