കൗമാര കേരളത്തിന്റെ കുതിപ്പിന് സാക്ഷ്യംവഹിച്ച് അഞ്ചു ദിനങ്ങളിലായി നടന്ന സംസ്ഥാന സ്‌കൂള്‍കായിക മേളക്ക് എറണാകുളത്ത് തിരശ്ശില വീണിരിക്കുകയാണ്. തിരുവനന്തപുരം ജില്ല ഓവറോള്‍ ചാംപ്യന്മാരായപ്പോള്‍ തൃശൂര്‍ രണ്ടാമതും മലപ്പുറം മൂന്നാമതും ഫിനിഷ് ചെയ്തു. അത്‌ലറ്റിക്‌സില്‍ ചരിത്രത്തിലാധ്യമായി മലപ്പുറം കനകക്കിരീടം ചൂടിയപ്പോള്‍ പാലക്കാട് രണ്ടാമതും എറണാകുളം മുന്നാമതും എത്തി. ഗെയിംസ് ഇനത്തില്‍ തിരുവനന്തപുരം ഒന്നാമതെത്തിയപ്പോള്‍ തൃശൂര്‍, കണ്ണൂര്‍ ജില്ലകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. സ്‌കൂള്‍ വിഭാഗത്തില്‍ മലപ്പുറം കടകശ്ശേരി ഐഡിയല്‍ സ്‌കൂള്‍ ചാമ്പ്യന്‍മാരായപ്പോള്‍ മലപ്പുറം ജില്ലയിലെ തന്നെ നാവാമുകുന്ദ എച്ച്.എസ്.എസ് തിരുനാവായ ആണ് രണ്ടാമത്. ഏറണാകുളം കോതമംഗലം മാര്‍ ബേസില്‍ സ്‌കൂള്‍ മൂന്നാം സ്ഥാനത്തായി. രണ്ട് ദേശീയ റെക്കോഡ് ഉള്‍പ്പെടെ ഒമ്പത് റെക്കോഡുകള്‍ പിറന്ന മേള ഇത്തവണ സ്‌കൂള്‍ ഗെയിസം എന്നപേരില്‍ നിരവധി മാറ്റങ്ങളോടയാണ് അരങ്ങേറിയത്. സിനിയര്‍ ആണ്‍വിഭാഗം ഡിസ്‌കസ് ത്രോ, ഷോട്ട്പുട്ട് എന്നീ ഇനങ്ങളില കാസര്‍കോടിന്റെ കെ.സി സെര്‍വന്‍, 3000, 1500 മീറ്റര്‍ ഓട്ടത്തില്‍ മലപ്പുറത്തിന്റെ മുഹമ്മദ് അമീന്‍, പോള്‍വോള്‍ട്ടില്‍ എറണാകുളത്തിന്റെ ശിവദേവ് രാജീവ്, 400 മീറ്റര്‍ ഓട്ടത്തില്‍ തിരുവനന്തപുരം ജി.വി രാജയുടെ മുഹമ്മദ് അഷ്ഫാഖ്, 110 മീ.ഹര്‍ഡില്‍സില്‍ ത്യശൂരിന്റെ വിജയകൃഷ്ണ, പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ എറണാകുളത്തിന്റെ ജീനാ ബേസില്‍, 100 റിലേയില്‍ ജൂനിയര്‍ ആണ്‍വിഭാഗത്തില്‍ ആലപ്പുഴ ടീം എന്നിവരാണ് റെക്കോര്‍ഡില്‍ മുത്തമിട്ട് മീറ്റിന്റെ താരങ്ങളും സംസ്ഥാനത്തിന്റെ പ്രതീക്ഷകളുമായിരിക്കുന്നത്.
കായികമേളയുടെ ഗ്ലാമര്‍ ഇനമായ അത്‌ലറ്റിക്‌സില്‍ നിലവിലെ ചാമ്പ്യന്മാരായ പാലക്കാടിനെ രണ്ടാം സ്ഥാനത്തേക്ക് പിന്‍തള്ളി മലപ്പുറം ജില്ല ജേതാക്കളാകുമ്പോള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജില്ല പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന ഉജ്വല പോരാട്ടവീര്യത്തിന്റെ പൂര്‍ത്തികരണമായി അതുമാറിയിരിക്കുകയാണ്. സ്‌കൂള്‍ വിഭാഗത്തില്‍ ജേതാക്കളായ ഐഡിയല്‍ കടകശ്ശേരിക്കൊപ്പം തിരുനാവായ നവമുകുന്ദയുമാണ് ഈ നിര്‍ണായക നേട്ടത്തില്‍ മലപ്പുറത്തിന്റെ ചുക്കാന്‍ പിടിച്ചിരിക്കുന്നത്. പഠന രംഗത്തെന്ന പോലെ പാഠ്യേതര രംഗത്തും മലപ്പുറം നടത്തിക്കൊണ്ടിരിക്കുന്ന ഉജ്വലമായ മുന്നേറ്റത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി മാറിയിരിക്കുകയാണ് കായികോത്സവത്തിലെ അവരുടെ പ്രകടനം. സ്‌കൂള്‍ കലോത്സവങ്ങളിലെ ജില്ലയുടെ മുന്നേറ്റവും ഈ നേട്ടങ്ങളെ അനുസ്മരിപ്പിക്കുന്നതാണ്. അധ്യാപകരും വിദ്യാര്‍ത്ഥികളും മാനേജ്‌മെന്റും പ്രാദേശിക ഭരണ സംവിധാനങ്ങളും ചേര്‍ന്നുള്ള അര്‍പ്പണ ബോ ധത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് വിസ്മയകരമായ മുന്നേറ്റത്തിന്റെനിദാനം. തുടര്‍പഠനത്തിന് സൗകര്യം ഒരുക്കിക്കൊടുക്കുന്നതിലുള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ ചിറ്റമ്മ നയം സ്വീകരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തുകൊണ്ടുള്ള വിസ്മയകരമായ ഈ നേട്ടമെന്നതില്‍ ജില്ല പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.
മേളയുടെ സമ്മാനദാനച്ചടങ്ങിനിടെയുണ്ടായ അസ്വാരസ്യങ്ങള്‍ ദൗര്‍ഭാഗ്യകരമായി എന്നകാര്യം അവിതര്‍ക്കിതമാണ്. അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ജാഗ്രതക്കുറവാണ് പ്രതിഷേധത്തിനും വിദ്യാര്‍ത്ഥികളും പൊലീസും തമ്മിലുള്ള കൈയാങ്കളിയിലേക്കുമെല്ലാം നയിച്ചത്. സ്‌പോര്‍ട്സ് സ്‌കൂളുകളെ കിരീടത്തിന് പരിഗണിച്ചതിനെ തുടര്‍ന്നാണ് ജനറല്‍ സ്‌കൂളുകള്‍ പ്രതിഷേധമുയര്‍ത്തിയത്. ജിവി രാജ സ്‌കൂളിന് രണ്ടാം സ്ഥാനം നല്‍കിയതിന് പിന്നില്‍ ഉദ്യോഗസ്ഥരുടെ കളിയുണ്ടെന്ന പരാതിയും ഉയരുകയുണ്ടായി. ലഭിച്ച ട്രോഫി തിരിച്ചു നല്‍കാമെന്ന് അവര്‍ അറിയിച്ചതും പ്രതിഷേധത്തെത്തുടര്‍ന്ന് സമാപനച്ചടങ്ങുകള്‍ പെട്ടെന്ന് അവസാനിപ്പിക്കേണ്ടിവന്നതും നടത്തിപ്പിലെ വീഴ്ച്ചതന്നെയാണ്. സ്‌കൂള്‍ കായിക രംഗത്തും, ഓപ്പണ്‍മിറ്റുകളിലുമെല്ലാം ദേശീയ രംഗത്ത് കിരീടംവെക്കാത്ത രാജക്കന്മാരായിരുന്ന കേരളം സമീപകാലത്തായി അതിദാരുണമാംവിധം പിന്നോട്ടടിച്ചുകൊണ്ടിരിക്കുകയാണ്. ഈ രംഗത്ത് ഒരു മേല്‍വിലാസവുമില്ലാതിരുന്ന നമ്മുടെ അയല്‍ക്കാരായ കര്‍ണാടകയും തമിഴ്നാടുമല്ലാം വന്‍കുതിച്ചു ചാട്ടം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് കേരളത്തിന്റെ ഈ കിതപ്പ്. പ്രതിഭകളുടെ പഞ്ഞമല്ല, ഭരണകൂടങ്ങളുടെ സമീപനം തന്നെയാണ് ഈ പിന്നോക്കാവസ്ഥക്ക് കാരണമെന്ന് ഇന്നലെ കൊടിയിറങ്ങിയ സംസ്ഥാന സ്‌കൂള്‍ കായികമേളയും തെ ളിയിച്ചിരിക്കുകയാണ്. ദേശീയ റെക്കോര്‍ഡുകളും മിറ്റ്‌റെക്കോര്‍ഡുകളുമെല്ലാം നിരവധി തവണ തിരുത്തിക്കുറിച്ച ഈ പ്രതിഭകള്‍ നമ്മുടെ കായിക മേലാധികാരികള്‍ക്ക് നല്‍കുന്നത് വലിയ ടാസ്‌കുകളാണ്. അവര്‍ക്കാവശ്യമായ പിന്തുണയും പ്രോത്സാഹനവും നല്‍കി നാളെയുടെ താരങ്ങ ളാക്കിമാറ്റുകയെന്നതാണ് അത്. ഈ ഉത്തരവാദിത്തെ അധിക്യതര്‍ എങ്ങിനെ സമിപിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും കേരളത്തിന്റെ കായികമുന്നേറ്റം.