-ടി.കെ ഷറഫുദ്ദീന്‍
‘ഞാന്‍ ഒരിക്കല്‍പോലും ചിന്തിച്ചിരുന്നില്ല…. ഈ ചക്രങ്ങള്‍ ആയിരിക്കും എന്റെ ജീവിത യാത്രയില്‍, സുന്ദരമായ കാഴ്ചകളിലേക്ക് എന്നെ നടത്തുന്ന കാലുകളായി മാറുകയെന്ന്’… മസിലുകള്‍ക്ക് ബലക്ഷയം സംഭവിക്കുന്ന സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ച് വീല്‍ചെയറിലേക്ക് വിധി കൊണ്ടെത്തിച്ച കൊടുങ്ങല്ലൂര്‍ സ്വദേശിനി വീണ വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണിത്… രണ്ട് വര്‍ഷം മുന്‍പ് വിധി നല്‍കിയ വേദനയുടെ പേരില്‍ തളര്‍ന്നിരിക്കാന്‍ അവള്‍ തയാറായിരുന്നില്ല… പരിമിതികളെ മറികടന്ന് സ്വപ്നങ്ങളിലേക്ക് കുതിച്ച ഈ പെണ്‍കുട്ടിയിപ്പോള്‍ ഇന്ത്യയിലെ ആദ്യത്തെ വീല്‍ചെയര്‍ ടിവി അവതാരക എന്ന ചരിത്രനേട്ടത്തിലാണ്.. ദൃഢനിശ്ചയവും ആത്മവിശ്വാസവും കൈമുതലാക്കി ചക്രകസേരയിലിരുന്ന് സ്വപ്നംകാണാന്‍ പഠിപ്പിക്കുകയും തന്റെലക്ഷ്യങ്ങളിലേക്കുള്ള പ്രയാണം നടത്തികൊണ്ടിരിക്കുകയും ചെയ്യുന്ന വീണ വേണുഗോപാലിന്റെ ജീവിതത്തിലേക്ക്
വീല്‍ചെയര്‍ ജീവിതത്തിലേക്ക് എത്തിപ്പെട്ടത്
-കുട്ടിക്കാലം മുതലേ പിന്തുടരുന്ന ശാരീരിക പ്രയാസം പിന്നീട് ജീവിതത്തെ മാറ്റിമറിക്കുന്ന നൊമ്പരമായി മാറുകയായിരുന്നു. ചെറിയക്ലാസില്‍ പഠിക്കുന്ന സമയംമുതലേ നടത്തത്തില്‍ പ്രശ്‌നം നേരിട്ടു. കുറച്ച് ദൂരം സഞ്ചരിച്ചാല്‍ വീണുപോകുന്ന അവസ്ഥ. പടികള്‍ കയറാനും ഇരുന്ന്എഴുന്നേല്‍ക്കാനുമെല്ലാം ബുദ്ധിമുട്ടുണ്ടായി. മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു അന്നൊക്കെ സ്‌കൂളില്‍ പോയിരുന്നത്. ചികിത്സനടത്തിയെങ്കിലും കാര്യമായമാറ്റമുണ്ടായില്ല. അല്‍പം ശ്രദ്ധചെലുത്തിയാല്‍ നടക്കാമായിരുന്നു അന്നൊക്കെ.
കാലക്രമേണെ മസിലുകള്‍ക്ക് ബലക്ഷയം കുറഞ്ഞുവരികയാണെന്ന തിരിച്ചറിവിലെത്തിയത് എസ്.എന്‍.എം കോളജ് മാലിയങ്കരയില്‍ പി.ജി പഠനത്തിന് ശേഷമായിരുന്നു. 2017 അവസാനത്തില്‍ പൂര്‍ണമായി വീല്‍ചെയറിലേക്ക് മാറേണ്ടിവന്നു. തനിക്കിനി പഴയതുപോലെ നടക്കാനാവില്ലെന്നറിഞ്ഞതോടെ മാനസികമായി തളര്‍ന്നുപോയി. ജീവിതത്തില്‍ നിന്ന് ഉള്‍വലിയാനാണ് ആദ്യം വീണ ശ്രമിച്ചത്. കുറച്ചുസമയമെടുത്തു അതില്‍ നിന്നും മോചിതയായി തിരിച്ചുവരാന്‍.
വഴിത്തിരിവായി മൊബിലിറ്റി ഇന്‍ ഡിസ്‌ട്രോഫി(മൈന്‍ഡ്)
-ജീവിതത്തില്‍ ഇനിയെന്ത് എന്ന് ചിന്തയില്‍ നില്‍ക്കുമ്പോഴാണ് മൊബിലിറ്റി ഇന്‍ ഡിസ്‌ട്രോഫി(മൈന്‍ഡ്)എന്ന സംഘടന ജീവിതത്തിലെ വഴിത്തിരിവായി എത്തിയത്. വീല്‍ചെയറിലേക്ക് ജീവിതം ചുരുങ്ങിയിട്ടും വലിയ സ്വപ്നങ്ങള്‍ കാണുന്ന, പ്രതീക്ഷയോടെ മുന്നോട്ട്‌പോകുന്ന വ്യക്തികളുടെ കൂട്ടായ്മ. മൈന്‍ഡിലെ പി.എസ് കൃഷ്ണകുമാര്‍ ചേട്ടനുമായുള്ള സൗഹൃദം ചിന്തകളെ മാറ്റിമറിച്ചെന്ന് വീണ പറയുന്നു. തന്റെ സമാനമായ അവസ്ഥയിലുള്ള അദ്ദേഹത്തിന്റെ അറിവുകളും വാക്കുകളും വലിയപ്രതീക്ഷ നല്‍കുന്നതായിരുന്നു.
വ്യത്യസ്ത കഴിവുള്ളവര്‍, ജീവിതത്തെ പോസറ്റീവായി മാത്രം കണ്ടിരിക്കുന്നവര്‍ ഇവരുമായുള്ള സഹവാസം പുതിയൊരു കാഴ്ചപ്പാടാണ് ഈ പെണ്‍കുട്ടിയിലുണ്ടാക്കിയത്. നമുക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് കരുതിയിടത്ത് സാധ്യമാണ് പലതും എന്ന ചിന്തയിലേക്ക് കൂട്ടികൊണ്ടുപോയി മൈന്‍ഡ്. ജീവിതം എങ്ങനെ അര്‍ത്ഥവത്തായി പ്രയോചനപ്പെടുത്താമെന്ന് ചിന്തിച്ചുതുടങ്ങിയതും ഇവിടെനിന്നാണ്.
ഇന്ത്യയിലെ ആദ്യ ടി.വി വീല്‍ചെയര്‍ അവതാരക എന്ന ലക്ഷ്യത്തിലേക്ക്
-വീല്‍ചെയര്‍ ടിവി അവതാരകയാകണമെന്ന ആഗ്രഹം വീണ ആദ്യം പങ്കുവെച്ചത് മൈന്‍ഡ് സംഘടനയിലുള്ളവരുമായാണ്. വലിയപിന്തുണയാണ് എല്ലാവരില്‍നിന്നുമുണ്ടായത്. മാനസികമായി ആത്മവിശ്വാസമേകി ഇവരുടെ വാക്കുകള്‍. പിന്നീട് ഒരുവര്‍ഷകാലം സ്വപ്നത്തിലേക്കുള്ള ശ്രമത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പ്രവാസി വിഷന്‍ ഓണ്‍ലൈന്‍ ചാനലില്‍ ആദ്യഅവസരം ലഭിച്ചു. ഫ്‌ളോറില്‍ എങ്ങനെ നില്‍ക്കണമെന്നും ക്യാമറയെ അഭിമുഖീകരികരിക്കണ്ടതിനെകുറിച്ചുമെല്ലാം വ്യക്തത ലഭിച്ചത് ഇവിടെനിന്നായിരുന്നു. പിന്നീട് ഗുഡ്‌നസ് ടിവിയിലേക്ക് ക്ഷണമെത്തിയത് ചരിത്രനേട്ടത്തിലേക്കുള്ള ആദ്യപടിയായി. ഈകഴിഞ്ഞ ഓണത്തിന് ഗുഡ്‌നസ് ടിവിയില്‍ ഓണവിശേഷങ്ങള്‍ പങ്കുവെക്കുന്ന പരിപാടിയുടെ ആംഗറായി അവസരംലഭിച്ചതോടെ അതിജീവനത്തിന്റെ ആദ്യസ്വപ്ന സാക്ഷാത്കാരം.
പ്രോഗ്രാം ചെയ്തതിന് ശേഷമാണ് തിരിച്ചറിഞ്ഞത് ഇന്ത്യയില്‍തന്നെ വീല്‍ചെയറില്‍ അവതാരകയായി പ്രത്യക്ഷപ്പെടുന്ന ആദ്യപെണ്‍കുട്ടിയാണെന്നത്. ഒരുപാട്‌പേര്‍ അഭിനന്ദനവുമായെത്തി. വീല്‍ചെയറില്‍ ജീവിക്കുന്ന നിരവധി കുട്ടികളുടെ മാതാപിതാക്കള്‍ ഇവര്‍ക്കെല്ലാം പ്രചോദനമാണെന്ന് അഭിപ്രായം പങ്കുവെച്ചതോടെ താന്‍ എടുത്ത പരിശ്രമത്തിന് ഫലമുണ്ടായെന്ന് തിരിച്ചറിഞ്ഞു. സമൂഹത്തില്‍ തങ്ങളെ അംഗീകരിക്കാന്‍ മടിക്കുന്ന വിഭാഗത്തിന്റെ കാഴ്ചപ്പാട് മാറ്റിയെടുക്കുക കൂടിയുണ്ടായിരുന്നു ഈ ഉദ്യമത്തിന് പിന്നില്‍.
