X

ഒറ്റുകാര്‍ ഒരുങ്ങുകയാണ്- പി.പി മുഹമ്മദ്

പി.പി മുഹമ്മദ്

ഇന്ത്യാ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്ര രേഖകളില്‍ ഇടമില്ലാത്തവരുടെ പേരുകള്‍, കുലനാമങ്ങള്‍, പ്രദേശങ്ങള്‍, പ്രസ്ഥാനങ്ങള്‍, സംഘടനകള്‍ എന്നിവരെയെല്ലാം എഴുതിചേര്‍ക്കുന്ന തിരക്കിലാണിപ്പോള്‍ ഭരണകൂടം. ചരിത്രവും ചരിത്ര സ്മാരകങ്ങളും മാറ്റിയെഴുതാനുള്ള അണിയറ നീക്കങ്ങള്‍ നടക്കുന്നതായുള്ള സംശയം ബലപ്പെടുകയാണ്. ഇന്ത്യക്കാര്‍ ഒരുമിച്ച്‌നിന്ന് മാതൃരാജ്യത്തിന് വേണ്ടിയായിരുന്നു പോരാടിയത്. പിറന്നനാടിന്റെ സ്വാതന്ത്ര്യമായിരുന്നു അവരുടെ ലക്ഷ്യം. ജാതിയും മതവും ഭാഷയും സംസ്‌കാരവും കാലാവസ്ഥയും എല്ലാ വേദനകളും അഭിപ്രായവ്യത്യാസങ്ങളും മറന്ന് ഒറ്റക്കെട്ടായി പോരാടിയ സമരത്തിന്റെ പേരായിരുന്നു ഇന്ത്യന്‍ സ്വാതന്ത്ര്യസമരം. ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച് സമരാവേശം ജനങ്ങളിലെത്തിച്ച നേതാവിന്റെ പേര് മഹാത്മ ഗാന്ധിജിയെന്നായിരുന്നു. 33 കോടി ജനത ഒറ്റക്കെട്ടായി പടപൊരുതിയപ്പോള്‍ അന്ന് ചിലരതിനെ തളര്‍ത്താനുണ്ടായിയെന്ന് ചരിത്രം പറയുന്നു. ആ പണിയെടുത്തവരെ ദേശവാസികള്‍ ഒറ്റുകാര്‍ എന്ന് വിളിച്ചു. ഇന്ത്യ സ്വതന്ത്രയായിട്ടും വിശ്വസിക്കാത്തവരും സ്വാതന്ത്ര്യമല്ലെന്ന് വിളിച്ച് പറയുന്നവരും അന്നുണ്ടായിരുന്നു. പിന്നീട് മാറ്റി പറഞ്ഞതും സ്വാതന്ത്ര്യ ദിനമാഘോഷിച്ചതും പതാക ഉയര്‍ത്തിയതും ചരിത്രം സാക്ഷി.

മാപ്പ് എഴുതി ജയില്‍ മോചനം വാങ്ങിയവരും ക്വിറ്റ് ഇന്ത്യാ (ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക) സമരത്തിന് വിരുദ്ധ നിലപാട് സ്വീകരിച്ചവരും സമരതീഷ്ണത കുറക്കാന്‍ ആവുന്നതെല്ലാം ചെയ്ത്‌കൊണ്ടിരുന്നു. അതെല്ലാം തട്ടിമാറ്റി ധീര രക്തസാക്ഷികള്‍ ദേശസ്‌നേഹികള്‍, നേടിയെടുത്തതാണ് ഇന്ത്യയെന്ന സ്വതന്ത്ര്യ രാജ്യം. പിന്നില്‍നിന്ന് സ്വാതന്ത്ര്യ സമര സംഘ ശക്തിയെ തളര്‍ത്താന്‍ ശ്രമിച്ചവരിപ്പോഴും ഒരുമിച്ചാണ് ഭരിച്ച് കൊണ്ടിരിക്കുന്നതെന്നതും യാദൃച്ഛികമാവാം.

ഇന്ത്യയിലെ സമരചരിത്ര രേഖകള്‍ മാറ്റിയെഴുതാനും അടയാളങ്ങള്‍ തച്ചുടക്കാനുമുള്ള തിരക്കിലാണ് ഭരണകൂടം. ചിലരതിലെ നായകന്മാരുടെയും വീരധീര രക്തസാക്ഷികടെയും പേരുകള്‍ പരതുന്ന തിരക്കിലാണ്. അവരവര്‍ക്ക് പറ്റിയ പേരുകളാണവര്‍ അന്വേഷിക്കുന്നത്. സ്ഥാപനങ്ങള്‍, സ്മാരകങ്ങള്‍, സ്ഥലം, റോഡ്, കളിസ്ഥലം, കേന്ദ്ര പദ്ധതികളുടെയും പേരുകള്‍ മാറ്റി തുടങ്ങി. മാത്രമല്ല ഒരുമിച്ച് പോരാടി നേടിയെടുത്ത സ്വതന്ത്ര ഇന്ത്യയുടെ പ്രധാനപ്പെട്ട ചുമരുകളില്‍നിന്ന് ചിലരുടെ ചിത്രങ്ങളും പേരുകളും അപ്രത്യക്ഷമാവുന്നു. പോരാട്ടത്തില്‍ ഒരുമിച്ചായിരുന്നെങ്കിലും ഇപ്പോള്‍ സമര രക്തസാക്ഷികളെ പേര് നോക്കി വിഭജനം നടത്തുന്ന തിരക്കിലാണ്. അത്തരക്കാര്‍ ഒരുവിഭാഗത്തെ മാത്രം തെരഞ്ഞെടുത്ത് ഇല്ലായ്മക്കുള്ള തിരക്കഥയാണുണ്ടാക്കുന്നത്. ശാരീരികമായും മാനസികമായും വിശ്വാസപരമായും തളര്‍ത്തുകയാണ്. ആസൂത്രിത നിയമനിര്‍മ്മാണമുണ്ടാക്കിയും കലാപവും അക്രമമുണ്ടാക്കിയും ആട്ടിപായിപ്പിക്കാനാണ് ശ്രമം.

രാഷ്ട്ര പിതാവിനെ വെടിവെച്ച് കൊലപ്പെടുത്തിയവരെ തള്ളിപറയുന്നതിന് പകരം ആദരിക്കുന്നു, നൂറ്റാണ്ടുകളായി ആരാധിച്ചിരുന്ന ബാബരി മസ്ജിദ് തര്‍ക്കുന്നു, ആരാധനാലയങ്ങളിലെ പ്രാര്‍ത്ഥന തടസ്സപ്പെടുത്തുന്നു, പരിശുദ്ധ മതഗ്രന്ഥങ്ങള്‍ അഗ്‌നിക്കിരയാക്കുന്നു, പേര് നോക്കി മനുഷ്യരെ തല്ലികൊല്ലുന്നു, പശു സംരക്ഷണത്തിന്റെ മറവില്‍ വീടുകള്‍ കത്തിക്കുന്നു, വീട്ടുകാരെ കൊലപ്പെടുത്തുന്നു, പത്രാധിപരെയും എഴുത്തുകാരെയും ഭീഷണിപ്പെടുത്തുന്നു, തലപ്പാവും തൊപ്പിയും താടിയും നോക്കി അകാരണമായി കേസെടുത്ത് ജയിലിലടക്കുന്നു, ഒരു സംസ്ഥാനത്തെ വിഭജിച്ച് രണ്ട് കേന്ദ്ര ഭരണ പ്രദേശമാക്കുന്നു, ലൗ ജിഹാദെന്ന പേരുണ്ടാക്കി വേട്ടയാടുന്നു, നാര്‍ക്കോട്ടിക് ജിഹാദുണ്ടെന്ന കണ്ടെത്തലുമായി ചിലര്‍ ഓശാനപാടുന്നു, ഏകസിവില്‍ കോഡിനായി മുറവിളി ഉയര്‍ത്തുന്നു, ശരീഅത്തിനെ തകര്‍ക്കാന്‍ എതിരാളികള്‍ ഒരുമിക്കുന്നു, സ്വദേശികളെ പരദേശികളായി മുദ്രകുത്തി നാട്കടത്താന്‍ നിയമമുണ്ടാക്കുന്നു, ഭരണഘടന അനുവദിക്കുന്ന ജോലി പഠന സംവരണം അട്ടിമറിക്കുന്നു, മത ചിഹ്‌നങ്ങള്‍ നശിപ്പിക്കാന്‍ ആസൂത്രിത ശ്രമം ഭരണകൂട തണലില്‍ നടത്തുന്നു. ഇതിന്റെയെല്ലാം ഇരയാവുന്നത് പിന്നാക്ക ന്യൂനപക്ഷങ്ങളാണ്. പ്രധാനമായും ന്യൂനപക്ഷങ്ങളിലെ ഒരു വിഭാഗമാണ്.ശരീഅത്ത് നിയമവും പരിശുദ്ധ ഖുര്‍ആനും പഴഞ്ചനാണെന്ന് വാചകമടിക്കുന്നു, പൗരത്വ നിയമവും രജിസ്റ്ററും നടപ്പാക്കി ഒരു വിഭാഗത്തെ മുള്‍മുനയില്‍ നിര്‍ത്തുന്നു, അര്‍ഹതപ്പെട്ട സംവരണാനുകൂല്യങ്ങള്‍ നിഷേധിക്കുന്നു, കോവിഡ് മഹാമാരിയുടെ വ്യാപനത്തിനുത്തരവാദിത്വവും മണ്ടന്‍ തീരുമാനമായിരുന്ന നോട്ട് നിരോധനവും ഈ വിഭാഗം കാരണമെന്ന് കണ്ടെത്തി അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നു. അകാരണമായി കൊലപ്പെത്തിയതിന് ശേഷം തീവ്രവാദിയും ഭീകരവാദിയുമാക്കുന്നു. രാജ്യസുരക്ഷാ നിയമമുണ്ടാക്കി പാവങ്ങളെ വിചാരണയില്ലാതെ അനിശ്ചിതമായി ജയിലിലടക്കുന്നു. ഇങ്ങനെ ഒട്ടേറെ വേദനിപ്പിക്കുന്ന സംഭവങ്ങളും നടപടികളുമാണ് ദിനേന കേള്‍ക്കുന്നതും കാണുന്നതും. രാഷ്ട്ര മോചനത്തിനായി ഇന്ത്യന്‍ ജനത ഒരുമിച്ച്‌നിന്ന് ബ്രിട്ടീഷുകാര്‍ക്കെതിരെ പ്രതിരോധം ശക്തിപ്പെടുത്തി സമരസജ്ജരായിരുന്നപ്പോഴും സ്വാതന്ത്ര്യ സമരത്തെ പോലും ഒറ്റാന്‍ ശ്രമിച്ചവരാണിപ്പോള്‍ രാജ്യരക്ഷക്ക് വേണ്ടി പടനയിച്ച വീരന്മാരുടെ, ധീര രക്തസാക്ഷികളുടെ പിന്‍മുറക്കാരെ ഒറ്റപ്പെടുത്താനുള്ള ഒരുക്കങ്ങളുമായി രംഗത്തിറങ്ങിയതായി കാണുന്നത്.

Test User: