ലക്‌നൗ: ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിയമ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തി മൃതദേഹം ബാഗിലാക്കി അഴുക്കുചാലില്‍ എറിഞ്ഞു. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു. 27കാരനായ യാഷ് റൊസ്താഗിയാണ് കൊല്ലപ്പെട്ടത്. ജൂണ്‍ 27 മുതല്‍ ഇയാളെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുള്‍ നിവര്‍ന്നത്. ഷവേജ്, ഇമ്രാന്‍, സല്‍മാന്‍ എന്നിവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. 250ഓളം സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചതില്‍ നിന്നാണ് കേസിന് തുമ്പുണ്ടായത്. സ്വവര്‍ഗരതിക്കാരനായ റൊസ്താഗി പ്രതികളെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി കൊല്ലപ്പെട്ടയാള്‍ പ്രതികളെ ബ്ലാക് മെയില്‍ ചെയ്യുകയായിരുന്നു. ഇതേതുടര്‍ന്ന് 40,000 രൂപ പ്രതികള്‍ ഇയാള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ ഇതിനു ശേഷവും ബ്ലാക് മെയിലിങ് തുടര്‍ന്നതോടെയാണ് കൊലപ്പെടുത്തി മൃതദേഹം അഴുക്കുചാലില്‍ ഉപേക്ഷിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.