ലാവ്ലിന്‍ കേസ് സുപ്രിംകോടതി ഇന്നും പരിഗണിച്ചില്ല.മറ്റുകേസുകള്‍ നീണ്ടുപോയതിനാലാണ് ഇന്ന് പരിഗണിക്കാതിരുന്നത്.ഹരജിയില്‍ അന്തിമ വാദം കേള്‍ക്കല്‍ ഇന്ന് നിശ്ചയിച്ചിരുന്നു.
പല തവണ മാറ്റിവച്ചതിലൂടെ ഏറെ ചര്‍ച്ചയായതാണ് ലാവ്ലിന്‍ അഴിമതി കേസ്. 6 വര്‍ഷമായി നിരന്തരം മാറ്റിവയ്ക്കുന്ന കേസ് എന്ന നിലയിലാണ് ലാവ്ലിന്‍ ഹരജികള്‍ ചര്‍ച്ച ചെയ്യുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിരായ സി.ബി.ഐ അപ്പീലും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹരജികളുമാണ് സുപ്രിംകോടതി പരിഗണിക്കാനിരുന്നത്.
പിണറായി വിജയന്‍ ഉള്‍പ്പെടെ 3 പേരെ വീണ്ടും പ്രതികളാക്കണമെന്നു ആവശ്യപ്പെട്ട് 2017 ഡിസംബറിലാണ് സി.ബി.ഐ സുപ്രിംകോടതിയെ സമീപിക്കുന്നത്. 2018 ജനുവരി ഒന്നിന് നോട്ടീസ് അയച്ചു. കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാനുണ്ടെന്ന കാരണം പറഞ്ഞ് കക്ഷികള്‍ കേസ് മാറ്റിവയ്ക്കാന്‍ അപേക്ഷ നല്‍കാന്‍ തുടങ്ങിയതോടെ വാദം കേള്‍ക്കല്‍ അനന്തമായി നീണ്ടുതുടങ്ങി .
അപ്പീല്‍ നല്‍കിയ സി.ബി.ഐ വരെ മാറ്റിവയ്ക്കണമെന്നു ആവശ്യപ്പെട്ടു . ഇതിനിടയില്‍ കേസ് പരിഗണിച്ച ജസ്റ്റിസുമാരായ എന്‍.വി രമണ, യു.യു ലളിത്, എം ആര്‍ ഷാ എന്നിവര്‍ സുപ്രിംകോടതിയില്‍ നിന്നും വിരമിച്ചു. കേസിന്റെ വാദം പോലും തുടങ്ങാന്‍ കഴിഞ്ഞില്ല. മലയാളി കൂടിയായ ജസ്റ്റിസ് സി.ടി രവികുമാര്‍ പിന്‍മാറിയതോടെയാണ് പുതിയ ബെഞ്ചിലേക്ക് കേസെത്തിയത്.