X

‘പുഴുവരിച്ച കിറ്റിൻ്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിന്, പഞ്ചായത്തിന് പിഴവില്ല’: പ്രിയങ്ക ഗാന്ധി

വയനാട്: വയനാട്ടിലെ കിറ്റ് വിവാദത്തില്‍ പ്രതികരിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി. പുഴുവരിച്ച കിറ്റിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. സംഭവത്തില്‍ മേപ്പാടി പഞ്ചായത്തിനെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും പ്രിയങ്ക മാധ്യമങ്ങളോട് പ്രതികരിച്ചു.

കിറ്റുകള്‍ വിതരണം ചെയ്യുന്നത് സംസ്ഥാന സര്‍ക്കാരാണെന്നും പ്രിയങ്ക പറഞ്ഞു. കിറ്റുകള്‍ പരിശോധിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനാണ്. ചൂരല്‍മല-മുണ്ടക്കൈ ദുരിതബാധിതര്‍ക്ക് വിതരണം ചെയ്യാനായി സര്‍ക്കാരാണ് കിറ്റുകള്‍ മേപ്പാടി പഞ്ചായത്തിന് നല്‍കിയത്. ആ കിറ്റാണ് പഞ്ചായത്ത് വിതരണം ചെയ്തത്. ഭാവിയില്‍ ഇത്തരത്തിലുള്ള സംഭവം ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും പ്രിയങ്ക ഗാന്ധി ഓര്‍മ്മിപ്പിച്ചു.

കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധേയേറ്റ സംഭവത്തിലും പ്രിയങ്ക പ്രതികരിച്ചു. ഭക്ഷ്യ വിഷബാധയുണ്ടായത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് പ്രിയങ്ക ചൂണ്ടിക്കാണിച്ചു. അത്തരത്തിലൊരു സംഭവം ഉണ്ടാകരുതായിരുന്നുവെന്നും പ്രിയങ്ക പറഞ്ഞു. അതിനിടെ ജനങ്ങളെ പ്രതിനിധീകരിക്കാന്‍ ഒരു അവസരം തരുമെന്നാണ് അവസാന നിമിഷത്തിലും പ്രതീക്ഷിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. അവര്‍ക്ക് വേണ്ടി താന്‍ കഠിന പരിശ്രമം നടത്തുമന്നും പ്രിയങ്ക വ്യക്തമാക്കി.

 

 

webdesk14: