കാര്യവട്ടത്ത് ഞായറാഴ്ച നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിലെ ടിക്കറ്റ് നിരക്ക് വര്‍ദ്ധനയെച്ചൊല്ലി വിവാദം. പട്ടിണികിടക്കുന്നവര്‍ കളി കാണാന്‍ പോകേണ്ടെന്നായിരുന്നു വിനോദ നികുതി അഞ്ച് ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കി ഉയര്‍ത്തിയതിനെ കായികമന്ത്രി വി.അബ്ദുറഹ്മാന്‍ ന്യായീകരിച്ചത്.
അതേസമയം ഇന്ത്യ- ശ്രീലങ്ക ഏകദിന ക്രിക്കറ്റിന്റെ വിനോദനികുതി കുത്തനെ കൂട്ടിയ സംസ്ഥാന സര്‍ക്കാര്‍. ഒറ്റയടിക്ക് അഞ്ചില്‍ നിന്ന് പന്ത്രണ്ട് ശതമാനമായാണ് നികുതി ഉയര്‍ത്തിയിരിക്കുന്നത്. 18 ശതമാനം ജി.എസ്.ടി നികുതിക്ക് പുറമേയാണിത്. ഇതോടെ കായിക പ്രേമികള്‍ക്ക് കളി കാണണമെങ്കില്‍ ടിക്കറ്റിന് 30 ശതമാനം നികുതി നല്‍കണം. ഇത് സാധാരണക്കാരെ കൊള്ളയടിക്കുന്ന നടപടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കളി കാണാന്‍ എത്തുന്നതില്‍ ഏറെപ്പേരും വിദ്യര്‍ത്ഥികളും യുവാക്കളുമാണ്. ഇവരെ വഞ്ചിക്കുന്ന നടപടിയാണ് സര്‍ക്കാറിന്റേത്. വന്‍കിട മദ്യക്കമ്പനികള്‍ക്ക് നാല് ശതമാനം വില്‍പന നികുതി കുറച്ചു കൊടുത്ത സര്‍ക്കാരാണ് ക്രിക്കറ്റ് പ്രേമികളോട് കൊടും ക്രൂരത കാണിക്കുന്നത്.
വന്‍കിട കമ്പനികള്‍ക്ക് നികുതി കുറച്ചുകൊടുക്കുകയും മദ്യവില കൂട്ടി അത് സാധാരണക്കാരന്റെ തലയില്‍ കെട്ടിവെക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ കൊള്ളയാണ് നടത്തുന്നത്. ക്രിക്കറ്റ്ടിക്കറ്റിന് കൂട്ടിയ നികുതി അടിയന്തരമായി പിന്‍വലിക്കണം. വിലക്കയറ്റം മൂലം പൊറുതിമുട്ടിയിരിക്കുന്ന ജനങ്ങളെ എങ്ങനെ പിഴിയാമെന്നാണ് സര്‍ക്കാര്‍ ഗവേഷണം നടത്തുന്നത്. പിണറായി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ബാധ്യതയായെന്നും ചെന്നിത്തല പറഞ്ഞു.