ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജിയില്‍ മെയ് അഞ്ചിന് അന്തിമ വിചാരണ നടക്കുമെന്ന് സുപ്രീം കോടതി. ഇനി തടസമുന്നയിക്കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. വിഷയത്തില്‍ കേന്ദ്രത്തോട് ചൊവ്വാഴ്ചക്കകം പ്രതികരണം അറിയിക്കാന്‍ ആവശ്യപ്പെട്ട കോടതി ഒരാഴ്ചക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാനും നിര്‍ദേശിച്ചു. ഹര്‍ജിക്കാര്‍ക്കായി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദം ആരംഭിക്കും. 2021 ജൂലൈയില്‍ ഹര്‍ജികളില്‍ നോട്ടീസ് പുറപ്പെടുവിക്കവേ, ചീഫ് ജസ്റ്റിസ് നിയമത്തെ കുറിച്ച് വാക്കാല്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിരുന്നു.
ബ്രീട്ടീഷ് കാലത്തെ നിയമം സ്വാതന്ത്ര്യം കിട്ടി എഴുപത്തിയഞ്ചാം വര്‍ഷത്തിലും നിലനിര്‍ത്തേണ്ട കാര്യമുണ്ടോയെന്ന് കോടതി ചോദിച്ചിരുന്നു. മഹാത്മാ ഗാന്ധി, ബാലഗംഗാധര തിലകന്‍ എന്നിവര്‍ക്കെതിരെ പ്രയോഗിച്ച രാജ്യദ്രോഹക്കുറ്റം, സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷത്തിന് ശേഷവും ആവശ്യമുണ്ടോയെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചുകൊണ്ട് കോടതിയുടെ ചോദ്യം. വളരെയധികം ദുരുപയോഗം ചെയ്യപ്പെടുന്ന ഈ നിയമം ഗുരുതരമായ ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. രാജ്യദ്രോഹ നിയമത്തന്റെ സാധുത പരിശോധിക്കുമെന്നും സുപ്രീംകോടതി അറിയിച്ചിരുന്നു.
ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 124 എ വകുപ്പിനെതിരെ റിട്ടയേര്‍ഡ് കരസേന മേജര്‍ ജനറല്‍ എസ് ജി വൊമ്പാട്ട്‌കേരെയും, എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയും സമര്‍പ്പിച്ച ഹര്‍ജികളിലാണ് വാദം കേള്‍ക്കല്‍. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍ കേസില്‍ കക്ഷി ചേരാന്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.ഇന്നലെ വാദത്തിനിടെ തങ്ങളുടെ ഹര്‍ജി ലിസ്റ്റ് ചെയ്തിട്ടില്ലെന്ന് പി.യു.സി.എല്ലിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ എല്ലാവരുടേയും ഹര്‍ജി ലിസ്്റ്റു ചെയ്യുകയാണോ പ്രശ്‌നം തീര്‍ക്കുകയാണോ വേണ്ടതെന്ന് കോടതി ചോദിച്ചു.