ലോസ്ആഞ്ചല്‍സ്: 95 മത് ഓസ്‌കര്‍ പുരസ്‌കാരവേദിയില്‍ ഇന്ത്യയെ നേട്ടത്തിന്റെ നെറുകയില്‍ എത്തിച്ചതില്‍ കാര്‍ത്തികി ഗോണ്‍സാല്‍വസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ദ എലഫന്റ് വിസ്പറേഴ്‌സ് എന്ന ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിമിന് ഏറെ പങ്കുണ്ട്. രഘു എന്ന അനാഥനായ ആനക്കുട്ടിക്ക് ആദിവാസി ദമ്പതികളായ ബെല്ലിയും ബൊമ്മനുമായുള്ള അഭേദ്യമായ ആത്മബന്ധത്തിന്റെ കഥപറഞ്ഞാണ് കാര്‍ത്തികി ഗോണ്‍സാല്‍വസ് ഈ ചിത്രമൊരുക്കിയത്.
2022 ഡിസംബര്‍ 8ന് നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ചിത്രം റിലീസായത്.നീണ്ട അഞ്ചു വര്‍ഷം കാട്ടുനായ്ക്കര്‍ ഗോത്രത്തില്‍പ്പെട്ട ഒരു കുടുംബത്തെ പിന്തുടര്‍ന്ന് പഠിച്ച ശേഷമാണ് കാര്‍ത്തികി ഡോക്യൂമെന്ററി ചിട്ടപ്പെടുത്തിയത്. ആ കുടുംബത്തിന്റെ ഭാഗമായിരുന്നു രഘു എന്ന ആന. കാര്‍ത്തികി ആദ്യമായി കാണുമ്പോള്‍ രഘുവിന് മൂന്ന് മാസം മാത്രമാണ് പ്രായം. തമിഴ്‌നാട്ടിലെ മുതുമലൈ ദേശീയ ഉദ്യാനത്തിലാണ് ഡോക്യുമെന്ററി ചിത്രീകരിച്ചിരിക്കുന്നത്. ഗോത്ര വര്‍ഗക്കാരും പ്രകൃതിയുമായുള്ള ബന്ധവും മനുഷ്യനും മൃഗവും തമ്മിലുള്ള ബന്ധവും അനിതര സാധാരണമായ ദൃശ്യസൗന്ദര്യത്തോടെ ഇതില്‍ കടന്നുവരുന്നു. ഗുനീത് മോംഗയാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
ഊട്ടി സ്വദേശിയാണ് കാര്‍ത്തികി ഗോണ്‍സാല്‍വസ്. ഈ വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്ന് ഓസ്‌കര്‍ നേടുന്ന ആദ്യ ചിത്രമാണ് ദ എലഫന്റ് വിസ്പറേഴ്‌സ്.മുതമല വന്യജീവി സങ്കേതത്തിന്റെ ഭാഗമായ തെപ്പക്കാട് ആന പരിശീലന കേന്ദ്രത്തിലെ പരിശീലകരാണ് ബൊമ്മനും ബെല്ലിയും. ശരീരമാകെ പരിക്കേറ്റ് കാട്ടില്‍ ഒറ്റപ്പെട്ടുപോയ നിലയിലാണ് വനപാലകര്‍ കാട്ടുനായ്ക്ക വിഭാഗത്തില്‍പെട്ട ആദിവാസി ദമ്പതിമാരുടെ അടുത്തെത്തിക്കുന്നത്. തുടര്‍ന്നങ്ങോട്ട് രഘു അവരുടെ ജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു.