കാണ്‍പുര്‍: ചണ്ഡീഗഡിനു പിന്നാലെ ഉത്തര്‍പ്രദേശിലെ കാണ്‍പുരിലും വിദ്യാര്‍ഥിനികളുടെ ദൃശ്യം പകര്‍ത്തിയതായി പരാതി. ഹോസ്റ്റല്‍ ജീവനക്കാരന് തങ്ങള്‍ കുളിക്കുന്നതിന്റെ വീഡിയോ പകര്‍ത്തിയതായി കാണ്‍പുര്‍ സായ് നിവാസ് ഗേള്‍സ് ഹോസ്റ്റലിലെ വിദ്യാര്‍ഥിനികളാണ് പരാതി നല്‍കിയത്. വിദ്യാര്‍ഥിനികള്‍ കുളിക്കുന്നതിന്റെ വിഡിയോ ഹോസ്റ്റല്‍ ജീവനക്കാരന്റെ മൊബൈലിലുള്ളത് ചില വിദ്യാര്‍ഥികളുടെ ശ്രദ്ധയില്‍പെടുകയായിരുന്നു.
ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍നിന്നാണ് ഇയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പിന്നാലെ ഒരു സംഘം വിദ്യാര്‍ഥിനികള്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. നടപടി വൈകിയതോടെ സ്റ്റേഷനു മുന്നില്‍ വിദ്യാര്‍ഥിനികള്‍ പ്രതിഷേധിച്ചു. പിന്നാലെയാണ് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചിട്ടുണ്ട്.