ഗുസ്തി ഫെഡറേഷനില്‍ പീഡനക്കേസ് പ്രതിയായ ബിജെപി എം.പി ബ്രിജ് ഭൂഷണ്‍ന്റെ വിശ്വസ്തന്റെ നിയമനത്തില്‍ പ്രതിഷേധിച്ച് കായികതാരങ്ങള്‍ അവാര്‍ഡുകള്‍ തിരിച്ചുനല്‍കിയതിനെതിരെ ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ്. അവാര്‍ഡുകള്‍ തിരികെ നല്‍കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് അനില്‍ വിജ് പറഞ്ഞു.
‘അവാര്‍ഡുകള്‍ തിരിച്ചുനല്‍കുന്ന ഈ തന്ത്രങ്ങള്‍ അവസാനിപ്പിക്കണം. പല താരങ്ങളും അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. അവരുടെ അവാര്‍ഡുകള്‍ ഏത് സംഘടന നല്‍കിയാലും തിരിച്ചെടുക്കാന്‍ കഴിയില്ല. അവാര്‍ഡുകള്‍ നമ്മുടെ രാജ്യത്തോടുള്ള ആദരം കൂടിയാണ്. അത് തിരിച്ചുനല്‍കുന്നതിനെക്കുറിച്ച് ചിന്തിക്കരുത്’ അനില്‍ വിജ് പറഞ്ഞു.
ഒളിമ്പിക് മെഡല്‍ ജേത്രിയായ സാക്ഷി മാലിക്ക് തന്റെ ഗുസ്തി അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചതിനു പിന്നാലെ, പുരുഷ താരം ബജ്രംഗ് പുനിയ പത്മശ്രീ പുരസ്‌കാരം തിരിച്ചുനല്‍കിയിരുന്നു. തനിക്കു ലഭിച്ച മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്‌ന പുരസ്‌കാരവും അര്‍ജുന അവാര്‍ഡും തിരികെ നല്‍കുമെന്ന് മറ്റൊരു ഗുസ്തി താരമായ വിനേഷ് ഫോഗട്ടും പ്രഖ്യാപിച്ചിരുന്നു. ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയര്‍പ്പിച്ച് പത്മശ്രീ പുരസ്‌കാരം തിരികെ നല്‍കുമെന്ന് മുന്‍ ഗുസ്തി താരം വിരേന്ദര്‍ സിങ്ങും അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപി മന്ത്രിയുടെ പ്രസ്താവന.