X

സ്റ്റേഡിയത്തില്‍ നിയന്ത്രണമില്ല, മുഴുവന്‍ സീറ്റുകളിലും കാണികള്‍; കാത്തിരിക്കുന്നു കലാശ പോരിന്

ആറുവര്‍ഷത്തെ ഇടവേളക്ക് ശേഷം ഐ.എസ്.എല്‍ കലാശ പോരിന് യോഗ്യതനേടിയ കേരള ബ്ലാസ്റ്റേഴ്‌സിന് ഞായറാഴ്ച മഞ്ഞ ജഴ്‌സി അണിയാനാവില്ല. എതിരാളികളായ ഹൈദരാബാദ് എഫ്‌സിയായിരിക്കും മഞ്ഞ ജഴ്‌സി അണിയുക. ഇരുടീമുകളുടെയും ഹോം ജഴ്‌സി മഞ്ഞ നിറത്തിലാണ്.

ലീഗ് ഘട്ടത്തില്‍ ബ്ലാസ്‌റ്റേഴ്‌സിനേക്കാള്‍ മുന്നിലെത്തിയതിനാലാണ് ഹൈദരാബാദിന് ഹോം ടീം ആനുകൂല്യം ലഭിക്കുക. ആദ്യമത്സരത്തിലെ തോല്‍വിക്ക് ശേഷം ഗംഭീരമായി തിരിച്ചുവന്ന ബ്ലാസ്റ്റേഴ്‌സിന് മഞ്ഞ ജഴ്‌സി ഭാഗ്യജഴ്‌സി കൂടിയാണ്. തിലക് മൈതാനമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട്. ഇവിടെ കളിച്ച 14 മത്സരങ്ങളില്‍ ബെംഗളൂരിനോട് മാത്രമാണ് മഞ്ഞപ്പട തോറ്റത്. ഇതില്‍ 11 മത്സരങ്ങള്‍ മഞ്ഞ ജഴ്‌സിയിലായിരുന്നു. 6 മത്സരങ്ങളില്‍ ജയം കണ്ടു. നാലെണ്ണം സമനിലയിലായി. എവേ ജഴ്‌സിയില്‍ നാലുവീതം ജയവും സമനിലയും. മൂന്ന് വട്ടം തോറ്റു. തങ്ങളുടെ ഭാഗ്യജഴ്‌സി നഷ്ടപ്പെടുന്നതിലുള്ള ടീമിന്റെ നിരാശ ഗാലറിയില്‍ തീര്‍ക്കാനൊരുങ്ങുകയാണ് ആരാധകര്‍. 20,000 പേരെ മാത്രം ഉള്‍ക്കൊള്ളുന്ന ഫറ്റോര്‍ദയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിനായി വില്‍പ്പനക്ക് വച്ച മുഴുവന്‍ ടിക്കറ്റുകളും ചൂടപ്പം പോലെയാണ് വിറ്റഴിച്ചത്.

മുഴുവന്‍ ടിക്കറ്റുകളും വിറ്റഴിഞ്ഞതിനാല്‍ ഐ.എസ്.എല്ലിന്റെ ചരിത്രത്തില്‍ ഇതുവരെ കാണാത്ത വിധമുള്ള ആവേശത്തിരയാകും ഫറ്റോര്‍ദയില്‍. മത്സരത്തിന്റെ ഭൂരിഭാഗം ടിക്കറ്റുകളും സ്വന്തമാക്കിയത് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ തന്നെ. ടിക്കറ്റ് കിട്ടാത്തതിന്റെ നിരാശയും ആരാധകര്‍ പങ്കുവക്കുന്നു. എടികെ ബഗാന്‍-ഹൈദാരാബാദ് മത്സരത്തിന് ശേഷം കൂടുതല്‍ ടിക്കറ്റുകള്‍ ഓണ്‍ലൈനായി വില്‍പ്പനക്കെത്തുമെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുണ്ടായെങ്കിലും അതുണ്ടായില്ല. രണ്ടു സീസണുകള്‍ക്കിടെ ആദ്യമായാണ് ഗാലറിയില്‍ ആരാധകരെ അനുവദിക്കുന്നത്. ആദ്യകിരീടം ലക്ഷ്യമിട്ട് മൂന്നാം ഫൈനലിനിറങ്ങുന്ന ടീമിന് സകല പിന്തുണയും നല്‍കാനുള്ള ഒരുക്കത്തിലാണ് മഞ്ഞപ്പട. ഗോവയിലേക്കുള്ള ട്രെയിന്‍ ടിക്കറ്റുകളെല്ലാം വെയിറ്റിങ് ലിസ്റ്റിലായി. ബസുകള്‍ ഏര്‍പ്പാടാക്കിയും സ്വന്തം വാഹനത്തിലും ഗോവയിലെത്താന്‍ ആരാധകര്‍ പദ്ധതിയിടുന്നു. കൊച്ചിയില്‍ നിന്ന് ഗോവയിലേക്കുള്ള ബസിന് ഭക്ഷണം ഉള്‍പ്പെടെ 3000 രൂപയാണ് നിരക്ക്. ആരാധകരുടെ സാനിധ്യം കിരീടപ്പോരില്‍ ടീമിനും ഊര്‍ജമാവും.

Test User: