കോണ്‍ഗ്രസിന്റെ പുതിയ ആസ്ഥാന മന്ദിരം സാധാരണ മന്ദിരമല്ല എന്നും രാജ്യത്തെ ലക്ഷക്കണക്കിന് പേരുടെ ത്യാഗത്തിന്റെ പ്രതീകമാണ് എന്നും രാഹുല്‍ ഗാന്ധി എംപി. മന്ദിരം ഉദ്ഘാടനം ചെയ്ത ശേഷം തിരഞ്ഞെടുക്കപ്പെട്ട നേതാക്കളെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍ ഗാന്ധി.
പ്രസംഗത്തില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ ‘സ്വാതന്ത്ര്യ’ പരാമര്‍ശത്തെയും രാഹുല്‍ വിമര്‍ശിച്ചു. ആര്‍എസ്എസ് മേധാവി 1947ല്‍ സ്വാതന്ത്ര്യം ലഭിച്ചില്ല എന്നാണ് പറഞ്ഞത്. രാമക്ഷേത്ര നിര്‍മാണത്തിന് ശേഷമാണ് സ്വാതന്ത്ര്യം കിട്ടിയതെന്ന് മോഹന്‍ ഭാഗവത് പറയുന്നു. ഇതിലൂടെ ഭരണഘടന സ്വാതന്ത്ര്യത്തിന്റെ പ്രതീകമല്ല എന്നാണ് മോഹന്‍ ഭഗവത് പറഞ്ഞുവെക്കുന്നത് എന്നും രാഹുല്‍ വിമര്‍ശിച്ചു.
ഭരണഘടന എന്ന കോണ്‍ഗ്രസിന്റെ ആശയവും ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രവും തമ്മിലാണ് ഇപ്പോള്‍ പോരാട്ടമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്ത് ഇപ്പോള്‍ ഏകാധിപത്യത്തിനാണ് മുന്‍തൂക്കം. ഇതിനെല്ലാം തടയിടാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയുകയുള്ളു എന്നും രാഹുല്‍ പറഞ്ഞു. തുടര്‍ന്ന് പ്രസംഗിച്ച മല്ലികാര്‍ജുന്‍ ഖാര്‍ഗെ പുതിയ ആസ്ഥാനമന്ദിരത്തിലെ ലൈബ്രറി ഹാളിന് മന്‍മോഹന്‍ സിങിന്റെ പേര് നല്‍കുകയാണെന്ന് അറിയിച്ചു.