X
    Categories: NewsSports

സന്തോഷ് ട്രോഫി; പ്രവേശനം ലഭിക്കാത്തവര്‍ക്ക് പണം തിരികെ നല്‍കാന്‍ സര്‍ക്കാര്‍ തന്നെ തീരുമാനം എടുക്കണമെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ടിക്കറ്റ് എടുത്തിട്ടും സ്റ്റേഡിയത്തിലേക്ക് പ്രവേശനം ലഭിക്കാത്തവര്‍ക്ക് പണം തിരികെ നല്‍കാന്‍ സര്‍ക്കാര്‍ തന്നെ തീരുമാനം എടുക്കണമെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍. ജില്ല ആഘോഷപൂര്‍വ്വം കൊണ്ടാടിയ ടൂര്‍ണമെന്റിനായി ടിക്കറ്റെടുത്തിട്ടും കളികാണാന്‍ കഴിയാതെ ആയിരങ്ങളാണ് പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നത്.

എന്നാല്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയാല്‍ മാത്രമേ പണം തിരികെ നല്‍കാന്‍ കഴിയൂവെന്നാണ് സ്‌പോര്‍ട്‌സ്‌കൗണ്‍സില്‍ പറയുന്നത്. ടൂര്‍ണമെന്റ് നടത്തിപ്പില്‍ സര്‍ക്കാര്‍ കൂടി പങ്കാളിയായ സാഹചര്യത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് സ്വന്തമായി തീരുമാനം എടുക്കാന്‍ കഴിയില്ല. ടിക്കറ്റ് വരുമാനം മുഴുവന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള അക്കൗണ്ടിലേക്കാണ് നിക്ഷേപിച്ചിരിക്കുന്നത്.തുക വിനിയോഗ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമില്ലാതെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധികൃതര്‍ അറിയിച്ചു.

ടൂര്‍ണമെന്റിന്റെ ആദ്യദിവസം മുതല്‍ തന്നെ ടിക്കറ്റ് എടുത്തിട്ടും മത്സരം കാണാന്‍ കഴിയാത്ത സ്ഥിതിയുണ്ടായിരുന്നു. അന്നു തന്നെ പരാതി ഉയര്‍ന്നു. അടുത്ത മത്സരം മുതല്‍ ശരിയാകുമെന്നായിരുന്നു സംഘാടകര്‍ ഉറപ്പ് നല്‍കിയത്. എന്നാല്‍ തുടര്‍ന്നുള്ള കളികള്‍ക്കും മാറ്റം ഒന്നും ഉണ്ടായില്ല. കേരളത്തിന്റെ എല്ലാ മത്സരങ്ങള്‍ക്കും തല്‍സ്ഥിതി തുടര്‍ന്നു. ആവശ്യമായ ക്രമീകരണം നടത്താന്‍ സര്‍ക്കാരിനോ സംവിധാനങ്ങള്‍ക്കോ കഴിഞ്ഞിരുന്നില്ല.

മെയ് രണ്ടിന് വൈകീട്ട് 7.30 ന് നടന്ന കേരളവും ബംഗാളും തമ്മിലുള്ള ഫൈനല്‍ മത്സരം കാണാനും സംസ്ഥാനത്തിന് പുറത്ത് നിന്നടക്കം നിരവധി പേരായിരുന്നു എത്തിയിരുന്നത്. രാവിലെ 10 മണിയോടെ തന്നെ പയ്യനാട് സ്റ്റേഡിയത്തിലേക്കുള്ള ഫുട്‌ബോള്‍ പ്രേമികളുടെ ഒഴുക്ക് ആരംഭിച്ചിരുന്നു. ഉച്ചക്ക് രണ്ട് മണിയോടെ തിരക്ക് നാലിരട്ടിയായി. അഞ്ച് മണിയോടെ തന്നെ സ്റ്റേഡിയം നിറയുകയും ചെയ്തു. ഇതോടെ പ്രധാന കവാടങ്ങളെല്ലാം പൊലീസിന്റെ സഹായത്തോടെ അടച്ചുപൂട്ടുകയും ടിക്കറ്റ് എടുത്തവര്‍ക്ക് പോലും മത്സരം കാണാനുള്ള അവസരം നിഷേധിക്കുകയും ചെയ്തു. ടിക്കറ്റെടുത്തവര്‍ കളികാണാന്‍ കഴിയാത്ത നിരാശയില്‍ പിരിഞ്ഞ് പോകാതെ കവാടത്തിന് പുറത്ത് തടിച്ച് കൂടിയതോടെ കായികപരമായാണ് ഇവരെ പൊലീസ് നേരിട്ടത്.

Chandrika Web: