സംസ്ഥാനത്ത് വേനൽ മഴ എത്തിയതോടെ പ്രതിദിന വെെദ്യുതി ഉപയോഗത്തിലും നേരിയ കുറവ്. വേനൽചൂടിന് അൽപ്പമെങ്കിലും ആശ്വാസമായി മഴ എത്തിയതോടെയാണ് പ്രതിദിന വെെദ്യുതി ഉപയോഗത്തിലും കുറവ് വന്നത്.
ഏപ്രിൽ ഒന്ന് മുതൽ ഇങ്ങോട്ട് എല്ലാ ദിവസവും നൂറ് ദശലക്ഷം യൂണിറ്റിന് മുകളിൽ ആയിരുന്നു പ്രതിദിന ഉപയോഗം. എന്നാൽ ഇന്നലെ മാത്രം ഉപയോഗിച്ച വെെദ്യുതിയുടെ കണക്ക് നോക്കിയാൽ അത് 98.69 ദശലക്ഷം യൂണിറ്റായിട്ടുണ്ട്. വെള്ളിയാഴ്ചത്തെ പ്രതിദിന ഉപയോഗം 104. 70 ദശലക്ഷം യൂണിറ്റായിരുന്നു.
അതിനിടെ പീക്ക് ടെെം ആവശ്യകതയിലും കുറവ് വന്നിട്ടുണ്ട്. ഇന്നലത്തെ പീക്ക് ആവശ്യകത 4930 മെഗാവാട്ടാണ്. ഇനിയും മഴ ലഭിക്കുകയാണെങ്കിൽ വെെദ്യുതി ഉപയോഗത്തിൽ കുറവ് ഉണ്ടാകുമെന്നാണ് കണക്ക് കൂട്ടൽ. അതിനിടെ സംസ്ഥാനത്ത് വേനൽ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എന്നാൽ പാലക്കാടും തൃശ്ശൂരും ചൂട് 39 ഡിഗ്രി സെൽഷ്യസിൽ തുടരുകയാണ്.
കണ്ണൂർ, കോഴിക്കോട്, കോട്ടയം, കൊല്ലം ജില്ലകളിലും 37 നു മുകളിലാണ് താപനില. രണ്ട് മുതൽ നാല് ഡിഗ്രി വരെ താപനില ഉയരാനുള്ള സാധ്യതയും പ്രവചിക്കുന്നു. എങ്കിലും കഴിഞ്ഞ കുറച്ച് ആഴചയായി സംസ്ഥാനത്ത് അനുഭവപ്പെട്ട കൊടും ചൂടിന് ആശ്വാസമുണ്ടെന്നാണ് വിലയിരുത്തൽ.