X

ആകാശത്തൊരു സില്‍വര്‍ലൈന്‍ ആകാം- കെ. സുധാകരന്‍

കെ. സുധാകരന്‍

ഒരു വികസന പദ്ധതി സംബന്ധിച്ചു കേരളചരിത്രത്തിലെ ഏറ്റവും വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും തുടക്കമിട്ട പദ്ധതിയാണ് കെ റെയില്‍. നാല് മണിക്കൂര്‍ കൊണ്ട് കാസര്‍കോട് നിന്ന് തിരുവനന്തപുരം വരെയെത്താന്‍ സൗകര്യമൊരുക്കാം എന്നാണ് വാഗ്ദാനം. പലര്‍ക്കും അത് പ്രയോജനം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ, അതിനു കേരളം എന്ത് വിലകൊടുക്കേണ്ടിവരും എന്നതാണ് പ്രശ്‌നം. കെ റെയില്‍ വിഭാവനം ചെയ്യുന്നത് ഒരാള്‍ക്ക് നാല് മണിക്കൂര്‍ കൊണ്ട് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 1,457 ടിക്കറ്റില്‍ യാത്ര ചെയ്യാമെന്നാണ്. ഈ ടിക്കറ്റ് നിരക്കില്‍ ആദ്യത്തെ വര്‍ഷം, അതായത് 2025-26ല്‍ ഒരു ദിവസം ശരാശരി 79,934 യാത്രക്കാരുണ്ടാകുമെന്നാണ് കണക്കുകൂട്ടിയിരിക്കുന്നത്. ആ വര്‍ഷം 2,276 കോടി വരുമാനമുണ്ടാകുമെന്നും ഡി.പി.ആറില്‍ പറയുന്നു. പദ്ധതിക്കുള്ള ചിലവ് കണക്കാക്കിയിരിക്കുന്നത് 63,940 കോടിയാണ്. പക്ഷെ നീതി ആയോഗ് പറയുന്നത് 1,33,000കോടിയിലെത്തുമെന്നാണ്.

എനിക്ക് ചോദിക്കാനുള്ളത് വളരെ ലളിതമായ ചോദ്യമാണ്. ഈ പദ്ധതി നടപ്പിലാക്കാനുള്ള ചിലവ് 1,33,000 കോടിയിലെത്തിയാല്‍, ടിക്കറ്റ് നിരക്ക് 1,457 ല്‍ തന്നെ പിടിച്ചുനിര്‍ത്താന്‍ പറ്റുമോ. ടിക്കറ്റ് നിരക്ക് മൂവായിരമെങ്കിലും ആക്കേണ്ടി വരില്ലേ. അങ്ങനെയെങ്കില്‍ 79,934 യാത്രക്കാര്‍ ഒരു ദിവസം ഈ ട്രെയിന്‍ ഉപയോഗിക്കും എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ. മാത്രമല്ലടിക്കറ്റ് നിരക്ക് എല്ലാവര്‍ഷവും 6% വെച്ച് കൂട്ടും എന്നാണ് ഡി.പി.ആറില്‍ പറയുന്നത്. അതായതു അഞ്ചുവര്‍ഷം കഴിയുമ്പോള്‍ 1,950 ആകും ടിക്കറ്റ് നിരക്ക്. 2050ല്‍ 6,253ആണ് ടിക്കറ്റ് നിരക്ക്. പിന്നീടുള്ള വര്‍ഷങ്ങളില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റെടുക്കാന്‍ സര്‍ക്കാര്‍ ബാങ്ക് ലോണ്‍ കൊടുക്കുമോ? ദിവസേനയുള്ള യാത്രക്കാരുടെ കണക്കും ശുദ്ധ അസംബന്ധമാണ്. യാത്രക്കാരുടെ കണക്കു കൃത്രിമമായി നിര്‍മിച്ചതാണെന്ന വാര്‍ത്ത നിങ്ങള്‍ വായിച്ചുകാണും. പ്രാഥമിക സര്‍വ്വേ റിപ്പോര്‍ട്ടില്‍ വെറും 37,750 മാത്രമായിരുന്ന കണക്ക് അന്തിമ റിപ്പോര്‍ട്ടായപ്പോള്‍ 79,934 ആയിഇരട്ടിച്ചു. ഇരുപത്തഞ്ചു വര്‍ഷത്തിനുള്ളില്‍ യാത്രക്കാരുടെ എണ്ണം ഇരട്ടിയാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. പക്ഷെ അവര്‍ സൗകര്യപൂര്‍വം മറച്ചുവെയ്ക്കുന്നത് ടിക്കറ്റ് നിരക്ക് അഞ്ചിരട്ടിയാക്കി 7,027 ലെത്തുമെന്ന കയ്‌പേറിയ സത്യമാണ്.

സര്‍ക്കാര്‍ കണക്കുകൂട്ടുന്നത് 33,699 കോടി കടമെടുക്കേണ്ടിവരുമെന്നാണ്. ഈ കടം ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപറേഷന്‍ ഏജന്‍സിയി (ഷശരമ)ല്‍നിന്നും വെറും കാല്‍ ശതമാനം വാര്‍ഷിക പലിശയ്ക്ക് കിട്ടുമെന്നാണ്. പദ്ധതി ചിലവ് കൂടിയാല്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു രൂപ പോലും അധികം അനുവദിക്കില്ല എന്ന് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. നീതി ആയോഗിന്റെ കണക്കിലേക്കു ചിലവ് പോകുകയാണെങ്കില്‍ ഏകദേശം ഒരു ലക്ഷം കോടി രൂപ കടമെടുക്കേണ്ടതായി വരും. നാല്‍പതു വര്‍ഷത്തേക്കുള്ള ലോണിന് 5,093 കോടി പലിശ കൊടുക്കേണ്ടി വരും.

പക്ഷെ ഖകഇഅ തരുന്ന പണം ജാപ്പനീസ് യെന്നിലാണ്. നമ്മള്‍ തിരിച്ചു കൊടുക്കേണ്ടത് യെന്നിലാണ്. ഇവിടെയാണ് നമ്മള്‍ അധികം ചര്‍ച്ച ചെയ്യാത്ത മറ്റൊരു കെണിയുള്ളത്. ഇപ്പോഴത്തെ രൂപയുടെ പോക്കനുസരിച്ച് ഭാവിയില്‍ ജാപ്പനീസ് യെന്നിന്റെ മൂല്യം കൂടുകയും രൂപയുടെ മൂല്യം താഴുകയും ചെയ്താല്‍ നമ്മള്‍ തിരിച്ചടയ്‌ക്കേണ്ട തുക ക്രമാതീതമായി വര്‍ധിച്ചേക്കാം. കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തെ മൂല്യം നോക്കിയാല്‍ ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് നമുക്ക് ഊഹിക്കാം.

2007ല്‍ ഒരു രൂപയ്ക്കു 3 ജാപ്പനീസ് യെന്‍ കിട്ടുമായിരുന്നു. ഇന്ന് അത് 1.54 യെന്‍ ആയി കുറഞ്ഞു. അന്ന് നമ്മള്‍ ഒരു ലക്ഷം കോടി കടമെടുത്തിരുന്നെകില്‍ ഇന്ന് അത് ജാപ്പനീസ് യെന്നില്‍ തിരിച്ചടയ്ക്കണമെങ്കില്‍ 1,94,805 കോടി രൂപ വേണ്ടിവരും. കമ്മ്യൂണിസ്റ്റുകാരുടെ സ്വപ്‌നഭൂമിയായ ചൈനയിലെസ്ഥിതിയെന്താണ്. അവിടെ 38,000 കിലോമീറ്റര്‍ ഹൈ സ്പീഡ് റെയില്‍വേ ഉണ്ട്. പക്ഷെ ഷാങ്ങ്ഹായ് യും ബെയ്ജിംഗും പോലെയുള്ള റൂട്ടുകളൊഴിച്ചു ബാക്കി ഭൂരിഭാഗം ലൈനുകളും വന്‍ നഷ്ടത്തിലാണ് ഓടുന്നത്. പല പ്രവിശ്യകള്‍ക്കും തുടങ്ങിയ ലൈനുകളില്‍ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ട് ലോണിന്റെ പലിശ പോലും അടയ്ക്കാന്‍ ആവുന്നില്ല എന്നതാണ് സത്യം. ഒബ്‌സര്‍വേര്‍ റിസര്‍ച്ച് ഫൌണ്ടേഷന്‍ (ഛഞഎ) നടത്തിയ പഠനപ്രകാരം ഈ ചൈനീസ് ട്രെയിന്‍ കമ്പനികളുടെ ആകെ കടം 85,000 കോടി ഡോളര്‍ വരുമെന്നാണ്. ഇത് ചൈനയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.

ഞാന്‍ ആവര്‍ത്തിച്ചുപറയുന്നു അതിവേഗ ഗതാഗതം എന്ന ആശയത്തോട് ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. ഞങ്ങളും ഞങ്ങളുടെ പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത കാര്യമാണ് ഹൈ സ്പീഡ് റെയില്‍വേ. പക്ഷെ അന്ന് നടത്തിയ വിശദമായ പഠനത്തില്‍ ഞങ്ങള്‍ക്ക് മനസിലായത് ഇത് സാമ്പത്തികമായി ലാഭകരമാവില്ലെന്നാണ്. അതില്‍നിന്ന് ഉള്‍കൊണ്ട വിവേകം കൊണ്ടാണ് ഞങ്ങള്‍ ആ പദ്ധതി വേണ്ടെന്നു വെച്ചത്. അതേ കാര്യമാണ് ഞങ്ങള്‍ ഈ സര്‍ക്കാരിനോടും പറയുന്നത്. ഈ പദ്ധതി കൃത്രിമമായി ലാഭകരമാണെന്നു കാണിച്ചുജനങ്ങളെ കബളിപ്പിച്ചു സ്ഥലം ഏറ്റെടുക്കാനുള്ള വ്യഗ്രത കാണുമ്പോള്‍ ജനങ്ങള്‍ക്ക് സ്വാഭാവികമായും സംശയങ്ങള്‍ തോന്നാം. സര്‍ക്കാര്‍ ഈഗോ മാറ്റിവെച്ചു ഈ വിഷയത്തില്‍ പ്രതിപക്ഷവും പൊതുസമൂഹവും ഉന്നയിക്കുന്ന കാര്യങ്ങള്‍ പഠിക്കണം. അപ്പോള്‍ ഈ പദ്ധതി ഒരിക്കലും സാമ്പത്തികമായി ലാഭകരമാവില്ലെന്ന് സര്‍ക്കാരിന് ബോധ്യമാകും. ഇതുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ അതിനു പിന്നില്‍ പല ഗൂഢോദ്ദേശ്യങ്ങളും ഉണ്ടെന്നു ജനങ്ങള്‍ക്കു കരുതേണ്ടിവരും.അങ്ങനെയെങ്കില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വന്‍ ജനകീയ പ്രക്ഷോഭം നേരിടേണ്ടതായി വരും.

പല ചര്‍ച്ചകളിലും ഉയര്‍ന്നു വന്ന ഒരു ചോദ്യമാണ് എന്താണ് കോണ്‍ഗ്രസിന് നിര്‍ദ്ദേശിക്കാനുള്ള പരിഹാരം, കാലം മാറുന്നതിനനുസരിച്ചു ആളുകള്‍ക്ക് വേഗത്തില്‍ യാത്ര ചെയ്യേണ്ടേ എന്നൊക്കെ. തീര്‍ത്തും ന്യായമായ ആവശ്യമാണ്. അതിനു ഞങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ആ പരിഹാരമാണ് ഫ്‌ളൈഇന്‍ കേരള. എയര്‍പോര്‍ട്ടുകളുടെ കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനമാണ് കേരളം. നമുക്ക് നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുണ്ട്. മാത്രമല്ല നമ്മുടെ അതിര്‍ത്തിയോടു ചേര്‍ന്ന് മംഗലാപുരം വിമാനത്താവളവും കോയമ്പത്തൂര്‍ വിമാനത്താവളവുമുണ്ട്. ഈ എയര്‍പോര്‍ട്ട് ശൃംഖല നന്നായി ഉപയോഗിക്കുകയാണെങ്കില്‍ നമുക്ക് വളരെ വേഗത്തില്‍ കേരളത്തിന്റെ ഒരറ്റത്തുനിന്നും മറ്റേയറ്റത്തെത്താന്‍ സാധിക്കും.

നമ്മള്‍ പൊതുവെ ചെറിയദൂരങ്ങള്‍ക്കു വിമാനയാത്ര ചെയ്യാത്തതിന് പ്രധാനമായും മൂന്ന് കാരണങ്ങളുണ്ട്. 1. അവസാന നിമിഷം ബുക്ക് ചെയ്താല്‍ ടിക്കറ്റിനു വലിയ വില കൊടുക്കേണ്ടി വരും . 2. ഇനി അഥവാ നേരത്തെ ബുക്ക് ചെയ്തിട്ട് എയര്‍പോര്‍ട്ടില്‍ എത്താന്‍ ഒരിത്തിരി വൈകിയാല്‍ ഫ്‌ളൈറ്റ് മിസ് ആകും, മുഴുവന്‍ കാശും പോകും.3. വീട്ടില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്ക് പോകാനുള്ള യാത്രാക്ലേശവും ചിലവും. എന്നാല്‍ ഫ്‌ളൈ ഇന്‍ കേരള വിമാനങ്ങളില്‍ റിസര്‍വേഷന്‍ നിര്‍ബന്ധമല്ല. എയര്‍പോര്‍ട്ടില്‍ എത്തിയിട്ട് ടിക്കറ്റ് എടുത്താല്‍ മതി. ഇനി റിസര്‍വേഷന്‍ ഉണ്ടെകിലും, അഥവാ ലേറ്റ് ആയാല്‍ പണം നഷ്ടപ്പെടില്ല. ഒന്‍പതു മണിക്കുള്ള ഫ്‌ളൈറ്റ് കിട്ടിയില്ലെങ്കില്‍ പത്തു മണിക്കുള്ളതിനു പോകാം. അതുപോലെതിരക്ക് കൂടുന്നതിനനുസരിച്ചു ടിക്കറ്റ് വിലകൂടുന്ന സമ്പ്രദായം ഉണ്ടാവില്ല. ആദ്യത്തെ ടിക്കറ്റിനും അവസാനത്തെ ടിക്കറ്റിനും ഒരേ വിലയായിരിക്കും. എല്ലാ അര്‍ത്ഥത്തിലും ഒരു എ.സി ബസ് പോലെ. ചെക്കിന്‍ ലഗേജ് ഉള്ളവര്‍ ഒരു മണിക്കൂര്‍ മുന്‍പേയും, ഇല്ലാത്തവര്‍ അരമണിക്കൂര്‍ മുന്‍പേയും എത്തിയാല്‍ മതി.

ഇനി അഥവാ ഫ്‌ളൈറ്റ് നിറഞ്ഞെങ്കില്‍ പരമാവധി ഒരു മണിക്കൂര്‍ കാത്തുനില്‍ക്കേണ്ട കാര്യമേയുള്ളൂ. ഫ്‌ളൈ ഇന്‍ കേരള വിജയിച്ചാല്‍ എല്ലാ അരമണിക്കൂറിലും വിമാനമുണ്ടാകും. അപ്പോള്‍ കാത്തുനില്‍പു പിന്നെയും കുറയ്ക്കാം. മൂന്നാമത്തെ പ്രശ്‌നം വിമാനത്താവളത്തിലേക്കുള്ള യാത്രയാണ്. ഒരിടത്തരം വലുപ്പത്തിലുള്ളഫ്‌ളൈ ഇന്‍ കേരള ഫീഡര്‍ ബസുകള്‍ ഒരു മണിക്കൂര്‍ ഇടവിട്ട് അടുത്തുള്ള വിമാനത്താവളത്തിലേക്ക് ആരംഭിക്കണം. ഗള്‍ഫില്‍ നിന്ന് വന്നിറങ്ങുന്ന ഒരു പ്രവാസിക്ക് ഈ ബസില്‍ കയറിയാല്‍ ലഗേജൊക്കെ സുഖമായി വെച്ച് വീടിന്റെ അടുത്തുള്ള ടൗണില്‍ വന്നിറങ്ങാം. ആരെയും ബുദ്ധിമുട്ടിക്കേണ്ട, ചിലവും കുറവ്. വിമാനത്താവളങ്ങളില്ലാത്ത ജില്ലകളിലേക്ക്‌നമ്മുടെ പുഴകളും കായലുകളും ഡാമുകളും ഉപയോഗിച്ച് തിരുവന്തപുരത്തിനും കൊച്ചിക്കുമിടയ്ക്കു സീ പ്ലെയ്‌നുകള്‍ ഉപയോഗിച്ച് ഫീഡര്‍ സെര്‍വീസുകള്‍ നടത്താം. ചെറിയ ചിലവേ വരുന്നുള്ളൂ. ഈ പദ്ധതി നടപ്പിലാക്കാന്‍ വിമാനങ്ങള്‍ വാടകയ്ക്കു എടുക്കുകയാണെങ്കില്‍ 300 കോടിമൂന്നുവര്‍ഷം കൊണ്ട് ചിലവാകും. വിമാനത്താവളത്തിലേക്ക് ഫീഡര്‍ ബസ് സര്‍വീസ് തുടങ്ങാന്‍ ഒരു 300 കോടി കൂടി ചിലവാകും. മറ്റനുബന്ധ ചിലവുകളെല്ലാം കൂട്ടിയാലും 1000 കോടിയില്‍ കൂടുതല്‍ പണം വേണ്ടഫ്‌ളൈ ഇന്‍ കേരള തുടങ്ങാന്‍. സില്‍വര്‍ലൈനിനു കടമെടുക്കുന്ന തുകയുടെ പലിശയുടെ ഒരംശം പോലുമാവില്ല ഈ തുക. ഇനി ഇതും നഷ്ടത്തിലായാല്‍ നമുക്ക് ആകെ നഷ്ടപ്പെടുക പരമാവധി 1000 കോടി രൂപയാണ്. അത് കൊണ്ട് കേരളത്തിന്റെ ഭാവിയെക്കരുതികെ റെയില്‍ എന്ന വിനാശകരമായ പദ്ധതി ഉപേക്ഷിച്ച് ഫ്‌ളൈ ഇന്‍ കേരളപോലുള്ള ഒരു പദ്ധതി നടപ്പിലാക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. ഇതിനായി സര്‍ക്കാരിനോടൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. ഈഗോ കളഞ്ഞു നമ്മുടെ വരും തലമുറയെ കടക്കെണിയിലാക്കുന്ന സില്‍വര്‍ലൈന്‍ പദ്ധതി ഉടന്‍ ഉപേക്ഷിക്കണമെന്ന്‌കോണ്‍ഗ്രസ് പാര്‍ട്ടി അഭ്യര്‍ത്ഥിക്കുന്നു.

Test User: