പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ മാസങ്ങള്‍ക്ക് മുമ്പ് പലതവണ പാമ്പിനെ കണ്ടിരുന്നു. എന്നിട്ടും വാര്‍ഡുകളോട് ചേര്‍ന്ന പുല്‍ക്കാടുകള്‍ വെട്ടിത്തെളിക്കാനോ അങ്ങിങ്ങായി കിടക്കുന്ന ചപ്പു ചവറുകള്‍ നീക്കം ചെയ്യാനോ വാര്‍ഡുകളിലും വരാന്തകളിലും കണ്ട മാളങ്ങള്‍ അടയ്ക്കാനോ കാര്യമായ നടപടിയുണ്ടായില്ല.
മൂര്‍ഖന്‍ കുഞ്ഞുങ്ങളുടെ വിഹാരത്തിനിടെ ഭാഗ്യത്തിന്റെ കരുത്തിലാണ് ഇത്തവണ രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരുമെല്ലാം രക്ഷപ്പെട്ടത്. കാന്റീനും വാര്‍ഡിനു പിന്‍വശവും ചേരുന്ന ഭാഗത്ത് പുല്‍പ്പടര്‍പ്പുകളാണ്. ഇവിടെ പുറത്തെ ചുമരിന്റെ ഭാഗത്തു നിന്ന് വാര്‍ഡിലേക്ക് മാളങ്ങളും ഉണ്ട്. ആശുപത്രിയുടെ മറ്റു ചില ഭാഗങ്ങളിലും പുല്‍ക്കാടുകളുണ്ട്. പിടികൂടിയ പാമ്പിന്‍ കുഞ്ഞുങ്ങളില്‍ പലതും ഇനിയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. വലിയ പാമ്പുകളും മാളങ്ങളിലുണ്ടാകാം.