X

അമരത്ത് അലങ്കാരമായിരുന്നു-പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍

പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ (ജനറല്‍ സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ)

ആത്മീയ കേരളത്തിന്റെ അനിഷേധ്യ അമരക്കാരന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നമ്മെ വിട്ടുപിരിഞ്ഞു. അറിവും ആത്മീയ ഉല്‍ക്കര്‍ഷവും കൊണ്ട് സമുദായ നേതൃനിരയില്‍ ജ്വലിച്ചുനിന്ന നക്ഷത്രമാണ് കണ്ണടച്ചത്. ആറു പതിറ്റാണ്ടിലേറെ കാലമായി കേരളത്തിലെ ദീനീ രംഗത്തും നമ്മുടെ മഹത്തായ സ്ഥാപനങ്ങളുടെ നേതൃനിരയിലും സാമൂഹിക രാഷ്ട്രീയ രംഗത്തും എല്ലാവരും ആദരിക്കപ്പെടുന്ന, അംഗീകരിക്കപ്പെടുന്ന വ്യക്തിത്വമായും നേതൃത്വമായും ശോഭിക്കാന്‍ അല്ലാഹു പ്രത്യേകം തൗഫീഖ് നല്‍കിയ സയ്യിദാണ് നമ്മളോട് വിട പറഞ്ഞിരിക്കുന്നത്. വന്ദ്യരായ തങ്ങളുടെ വേര്‍പാട് ഉമ്മത്തിന് തീരാനഷ്ടമാണ്. അത്രമേല്‍ മഹത്വമേറിയ സേവനങ്ങളാണ് മഹാനായ തങ്ങള്‍ പതിറ്റാണ്ടുകളായി കേരളത്തില്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്.

വ്യക്തിപരമായി നീണ്ട പതിറ്റാണ്ടുകളുടെ ബന്ധം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുമായി എനിക്കുണ്ട്. നിരവധി സ്ഥാപനങ്ങളിലും സംഘടനാ നേതൃത്വങ്ങളിലും തങ്ങളോട് കൂടെ സേവനം ചെയ്യാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ജാമിഅ നൂരിയ്യ അറബിയ്യയുടെ സ്ഥാപിത കാലം മുതല്‍ക്കുതന്നെ പാണക്കാട് കുടുംബം ഈ സ്ഥാപനവുമായി അഭേദ്യമായ ബന്ധം പുലര്‍ത്തിയിരുന്നു. മഹാനായ പി.എം.എസ്.എ പൂക്കോയ തങ്ങള്‍ ഈ സ്ഥാപനത്തിന്റെ എല്ലാമെല്ലാം ആയിരുന്നു. തുടര്‍ന്ന് മുഹമ്മദലി ശിഹാബ് തങ്ങളും ജാമിഅയെ അളവറ്റ് സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചിരുന്നു. ജാമിഅ സ്ഥാപിച്ച കാലഘട്ടത്തില്‍ തന്നെയാണ് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ ജാമിഅയില്‍ ഉപരിപഠനത്തിനായി ചേര്‍ന്നത്.

ഉമറലി ശിഹാബ് തങ്ങള്‍ ജാമിഅയില്‍ നിന്ന് ബിരുദമെടുത്ത പുറത്തിറങ്ങി അധികം താമസിയാതെതന്നെ പ്രിയപ്പെട്ട ഹൈദരലി ശിഹാബ് തങ്ങളും ജാമിഅയിലെ ഒരു വിദ്യാര്‍ഥിയായി പ്രവേശനം നേടിയിരുന്നു. ജാമിഅയുടെ ആ സുവര്‍ണ കാലഘട്ടത്തില്‍ ശൈഖുന ശംസുല്‍ ഉലമയുടെയും കോട്ടുമല ഉസ്താദിന്റെയും മറ്റു പ്രഗല്‍ഭരായ നമ്മുടെ ഉലമാക്കളുടെയും ശിഷ്യത്വം സ്വീകരിക്കാന്‍ ബഹുമാനപ്പെട്ട തങ്ങള്‍ക്ക് സൗഭാഗ്യം ലഭിച്ചുവെന്നുമാത്രമല്ല വിദ്യാര്‍ഥിയായിരിക്കെ തന്നെ മഹാന്മാരായ ഉസ്താദുമാരുടെ ആദരവ് നേടാനും തങ്ങള്‍ക്ക് തൗഫീഖുണ്ടായി. ശംസുല്‍ ഉലമ (ന: മ ) പല വേദികളിലും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ കൊണ്ട് ദുആ ചെയ്യിപ്പിച്ചിരുന്നു. ഒരു പതിറ്റാണ്ടിലധികമായി ജാമിഅ നൂരിയ്യ അറബിയ്യയുടെ പ്രസിഡന്റ് പദവിയിലിരുന്ന് ജാമിഅക്ക് നേതൃത്വം നല്‍കിയ മഹാനവര്‍കളുടെ കരങ്ങളില്‍ നിന്ന് നൂറുകണക്കിന് ഫൈസിമാരാണ് സനദ് സ്വീകരിച്ച് പ്രബോധന വീഥിയില്‍ സഞ്ചരിക്കുന്നത്. അതുപോലെ സുന്നി യുവജന സംഘത്തിന്റെ പ്രസിഡന്റായി തങ്ങള്‍ സേവനം ചെയ്തു കൊണ്ടിരിക്കെ തങ്ങളോടൊപ്പം ജനറല്‍ സെക്രട്ടറിയായി ധാരാളം വര്‍ഷം സേവനം ചെയ്യാനുള്ള സൗഭാഗ്യവുമുണ്ടായി. സ്ഥാപനങ്ങളുടെയും സംഘടനയുടെയും അധ്യക്ഷ പദവികള്‍ കേവലമായി അലങ്കരിക്കുക എന്നതായിരുന്നില്ല തങ്ങളുടെ രീതി, ഓരോ കാര്യങ്ങളിലും സൂക്ഷ്മമായി ഇടപെടുകയും യോഗങ്ങളിലും നയപരമായ തീരുമാനങ്ങളിലും കൃത്യമായി നിലപാടെടുക്കുകയും ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാതെ സജീവമായി കാര്യങ്ങളുമായി ബന്ധപ്പെടുകയും ചെയ്തിരുന്ന ശൈലിയാണ് തങ്ങള്‍ക്ക് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ യോഗങ്ങളിലും മറ്റും തങ്ങളുടെ തീരുമാനമാണ് അന്തിമമായി പരിഗണിക്കപ്പെടുക. അത് എല്ലാവര്‍ക്കും സ്വീകാര്യമായ നീതിയുക്തമായ തീരുമാനം ആയിരിക്കും.ഭൗതിക ലോകത്ത് നിന്ന് വിടപറഞ്ഞാലും ഈ നാട്ടിലെ ലക്ഷോപലക്ഷം ജനങ്ങളുടെ മനസ്സില്‍ സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും നീതിയുടെയും പ്രതീകമായി ബഹുമാനപ്പെട്ട തങ്ങള്‍ എന്നും ഓര്‍മിക്കപ്പെടും. അല്ലാഹു അവിടുത്തെ പദവി ഉയര്‍ത്തി കൊടുക്കട്ടെ. ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഒരുമിച്ചു കൂടാന്‍ അല്ലാഹു തൗഫീഖ് നല്‍കട്ടെ… ആമീന്‍.

Test User: