സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിശോധിക്കാൻ ചുമതലപ്പെടുത്തിയ റിട്ട.ജസ്റ്റിസ് ഹേമ കമ്മിഷന്റെ റിപ്പോർട്ട് പുറത്ത്. റിപ്പോർട്ടിന്റെ പകർപ്പ് ‘മനോരമ ഓൺലൈന്’ ലഭിച്ചു. ചലച്ചിത്ര രംഗത്തുള്ളവർ ആ മേഖലയിൽ മറ്റാരെയും വിലക്കാൻ പാടില്ലെന്നു ജസ്റ്റിസ് കെ.ഹേമ കമ്മിറ്റിയുടെ ശുപാർശകളിൽ പറയുന്നു. സിനിമാ സെറ്റുകളിൽ സ്ത്രീകൾ കടുത്ത വിവേചനം നേരിടുന്നു എന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഷൂട്ടിങ് സെറ്റുകളിൽ മദ്യവും ലഹരിമരുന്നും കർശനമായി വിലക്കണം.
സിനിമയിൽ പ്രവർത്തിക്കുന്ന വനിതകൾക്ക് നിർമാതാവ് സുരക്ഷിതമായ താമസ, യാത്രാ സൗകര്യങ്ങൾ നൽകണം. ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഡ്രൈവർമാരായി നിയോഗിക്കരുത്. വനിതകളോട് അശ്ലീലം പറയരുത്, തുല്യ പ്രതിഫലം നൽകണം തുടങ്ങി വിവിധ നിർദേശങ്ങളാണ് കമ്മിറ്റി മുന്നോട്ടുവച്ചിരിക്കുന്നത്.
മലയാള സിനിമാ രംഗംവുമായി ബന്ധപ്പെട്ട് നടുക്കുന്ന വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. സിനിമാരംഗത്ത് പുറമേയുള്ള തിളക്കം മാത്രം. അവസരം ലഭിക്കാൻ വിട്ടുവീഴ്ചയ്ക്ക് തയാറാകണമെന്ന് ആവശ്യപ്പെട്ട മൊഴികളും പുറത്ത്. മലയാള സിനിമയെ നിയന്ത്രിക്കുന്നത് ക്രിമിനലുകൾ. സിനിമാ മേഖലയിൽ വ്യാപകമായ ലൈംഗിക ചൂഷണം. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കുന്നത് സംവിധായകരും നിർമാതാക്കളുമെന്ന് റിപ്പോർട്ടിൽ പറയുന്നു. സഹകരിക്കുന്നവരെ ‘കോഓപ്പറേറ്റിങ് ആർട്ടിസ്റ്റ്’ എന്ന് പേരിട്ടു വിളിക്കുമെന്നും റിപ്പോർട്ട്.