കൗമാരകേരളത്തിന്റെ കായികകുതിപ്പിന് നാളെ കുന്നംകുളത്ത് വിസില്‍ മുഴങ്ങുമ്പോള്‍ കിരീടമുറപ്പിക്കാനുള്ള അവസാനവട്ട പരിശീലനത്തിലാണ് താരങ്ങളും സ്‌കൂളുകളും. ഇന്നാണ് ഔദ്യോഗികമായി തുടങ്ങുന്നതെങ്കിലും മത്സരങ്ങളെല്ലാം നാളെ മുതലാണ്. മത്സരങ്ങള്‍ക്കായി കുന്നംകുളം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു. നാളെ രാവിലെ 7 മണിക്കാണ് മത്സരങ്ങളുടെ തുടക്കം. വൈകിട്ട് ഉദ്ഘാടന ചടങ്ങുകള്‍. മൂവായിരത്തോളം താരങ്ങള്‍ക്കൊപ്പം 350-ലേറെ ഒഫീഷ്യല്‍സും മേളയുടെ ഭാഗമാവും. കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ ഇത്തവണയും പകലും രാത്രിയുമായാണ് മത്സരം. ഓവറോള്‍ കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം നടത്താറുള്ള പാലക്കാട്, എറണാകുളം, മലപ്പുറം ജില്ലകളിലെ സ്‌കൂളുകള്‍ തന്നെയാണ് ഇത്തവണയും ചാമ്പ്യന്‍ സ്‌കൂളുകളുടെ പോരിലും മുന്നില്‍. കഴിഞ്ഞ തവണ തിരുവനന്തപുരത്ത് ചരിത്രകിരീടം നേടിയ മലപ്പുറം കടകശേരി ഐഡിയല്‍ ഇംഗ്ലീഷ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ആണ് ഫേവറിറ്റ്. എറണാകുളത്തെയും പാലക്കാട്ടെയും സ്‌കൂളുകളുടെ കുത്തക തകര്‍ത്തെറിഞ്ഞായിരുന്നു 66 പോയിന്റുമായി ഐഡിയലിന്റെ നേട്ടം. 2019ല്‍ കണ്ണൂരില്‍ നടന്ന മേളയില്‍ ആദ്യ അഞ്ചില്‍ പോലും ഇടംനേടാതിരുന്ന ടീമാണ് തിരുവനന്തപുരത്ത് ചരിത്രം സൃഷ്ടിച്ചത്. കൂടുതല്‍ താരങ്ങളുമായി ഒരുങ്ങിത്തന്നെയാണ് ഐഡിയല്‍ സ്‌കൂള്‍ ഇത്തവണയുമെത്തുന്നത്. മലപ്പുറം ജില്ലാ മേളയില്‍ 15ാം തവണയും കിരീടംനേടിയ ടീമില്‍ 30 മത്സരാര്‍ഥികളുണ്ട്. കഴിഞ്ഞ തവണ 25 പേരുണ്ടായിരുന്ന സ്ഥാനത്താണിത്. 36 സ്വര്‍ണമാണ് ജില്ലാ മീറ്റില്‍ നേടിയത്. കഴിഞ്ഞ ഒരുമാസമായി കഠിന പരിശ്രമത്തിലാണ്. കായിക വിഭാഗം മേധാവി ഷാഫി അമ്പായത്തിന്റെ നേതൃത്വത്തില്‍ അഞ്ചോളം പരിശീലകരുടെ കീഴിലാണ് ഒരുക്കം.
എറണാകുളം ജില്ല മേളയിലെ ചാമ്പ്യന്‍മാര്‍ സംസ്ഥാന തലത്തിലും ചാമ്പ്യന്‍മാരാവുന്നതാണ് മേളയില്‍ വര്‍ഷങ്ങളായുള്ള പതിവ്. ആ പതിവ് തെറ്റിച്ചാണ് കഴിഞ്ഞ തവണ ഐഡിയല്‍ ചരിത്രം കുറിച്ചത്. ഇത്തവണ കിരീടം തിരിച്ചുപിടിക്കുമെന്ന് മാര്‍ബേസില്‍ കായിക അധ്യാപിക ഷിബി പറയുന്നു. പോള്‍വോള്‍ട്ടിലടക്കം കഴിഞ്ഞവര്‍ഷമുണ്ടായ പിഴവുകള്‍ തിരുത്തിയാണ് ടീമിന്റെ വരവ്. ശനിയാഴ്ച സമാപിച്ച ജില്ലാ മീറ്റില്‍ മുന്‍വര്‍ഷത്തേക്കാള്‍ കൂടുതല്‍ മെഡലുകളും പോയിന്റുകളും നേടാനായത് സ്‌കൂളിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്. പ്രതാപികളായ കോതമംഗലം സെന്റ്‌ജോര്‍ജ്ജ് ഇത്തവണയും ചിത്രത്തിലേയില്ല. കഴിഞ്ഞ രണ്ട് മീറ്റുകളിലായി രണ്ടാം സ്ഥാനത്ത് തുടരുന്ന കല്ലടി എച്ച്എസ് കുമരംപുത്തൂര്‍ ഇത്തവണ കിരീടം ലക്ഷ്യമിടുന്നുണ്ടെങ്കിലും വഴി എളുപ്പമാവില്ല. 54 പോയിന്റുകള്‍ നേടിയായിരുന്നു കഴിഞ്ഞവര്‍ഷം രണ്ടാം സ്ഥാനം. എന്നാല്‍ ജില്ലാ മേളയില്‍ മൂന്നാം സ്ഥാനത്തേക്ക് പോയത് അവര്‍ക്ക് തിരിച്ചടിയാണ്. 125.5 പോയിന്റുകളുമായി പറളി സ്‌കൂളാണ് ഇത്തവണയും പാലക്കാട്ടെ ജേതാക്കളായത്. മുണ്ടൂര്‍ എച്ച്.എസാണ് രണ്ടാമത്. കടുത്ത മത്സരത്തിനൊടുവില്‍ കോഴിക്കോട് ജില്ലാ ചാമ്പ്യന്‍പട്ടം നിലനിര്‍ത്തിയാണ് പുല്ലൂരംപാറ സെന്റ് ജോസഫ്‌സ് സ്‌കൂളിന്റെ വരവ്. മെഡല്‍ ഉള്‍പ്പെടെ കുറഞ്ഞത് അവര്‍ക്ക് തിരിച്ചടിയാണ്. നാട്ടിക ഗവ.ഫിഷറീസ് എച്ച്എസ്എസ്, മലപ്പുറം ആലത്തിയൂര്‍ കെഎച്ച്എംഎച്ച്എസ്, കോഴിക്കോട് പൂവമ്പായി എഎംഎച്ച്എസ്, പൂഞ്ഞാര്‍ എസ്എംവി എച്ച്എസ്എസ്, കോതമംഗലം കീരമ്പാറ സെന്റ് സ്റ്റീഫന്‍സ് എച്ച്എസ് സ്‌കൂളുകളും വമ്പന്‍മാര്‍ക്കൊപ്പം കിരീടപ്രതീക്ഷ പുലര്‍ത്തുന്നു. കൂടുതല്‍ സ്‌കൂളുകളുടെയും അക്കാദമികളുടെയും രംഗപ്രവേശവും ഇത്തവണ സ്‌കൂള്‍ കിരീട ജേതാക്കളെ നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാകും.