X

12ാം ക്ലാസിൽ തോറ്റ വിദ്യാർഥിനിക്ക് നീറ്റ് പരീക്ഷക്ക് 705 മാർക്ക്! സംഭവം ഗുജറാത്തിൽ

ചോദ്യ പേപ്പര്‍ ചോര്‍ച്ചയടക്കം 2024ലെ നീറ്റ് യു.ജി പരീക്ഷക്കെതിരെ നിരവധി വിവാദങ്ങളാണ് മോദി സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഉയര്‍ന്നിട്ടുള്ളത്. അതിനെ സാധൂകരിക്കുന്ന നിരവധി വിവരങ്ങളും പുറത്തുവന്നിരുന്നു. അതിലൊന്നാണ് ഗുജറാത്തില്‍ 12ാം ക്ലാസില്‍ പരാജയപ്പെട്ട വിദ്യാര്‍ഥിനിക്ക് നീറ്റ് പരീക്ഷയില്‍ 705 മാര്‍ക്ക് ലഭിച്ച സംഭവം.

നിരവധിയാളുകളാണ് സാമൂഹിക മാധ്യമങ്ങളില്‍ വിദ്യാര്‍ഥിനിയുടെ 12ംാ ക്ലാസ് മാര്‍ക്ക് ലിസ്റ്റും നീറ്റ് യു.ജി എന്‍ട്രന്‍സ് പരീക്ഷയിലെ സ്‌കോറും പങ്കുവെച്ചത്. എന്തൊരു വൈരുധ്യമാണിത് എന്നാണ് പലരും അഭിപ്രായപ്പെട്ടത്. അഹ്മദാബാദില്‍ നിന്നുള്ള പെണ്‍കുട്ടി കോച്ചിങ് സെന്ററില്‍ ചേര്‍ന്നാണ് പഠിച്ചിരുന്നത്. കോച്ചിങ് സെന്ററിലെ വിദ്യാര്‍ഥിയായിരിക്കുമ്പോഴും വിദ്യാര്‍ഥി സമീപത്തെ സ്‌കൂളിലെ ഡമ്മി വിദ്യാര്‍ഥിനിയുമായിരുന്നു.

12ാം ക്ലാസ് പരീക്ഷയില്‍ ഫിസിക്‌സിന് 21ഉം കെമിസ്ട്രിക്ക് 39ഉം ബയോളജിക്ക് 59 ഉം മാര്‍ക്കാണ് പെണ്‍കുട്ടിക്ക് ലഭിച്ചത്. കുട്ടിയുടെ രക്ഷിതാക്കള്‍ ഡോക്ടര്‍മാരാണ്. കുട്ടിയുടെ മോശം പഠനനിലവാരത്തില്‍ രക്ഷിതാക്കള്‍ക്ക് കടുത്ത ആശങ്കയുണ്ടായിരുന്നുവെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

രണ്ടുമാസത്തിനുള്ളില്‍ കോച്ചിങ് ക്ലാസില്‍ നിന്നും പെണ്‍കുട്ടി പുറത്താക്കപ്പെട്ടു. എന്നാല്‍ നീറ്റ് പരീക്ഷയില്‍ കുട്ടി 720 ല്‍ 705 മാര്‍ക്ക് നേടിയപ്പോള്‍ പലരും ഞെട്ടി. നീറ്റ് സ്‌കോര്‍ പ്രകാരം കുട്ടിക്ക് ഫിസിക്‌സിന് 99.8 ശതമാനവും കെമിസ്ട്രിക്ക് 99.1 ശതമാനവും ബയോളജിക്ക് 99.9 ശതമാനവും മാര്‍ക്കാണ് ലഭിച്ചത്. നീറ്റ് സ്‌കോര്‍ അനുസരിച്ച് ഈ വിദ്യാര്‍ഥിക്ക് ഇന്ത്യയിലെ പ്രമുഖ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം ഉറപ്പാണെങ്കിലും 12ാം ക്ലാസ് പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് പോലും ലഭിക്കാത്തത് അതിന് തടസ്സമായി.

webdesk13: