സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം സര്‍ക്കാര്‍ ചെയ്ത നടപടികള്‍ കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ കഴുത്ത് ഞെരിച്ച് കൊല്ലുന്നതിന് തുല്യമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മാര്‍ച്ച് 31 അര്‍ദ്ധരാത്രി വരെ പ്രവര്‍ത്തിക്കേണ്ട ട്രഷറി മുപ്പതാം തീയതി അഞ്ച് മണിയോടെ അടച്ചുപൂട്ടി. അതിന് തൊട്ടുമുന്‍പുള്ള രണ്ടു ദിവസം പണിമുടക്കായിരുന്നു. തദ്ദേശ സ്ഥാപനങ്ങളെ ബില്ലുകള്‍ മാറാന്‍ അനുവദിക്കാതെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് സതീശന്‍ പറഞ്ഞു.
900 കോടിയോളം രൂപയുടെ ബില്ലുകളാണ് ഇത്തരത്തില്‍ സര്‍ക്കാര്‍ നടപടിയെ തുടര്‍ന്ന് മാറാനാകാതെ പോയത്. കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സര്‍ക്കാര്‍ കടന്നു പോകുന്നത് എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണിത്. പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കിയിട്ടും ചെയ്ത പ്രവൃത്തികളുടെ ബില്‍ പാസാക്കാന്‍ കഴിയാത്ത സ്ഥിതിയാണ് സര്‍ക്കാരുണ്ടാക്കിയത്. ഈ നടപടിയിലൂടെ തദ്ദേശ സ്ഥാപനങ്ങളെ കബളിപ്പിക്കുകയും പ്രതിസന്ധിയിലാക്കുകയും ചെയ്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ചങ്ങനാശേരിയിലെ ഐ.എന്‍.റ്റി.യുസി പ്രകടനം സംബന്ധിച്ച് പാര്‍ട്ടിയാണ് പ്രതികരിക്കേണ്ടതെന്ന് വിഡി സതീശന്‍ പറഞ്ഞു. അതിനുള്ള സംവിധാനം കോണ്‍ഗ്രസിലുണ്ട്. പണിമുടക്കിലെ അക്രമം സംബന്ധിച്ച് നേരത്തെ പറഞ്ഞ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. രണ്ട് ദിവസത്തെ പണിമുടക്കിനോട് അനുബന്ധിച്ചുള്ള അക്രമസംഭവങ്ങളെയാണ് അപലപിച്ചത്. അക്രമസമരത്തെ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല. നാട്ടില്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തിയതും ആളുകളെ തടഞ്ഞതും തുപ്പിയതുമൊക്കെ സി.ഐ.ടിയുക്കാരും സി.പി.എമ്മുകാരുമാണെന്ന് സതീശന്‍ പ്‌റഞ്ഞു.
ദേശീയ പണിമുടക്കിന്റെ ഭാഗമായാണ് ഐ.എന്‍.റ്റി.യുസി പിന്തുണ പ്രഖ്യാപിച്ചത്. ഐ.എന്‍.റ്റി.യു.സി നേതാക്കള്‍ കോണ്‍ഗ്രസിന്റെയും നേതാക്കളാണ്. അവരുമായി വിഷയം സംസാരിച്ചു. എന്നാല്‍ ഐ.എന്‍.റ്റിയി.സിക്ക് നിര്‍ദ്ദേശം കൊടുക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല. യൂത്ത് കോണ്‍ഗ്രസിനെയോ മഹിളാ കോണ്‍ഗ്രസിനെയോ സേവാദളിനെയോ പോലെ പോഷക സംഘടന എന്ന നിലയിലല്ല ഐ.എന്‍.റ്റി.യു.സി പ്രവര്‍ത്തിക്കുന്നതെന്ന് സതീശന്‍ വ്യക്തമാക്കി. കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണെങ്കിലും സ്വതന്ത്ര നിലനില്‍പ്പുള്ള ഐ.എന്‍.റ്റി.യു.സിക്ക് പ്രത്യേക തെരഞ്ഞെടുപ്പ് പോലുമുണ്ട്. അതാണ് ഇന്നലെയും പറഞ്ഞത്. ആ അഭിപ്രായം മാറ്റേണ്ട ഒരു സാഹചര്യവുമില്ല. ഐ.എന്‍.റ്റി.യു.സി സംസ്ഥാന പ്രസിഡന്റോ ദേശീയ പ്രസിഡന്റോ ഐ.എന്‍.റ്റി.യു.സി കോണ്‍ഗ്രസിന്റെ പോഷക സംഘടനയാണെന്ന് പറഞ്ഞിട്ടില്ല. കോണ്‍ഗ്രസിന്റെ അവിഭാജ്യ ഘടകമാണ് ഐ.എന്‍.റ്റി.യു.സി എന്നാണ് ചന്ദ്രശേഖരന്‍ പറഞ്ഞത്. അക്കാര്യത്തില്‍ ആര്‍ക്കും ഒരു തര്‍ക്കവുമില്ല. ഐ.എന്‍.റ്റി.യു.സിയുടെ ഏറ്റവും കൂടുതല്‍ ട്രേഡ് യൂണിയനുകളെ നിയന്ത്രിക്കുന്നയാളാണ് ഞാനും. അക്രമ സംഭവങ്ങളെ അപലപിക്കുന്നതായി ഐ.എന്‍.റ്റി.യു.സി പ്രസിഡന്റും പറഞ്ഞിട്ടുണ്ട്. കെ.പി.സി.സി അധ്യക്ഷനോട് ആലോചിച്ചാണ് പണിമുടക്കിലെ അക്രമം സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയതെന്ന് സതീശന്‍ വ്യക്തമാക്കി.