സംസ്ഥാനത്ത് കെ-റെയില്‍ പദ്ധതിക്കെതിരെ ശക്തമായ സമരം തുടരുന്നതിനിടെ കല്ലിടല്‍ നിര്‍ത്തിവെച്ചത് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് മുന്നില്‍ കണ്ട്. സിപിഎം നടപ്പാക്കുന്ന മുതലാളിത്ത നയം ദേശീയ തലത്തില്‍ ചര്‍ച്ചയാവുന്നത് തടയുന്നതിനാണ് കഴിഞ്ഞ ദിവസം അതിരടയാള കല്ലിടല്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ധാരണയായത്.
കെ-റെയില്‍ വിരുദ്ധ സമരം ഏപ്രില്‍ ആറ് മുതല്‍ പത്ത് വരെ കണ്ണൂരില്‍ നടക്കുന്ന 23ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ശോഭകെടുത്തുമെന്ന് മുതിര്‍ന്ന നേതാക്കള്‍ തന്നെ വിലയിരുത്തിയിരുന്നു. ഇതുകൊണ്ടാണ് കല്ലിടല്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ധാരണയിലെത്തിയത്. എന്നാല്‍, കല്ലിടല്‍ നിര്‍ത്തിയിട്ടില്ലെന്നാണ് കെ-റെയില്‍ കമ്പനി വ്യക്തമാക്കുന്നത്.
രണ്ടാം പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന ഘട്ടത്തിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് സിപിഎം ശക്തികേന്ദ്രമായ കണ്ണൂരില്‍ നടക്കുന്നത്. രാജ്യത്ത് പാര്‍ട്ടി ഭരിക്കുന്ന ഏക സംസ്ഥാനത്തെ മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയനാണ് പ്രധാന കേന്ദ്രബിന്ദു. ഇതിനിടയില്‍ സര്‍ക്കാര്‍ വിരുദ്ധ ജനകീയ സമരം പാര്‍ട്ടി കേന്ദ്രത്തില്‍ ചര്‍ച്ചയാവുന്നത് വലിയ തിരിച്ചടിയായിരിക്കും സര്‍ക്കാറിനുണ്ടാക്കുക. മഹാരാഷ്ട്രയില്‍ അതിവേഗ റെയില്‍ പദ്ധതിക്കെതിരെ സിപിഎം സമരം നടത്തുമ്പോള്‍ സമാന പദ്ധതി കേരളത്തില്‍ സര്‍ക്കാര്‍ നടപ്പാക്കുന്നത് പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ചയാവുന്നത് തടയുകയെന്ന ലക്ഷ്യവും കേരള ഘടകത്തിനുണ്ട്. സിപിഎം പാര്‍ട്ടി
കോണ്‍ഗ്രസിന് ലഭിക്കുന്ന മാധ്യമ ശ്രദ്ധ സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തിന് ലഭിക്കുമോ എന്ന ആശങ്കയും നേതാക്കള്‍ക്കുണ്ട്. ദേശീയ നേതാക്കളും മാധ്യമങ്ങളും സംസ്ഥാനത്ത് കേന്ദ്രീകരിക്കുന്ന ദിവസങ്ങളില്‍ സര്‍ക്കാര്‍ വിരുദ്ധ സമരം ഒഴിവാക്കുകയെന്നതാണ് പുതിയ തീരുമാനത്തിന് പിന്നില്‍.
സര്‍വേകല്ലിടല്‍ നീണ്ടുപോയാല്‍ സാമൂഹ്യാഘാത പഠനവും നീണ്ടുപോകുമെന്ന് ഇതിനായി നിശ്ചയിച്ച കമ്പനി കെ-റെയിലിനെ കഴിഞ്ഞ ദിവസം രേഖാമൂലം അറിയിച്ചിരുന്നു. നിലവില്‍ 185 കിലോമീറ്റര്‍ മാത്രമാണ് കല്ലിടല്‍ നടപടി പൂര്‍ത്തിയായത്.
സില്‍വര്‍ ലൈന്‍ ചര്‍ച്ചയാവാതിരിക്കാന്‍ കേരള ഘടകം
പാര്‍ട്ടി കോണ്‍ഗ്രസില്‍ സില്‍വല്‍ ലൈന്‍പദ്ധതി ചര്‍ച്ചയാവാതിരിക്കാന്‍ സിപിഎം കേരള ഘടകം.സിപിഎമ്മിന്റെ ഏക മുഖ്യമന്ത്രിയും പിബി അംഗവുമായ പിണറായി വിജയന്‍ സര്‍ക്കാര്‍ വികസനരേഖ അവതരിപ്പിക്കുമ്പോള്‍ കെ-റെയില്‍ ജനകീയ സമരം ചര്‍ച്ചയാവുന്നത് തടയുകയെന്നതാണ് കേരള ഘടകത്തിന്റെ ലക്ഷ്യം.
ഇത്തരം ചര്‍ച്ചയില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉന്നയിച്ചാലും കേരളത്തില്‍ നിന്നുള്ളവര്‍ പരമാവധി ഒഴിഞ്ഞുമാറും. കേരള ഘടകത്തിന്റെ നിലപാടിനോടൊപ്പമാണ് ദേശീയ നേതൃത്വമെങ്കിലും പലകാര്യത്തിലും ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി സ്വതന്ത്രനിലപാട് വ്യക്തമാക്കാറുണ്ട്. മഹാരാഷ്ട്രയില്‍ സമാനപദ്ധതിക്കെതിരെ സിപിഎം സമരം നടത്തുമ്പോള്‍ കേരളത്തില്‍ ഇതിനായി ഉറച്ചു നില്‍ക്കുകയാണ്.