കെ. അനസ്
തിരുവനന്തപുരം
സംസ്ഥാനത്തിന്റെ കടബാധ്യത കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ വര്‍ധിച്ചെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. 2020-21 ലെ കടബാധ്യത 2,96,900 കോടി രൂപയാണ്. അതായത് കടബാധ്യതയില്‍ 3.59 ശതമാനത്തിന്റെ വര്‍ധന. സംസ്ഥാനത്ത് ഓരോ പൗരനും 88,876 രൂപയുടെ കടകാരനാണ്.
2019-20 ല്‍ 10.47 ശതമാനം ആയിരുന്ന സംസ്ഥാനത്തിന്റെ കടബാധ്യത 2020-21ല്‍ വര്‍ധിച്ച് 14.06 ശതമാനമായി. കടവും സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനവും തമ്മിലുള്ള അനുപാതം 2019-20 ല്‍ 31.58 ശതമാനമായിരുന്നത് 2020-21 ല്‍ 37.13 ആയി ഉയര്‍ന്നു. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച അധിക കടമെടുപ്പ് പ്രയോജനപ്പെടുത്തിയതാണ് ഈ വര്‍ധനക്ക് കാരണം.
റവന്യൂ വരുമാനത്തെ അടിസ്ഥാനമാക്കിയുള്ള കടബാധ്യതയുടെ അനുപാതവും കൂടി. 2019-20ല്‍ 288.51 ശതമാനമായിരുന്നത് 2020-21ല്‍ 310.06 ശതമാനമായി. സംസ്ഥാനത്തിന്റെ മൊത്തം കടബാധ്യതയില്‍ 62.93 ശതമാനം ആഭ്യന്തര കടമാണ്. 2019-20ല്‍ 1,65,960 കോടി രൂപയായിരുന്ന ആഭ്യന്തരകടം 2020-21 ല്‍ 1,90,474 കാടി രൂപയായി വര്‍ധിച്ചു. ആഭ്യന്തര കടത്തിന്റെ വര്‍ധനവ് 14.77 ശതമാനമാണ്. റവന്യു കമ്മി 1.76 ശതമാനത്തില്‍ നിന്ന് 2.51 ശതമാനമായും ധനകമ്മി മുന്‍ വര്‍ഷത്തെ 2.89 ശതമാനത്തില്‍ നിന്നും 20-21ല്‍ 4.40 ശതമാനമായും വര്‍ധിച്ചു.
ചെറുകിട നിക്ഷേപ പദ്ധതികള്‍, ്രേ പാവിഡന്റ് ഫണ്ട് എന്നിവയിലെ ബാധ്യത ആകെ ബാധ്യതയുടെ 32.12 ശതമാനമാണ്. 2019-20ല്‍ 85671.17 കോടി രൂപയായിരുന്ന ചെറുകിട നിക്ഷേപ പദ്ധതികള്‍, പ്രോവിഡന്റ് ഫണ്ട് എന്നിവയിലെ ബാധ്യത 2020-21ല്‍ 97,219കോടി രൂപയായി വര്‍ദ്ധിച്ചു. കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള വായ്പയുടേയും മുന്‍കൂര്‍ തുകയുടേയും ബാധ്യത 2020-21ല്‍ 9,20,764 കോടി രൂപയാണ്. 2020-21 വര്‍ഷത്തെ മൊത്തം കടം 42355.47 കോടി രൂപയും നീക്കിയിരുപ്പ് കടം 21551.68 കോടി രൂപയുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തൊഴിലില്ലായ്മ സംസ്ഥാനത്തിന്റെ ഗുരുതരമായ ആശങ്കയാണെന്നു സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. തൊഴിലന്വേഷകരുടെ എണ്ണം 2020 ലെ 34.31 ലക്ഷത്തില്‍ നിന്ന് 2021ല്‍ 38.33 ലക്ഷമായി ഉയര്‍ന്നു. 17 ലക്ഷം പ്രവാസികള്‍ മടങ്ങിയെത്തി. മടങ്ങിയെത്തിവരില്‍ 72 ശതമാനത്തിനും ജോലി നഷ്ടപ്പെട്ടു.