കേരള ഗാന വിവാദത്തിൽ ശ്രീകുമാരൻ തമ്പിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി വീണ്ടും സാഹിത്യ അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദൻ. കേരള ഗാനം പ്രൊജക്റ്റ് സാഹിത്യ അക്കാദമിയുടെതല്ല സർക്കാരിന്റേതാണെന്നും ശ്രീകുമാരൻ തമ്പിയോട് പാട്ട് ചോദിക്കാൻ നിർദേശിച്ചത് സാംസ്കാരിക വകുപ്പ് സെക്രട്ടറിയാണെന്നും അദ്ദേഹം പറഞ്ഞു.
അതിൽ വിയോജിപ്പ് പ്രകടിപ്പിച്ചതോടെ പ്രത്യേക കമ്മറ്റിയെ രൂപീകരിക്കുകയായിരുന്നുവെന്നും ആ കമ്മിറ്റിയിൽ വെറും അംഗം മാത്രമാണ് താനെന്നും കെ സച്ചിദാനന്ദൻ പറഞ്ഞു.
ഒരു തരത്തിലുള്ള വാഗ്ദാന ലംഘനവും ശ്രീകുമാരൻ തമ്പിയോട് നടത്തിയിട്ടില്ല.ആ പാട്ട് പറ്റില്ലെന്ന് കണ്ടെത്തിയത് അവർ ഉൾപ്പെട്ട കമ്മിറ്റിയാണ്.വസ്തുനിഷ്ഠ കാരണങ്ങളാൽ തമ്പിയുടെ ഗാനം അംഗീകാര യോഗ്യമായി കരുതിയില്ല. അന്തിമ തീരുമാനം സർക്കാർ കമ്മിറ്റി അംഗീകരിക്കുമ്പോൾ മാത്രമേ ഉണ്ടാകുകയുള്ളൂ. വ്യക്തിപരമായും അപമാനകരമായും ചിത്രീകരിക്കുന്നവരുടെ രാഷ്ട്രീയവും മനശാസ്ത്രവും പരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
സാഹിത്യ അക്കാദമി നിർബന്ധിച്ച് കേരളഗാനം എഴുതിപ്പിച്ചശേഷം ഒരു മറുപടിയും അറിയിച്ചില്ലെന്ന ശ്രീകുമാരൻ തമ്പിയുടെ പരാതിയെ തുടർന്നാണ് പാട്ട് വിവാദത്തിന്‍റെ തുടക്കം. എന്നാൽ, തമ്പിയുടെ ഗാനത്തിന് നിലവാരമില്ലെന്നാണ് വിദഗ്ധസമിതി കണ്ടെത്തലാണ് നിരസിക്കാൻ കാരണമെന്ന് സച്ചിദാനന്ദൻ പ്രതികരിച്ചതോടെ വിവാദങ്ങൾക്ക് തുടക്കമാവുകയായിരുന്നു.
സാഹിത്യ അക്കാദമിക്കെതിരെയും അധ്യക്ഷൻ കെ സച്ചിദാനന്ദനെതിരെയും ശ്രീകുമാരൻ തമ്പി രൂക്ഷ വിമർശനമാണ് ഉന്നയിച്ചത് . കെ സച്ചിദാനന്ദൻ തന്നെ മനഃപൂർവം അപമാനിച്ചുവെന്ന് അദ്ദേഹം ആരോപിച്ചത്. ‘കേരള ഗാനം’ എഴുതി നൽകിയിട്ടും അത് ഒഴിവാക്കിയത് തന്നെ അറിയിച്ചില്ല.
പാട്ട് മാറ്റി എഴുതി നൽകാൻ ആവശ്യപ്പെട്ടുവെന്നും മാറ്റി നൽകിയപ്പോൾ നന്ദി മാത്രമായിരുന്നു മറുപടിയൊന്നും അദ്ദേഹം പറഞ്ഞിരുന്നു. ബി കെ ഹരിനാരായണന്റെ പാട്ടാണ് പിന്നീട് തിരഞ്ഞെടുത്തത്. സാഹിത്യ അക്കാദമി തന്നെ അപമാനിച്ചുവെന്നും തനിക്കെതിരെ നടന്നത് ബോധപൂർവമായ നീക്കമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.