X

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ സമാപനം

ജനുവരി 3ന് ആരംഭിച്ച സംസ്ഥാന സ്‌കൂള്‍ കലോത്സവം നാളെ (ജനുവരി 7) സമാപിക്കും. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.

ഏറ്റവും കൂടുതല്‍ പോയിന്റ്‌റുകള്‍ നേടുന്ന ജില്ലയ്ക്കുള്ള സ്വര്‍ണക്കപ്പ് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി സമ്മാനിക്കും. വിജയികള്‍ക്കുള്ള സമ്മാനദാനം മന്ത്രിമാരും മുഖ്യാതിഥിയായ ഗായിക കെ എസ് ചിത്രയും നിര്‍വഹിക്കും. കലോത്സവ സുവനീര്‍ ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു പ്രകാശനം ചെയ്യും. എംപിമാരായ എളമരം കരീം,എം കെ രാഘവന്‍, കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്, സംഘാടക സമിതി വര്‍ക്കിങ് ചെയര്‍മാന്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ, പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കും. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബു ഐഎഎസ് സ്വാഗതം പറയും.

സംസ്ഥാന സ്‌കൂള്‍ കലോത്സവം വന്‍ വിജയമാക്കി തീര്‍ത്ത എല്ലാവര്‍ക്കും പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നന്ദി അറിയിച്ചു. കലോത്സവവുമായി ബന്ധപ്പെട്ട ഗൗരവമുള്ള ഒരു പരാതിയും ഉയര്‍ന്നു വന്നില്ല എന്നത് ഏറെ ശ്രദ്ധേയമാണ്. ചെറിയ പരാതികള്‍ അപ്പപ്പോള്‍ തന്നെ പരിഹരിച്ചു. എല്ലാ കമ്മിറ്റികളും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു. മാധ്യമങ്ങളുടെ അകമഴിഞ്ഞ സഹകരണം ലഭിച്ചു.

പ്രതിദിനം ഏതാണ്ട് മുപ്പതിനായിരത്തില്‍ പരം പേര്‍ക്കാണ് ഊട്ടുപുരയില്‍ ഭക്ഷണം നല്‍കിയത്. പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ രുചികരമായ ഭക്ഷണം ഏവരും ആസ്വദിച്ചു. ജനപങ്കാളിത്തം കൊണ്ട് കോഴിക്കോട് അമ്പരപ്പിച്ചുവെന്നും മന്ത്രി വി ശിവന്‍കുട്ടി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

webdesk11: