സപ്ലൈകോ ഔട്ട്ലെറ്റില്‍ സബ് സിഡി സാധനങ്ങള്‍ ഇല്ലെന്ന് എഴുതി പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. കോഴിക്കോട് പാളയത്തെ മാവേലി സ്റ്റോറിലെ ഇന്‍ ചാര്‍ജ് നിതിനെതിരെയാണ് നടപടി. പരിശോധന നടത്തിയപ്പോള്‍ സബ് സിഡി സാധനങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചത് ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ കാണിച്ചാണ് നിതിനെതിരെ നടപടി സ്വീകരിച്ചത്.
അതേസമയം, സപ്ലൈകോയില്‍ എല്ലാ സാധനങ്ങളുമുണ്ടെന്ന മന്ത്രി ജിആര്‍ അനിലിന്റെ അവകാശവാദം തെറ്റാണെന്നാണ് കണ്ടെത്തല്‍. സംസ്ഥാനത്തെ മിക്ക സപ്ലൈകോ ഔട്ട്ലെറ്റുകളിലും 13 അവശ്യസാധനങ്ങളില്ല. മിക്കയിടത്തും ഉള്ളത് നാലോ അഞ്ചോ സാധനങ്ങള്‍ മാത്രമാണ്. പലയിടത്തും അവശ്യസാധനങ്ങളുടെ സ്റ്റോക്ക് തീര്‍ന്നിട്ട് ദിവസങ്ങളായി. തിരുവനന്തപുരത്തെ ഔട്ട്ലെറ്റില്‍ പോലും നാലിലൊന്ന് സാധനങ്ങളില്ല. പഴവങ്ങാടിയിലെ സപ്ലൈ കോയില്‍ 13 ഇനം സബ്സിഡി സാധനങ്ങളില്‍ നിലവിലുള്ളത് മൂന്നെണ്ണം മാത്രമാണ്. കൊല്ലം ജില്ലയിലെ സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ പകുതി സബ്സിഡി സാധനങ്ങളുമില്ല. ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ സബ് സിഡി സാധനങ്ങള്‍ വന്നിട്ടില്ലെങ്കിലും മറ്റ് സാധനങ്ങള്‍ക്ക് 20 ശതമാനം വരെ ഇളവുണ്ട്. ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ സബ്സിഡി ഇല്ലാത്ത സാധനങ്ങള്‍ 500 രൂപയ്ക്ക് മുകളില്‍ വാങ്ങിയാല്‍ സമ്മാന കൂപ്പണും ഏര്‍പ്പെടുത്തിയിട്ടുണ്ട്.