തിരുവനന്തപുരം: ഉരുളെടുത്തവരുടെ അതിജീവനത്തിന്റെ കലാരൂപമായി വേദിയില്‍ നിറഞ്ഞാടി വെള്ളാര്‍മലയിലെ വിദ്യാര്‍ഥികള്‍. ഉരുള്‍ദുരന്തം നാടിനെയാകെ തുടച്ചെടുത്തിട്ടും കരഞ്ഞുനില്‍ക്കാന്‍ മാത്രമല്ല ജീവിതമെന്ന നിശ്ചദാര്‍ഢ്യത്തിന് മുന്നില്‍ സദസ്സൊന്നാകെ ആരവംമുഴക്കി. മേപ്പാടിയിലെ ഉരുള്‍ദുരന്തത്തില്‍ തകര്‍ന്ന വെള്ളാര്‍മല ജി.വി.എച്ച്.എസിലെ വിദ്യാര്‍ഥികളാണ് 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അതിജീവനത്തിന്റെ നൃത്തച്ചുവടുമായെത്തിയത്. ദുരന്തം തകര്‍ത്ത നാടിനെ കൈപിടിച്ചുയര്‍ത്താന്‍ കേരളമക്കള്‍ കൈകോര്‍ത്തതിന്റെ ദൃശ്യസാക്ഷ്യമായി ഉദ്ഘാടന ചടങ്ങിലെ നൃത്തചിചുവടുകള്‍.
ജൂലൈ 30ന് മേപ്പാടിയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തവും തുടര്‍ന്നുണ്ടായ തീരാത്ത വേദനകളും അതിജീവനവുമായിരുന്നു നൃത്തച്ചുവടുകളുടെ പ്രമേയം. അതോടൊപ്പം നാടിന്റെയും വെള്ളാര്‍മല സ്‌കൂളിന്റെയും ചരിത്രവും സംസ്‌കാരവും ഒരുമയും സാഹോദര്യവും കടന്നുവരുന്നു. ‘ചാരത്തില്‍ നിന്ന് ഉയിയര്‍ത്തെഴുന്നേല്‍ക്കുക, ചിറകിന്‍കരുത്താര്‍ന്ന് വാനില്‍ പറക്കുക’ എന്ന് പറഞ്ഞുകൊണ്ടാണ് നൃത്തം പൂര്‍ത്തിയാകുന്നത്.