കൊച്ചി:മലയാളി യുവതികളെ മറയാക്കി കേരളത്തിലേക്കടക്കം ലഹരികടത്തുന്ന ചെന്നൈ സംഘത്തെ നിയന്ത്രിക്കുന്നത് ശ്രീലങ്കന്‍ ഡ്രഗ് മാഫിയയെന്ന് സൂചന. വിവാദമായ കാക്കനാട് എം.ഡി.എം.എ കേസ് അന്വേഷണത്തിനിടെ എക്‌സൈസ് ക്രൈംബ്രാഞ്ചിന് ലഭിച്ച ഫോണ്‍ കോള്‍ രേഖകളിലാണ് ശ്രീലങ്കന്‍ ബന്ധം വ്യക്തമായത്. നിരവധി ശ്രീലങ്കന്‍ കോളുകള്‍ ചെന്നൈ ട്രിപ്ലിക്കനിലെ ഇടനിലക്കാരുടെ ഫോണിലേക്ക് എത്തിയിട്ടുണ്ട്. കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്കും ഇത്തരം കാളുകള്‍ വന്നിട്ടുണ്ട്. വിദേശ കോളുകളായതിനാല്‍ സി.ഡി.ആര്‍ പരിശോധനയാണ് വെല്ലുവിളി. തമിഴ്‌നാട് പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. ലക്ഷദ്വീപ് തീരത്ത് ബോട്ട് മാര്‍ഗം കടത്താന്‍ ശ്രമിച്ച ലഹരിമരുന്ന് തീരസംരക്ഷണസേന പിടികൂടിയിരുന്നു. ലഹരിമരുന്നുകള്‍ പിന്നീട് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് കടത്തുന്നുണ്ടെന്നാണ് നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍.സി.ബി) കണ്ടെത്തല്‍. ട്രിപ്ലിക്കനിലെ സംഘത്തെ കണ്ടെത്താനുള്ള നീക്കമാണ് നടത്തുന്നത്. പ്രതികളുടെ ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്ക് കൈമാറും. സൈബര്‍ പൊലീസിന്റെ സഹായവും തേടാനാണ് തീരുമാനം.
കേസില്‍ അറസ്റ്റിലായ കോഴിക്കോട് സ്വദേശി ദീപേഷിന് പുറമേ, കാക്കനാട് മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്ക് നിരവധിപ്പേര്‍ പണം കൈമാറിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഇവരെ തിരിച്ചറിഞ്ഞതായാണ് വിവരം. ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയ ശേഷമാണ് ദീപേഷിനെ അറസ്റ്റ് ചെയ്തത്. സാമ്പത്തിക സഹായം നല്‍കിയവരില്‍ പ്രധാനിയാണ് ഇയാള്‍. 32 ലക്ഷം ലക്ഷം രൂപയാണ് പ്രതികള്‍ക്ക് നല്‍കിയത്. ശ്രീങ്കലയില്‍ നിന്ന് പ്രതികളുടെ ഫോണിലേക്ക് കോളുകള്‍ വന്നിട്ടുണ്ടെന്നും ഇതു പരിശോധിച്ച് വരികയാണെന്നും എക്‌സൈസ് ക്രൈംബ്രാഞ്ച് അസി. കമ്മീഷണര്‍ ടി.എം കാസിം പറഞ്ഞു. കാക്കനാട് ലഹരിക്കേസില്‍ 12 കോടിയുടെ മയക്കുമരുന്നാണ് പിടിച്ചത്. ഏഴു പേരെ പിടികൂടി രണ്ടു പേരെ വെറുതെവിട്ടത് വിവാദമായിരുന്നു. ഇതേതുടര്‍ന്ന് വെറുതെ വിട്ട ഒരു യുവതിയെയും, സാമ്പത്തികമായി സഹായിച്ച രണ്ടു പേരെയും അറസ്റ്റ് ചെയ്തിരുന്നു.