പാക്കിസ്ഥാന്‍ മോട്ടിവേഷന്‍ സ്പീക്കര്‍ മുനീബ മസാരി പ്രചോദനമായത്
-ജീവിതത്തിലെ നിര്‍ണായകഘട്ടത്തില്‍ നേരിട്ട പ്രയാസത്തില്‍ തളര്‍ന്നിരിക്കുന്നവള്‍ക്ക് മുന്നില്‍ ആത്മവിശ്വാസം പകരുന്ന വാക്കുകളുമായി വീട്ടുകാരും സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. പുസ്തകങ്ങളും മോട്ടിവേഷന്‍ പ്രസംഗങ്ങളും വീഡിയോകളുമെല്ലാം വീണയ്ക്ക് മുന്നിലെത്തി. അങ്ങനെയൊരിക്കല്‍ ലഭിച്ച ലേഖനമായിരുന്നു പാക്കിസ്ഥാന്‍ മോട്ടിവേഷന്‍ സ്പീക്കര്‍ മുനീബ മസാരിയുടെ ‘ടേണിംഗ് അഡൈ്വസിറ്റീസീസ് ഇന്‍ടു ഓപ്പര്‍ച്യൂണിറ്റീസ്’. യൗവനത്തിന്റെ തുടക്കത്തില്‍ അപ്രതീക്ഷിത ദുരന്തം ജീവിതം തകര്‍ത്തെങ്കിലും ചക്രകസേരയില്‍ സഞ്ചരിച്ച് നഷ്ടസൗഭാഗ്യങ്ങള്‍ ഓരോന്നായി തിരിച്ചുപിടിച്ച ഉരുക്കുവനിത.
തന്റെ ജീവിതത്തിലെ മാറ്റത്തിനുള്ള തുടക്കം അവിടെനിന്നായിന്നുവെന്ന് പറയുന്ന വീണ, മുനീബയ്ക്ക് അവരുടെ നാട്ടില്‍ സാധ്യമാണെങ്കില്‍ ഇവിടെയും മാറ്റംകൊണ്ടുവരാനാകുമെന്ന് ഉറച്ചുവിശ്വസിക്കുന്നു. പിന്നീടുള്ളതെല്ലാം സ്വപ്നത്തിലേക്കുള്ള ചുവടുവെപ്പുകളായിരുന്നു.
മാറിവരേണ്ടതുണ്ട്… കാഴ്ചപാടുകള്‍ ചിന്തകള്‍
-വീല്‍ചെയര്‍ സൗഹൃദമായിട്ടില്ല ഇനിയും നമ്മുടെ നഗരങ്ങളും പൊതു ഇടങ്ങളും. ബീച്ചിലും പാര്‍ക്കിലും മറ്റുസ്ഥലങ്ങളിലും പരസഹായമില്ലാതെ സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടെന്ന് സ്വന്തം അനുഭവവെളിച്ചെത്തില്‍ വീണ പറയുന്നു. സ്റ്റെപ്പുകള്‍ക്ക് പുറമെ വീല്‍ചെയറില്‍വരുന്നവര്‍ക്ക് സ്വതന്ത്രമായി ഉപയോഗിക്കാവുന്നവിധത്തില്‍ റാമ്പുകള്‍ സ്ഥാപിക്കുമെന്ന് അധികാരികള്‍ പറയുന്നുണ്ടെങ്കിലും ഭൂരിഭാഗം സ്ഥലങ്ങളിലും ഇതുവരെ നടപ്പായില്ല. ഇന്നും പലയിടത്തും എത്താനാകാതെ തിരിച്ചുപോരേണ്ട അവസ്ഥയുണ്ടായി.
വാഹനം ഡ്രൈവ് ചെയ്യണം, യാത്രപോകണം, സ്വന്തമായൊരു ജോലി
-യാത്രയെ ഏറെഇഷ്ടപ്പെടുന്നയാളാണ് വീണ വേണുഗോപാല്‍….തന്റെ പരിമിതികള്‍ അതിനൊരു തടസമാകുന്നില്ലെന്ന് അവള്‍ ഉറച്ചശബ്ദത്തില്‍ പറയു#്‌നു. ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് അനായാസം കൈകാര്യം ചെയ്യാവുന്ന വിധത്തില്‍ മോഡിഫൈ ചെയ്ത വാഹനങ്ങള്‍വരെ ഇന്ന് വിപണിയിലുണ്ട്. നിരവധിപേരാണ് ഇത്തരം വാഹനങ്ങളില്‍ ദീര്‍ഘയാത്രയടക്കംപോയി ചരിത്രംകുറിച്ചത്. ഇതെല്ലാം പ്രചോദനമാണ്. സ്വന്തമായൊരു ജോലി വലിയൊരു സ്വപ്നമായി കൊണ്ടുനടക്കുന്നു. അതിനായുള്ള പരിശ്രമവും തുടരുന്നു. ഇതോടൊപ്പം തനിക്ക് താങ്ങുംതണലുമായ മൈന്‍ഡ് സംഘടനയുമായി ചേര്‍ന്ന് വിവിധ പ്രവര്‍ത്തനങ്ങളുമായി സജീവമാകുകയും വേണം… ഒരുനിമിഷംപോലും വെറുതെയിരിക്കാതെ അവള്‍ ജീവിതയാത്രയിലെ തിരക്കുകളിലേക്ക്..