ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുമായി ആസാദ് സമാജ് പാര്‍ട്ടി സഖ്യം ഉണ്ടാക്കില്ലെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നിരുന്നെന്നും എന്നാല്‍ എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് തങ്ങളെ അപമാനിക്കുകയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ദലിതരെ വോട്ടുബാങ്ക് ആയി മാത്രമാണ് അവര്‍ കാണുന്നതെന്നും ആയതിനാല്‍ സഖ്യമുണ്ടാക്കാന്‍ താല്‍പര്യമില്ലെന്നും ചന്ദ്രശേഖര്‍ ആസാദ് വ്യക്തമാക്കി. ഇന്നലെയാണ് ചന്ദ്രശേഖര്‍ ആസാദ് അഖിലേഷ് യാദവുമായി ചര്‍ച്ച നടത്തിയത്. 10 സീറ്റുകള്‍ ആവശ്യപ്പെട്ട ആസാദിന് മൂന്ന് സീറ്റുകള്‍ മാത്രമാണ് അഖിലേഷ് യാദവ് വാഗ്ദാനം ചെയ്തത്. അനീതിക്കെതിരെയുള്ള തന്റെ പോരാട്ടം ഇനിയും തുടരുമെന്നും പ്രതിപക്ഷത്തെ ഒരുമിച്ച് നിര്‍ത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. വേണ്ടിവന്നാല്‍ ഒറ്റയ്ക്ക് പോരാടുമെന്നും കൂട്ടിചേര്‍ത്തു.