ലക്‌നൗ: യു.പിയില്‍ ആറാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. ഗോരഖ്പൂര്‍, അംബേദ്കര്‍ നഗര്‍, ബല്ലിയ, ബല്‍റാംപൂര്‍, ബസ്തി, ദിയോറിയ, കുശിനഗര്‍, മഹാരാജ്ഗഞ്ച്, സന്ത് കബീര്‍ നഗര്‍, സിദ്ധാര്‍ത്ഥനഗര്‍ ജില്ലകളിലെ 57 സീറ്റുകളിലാണ് വോട്ടെടുപ്പ്. ഇതില്‍ 11 എണ്ണം സംവരണ മണ്ഡലങ്ങളാണ്. 676 മത്സരാര്‍ത്ഥികളാണ് രംഗത്തുള്ളത്. 2017 ല്‍ 57 ല്‍ 46 സീറ്റിലും വിജയിച്ചത് ബി. ജെ.പിയായിരുന്നു. 2 സീറ്റില്‍ ബി.ജെ.പി സഖ്യകക്ഷികളായിരുന്ന അപ്‌നാദളും സുഹേല്‍ദേവ് പാര്‍ട്ടിയുമാണ് വിജയിച്ചത്. ഇത്തവണ സുഹേല്‍ദേവ് പാര്‍ട്ടി എസ്. പി സഖ്യത്തിനൊപ്പമാണ്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കൃഷിമന്ത്രി സൂര്യ പ്രതാപ് ഷാഹി, വിദ്യാഭ്യാസ മന്ത്രി സതീഷ് ചന്ദ്ര ദ്വിവേദി, ആരോഗ്യമന്ത്രി ജയ് പ്രതാപ് സിങ്, സംസ്ഥാന മന്ത്രിമാരായ ശ്രീറാം ചൗഹാന്‍, ജയ് പ്രകാശ് നിഷാദ് എന്നിവരാണ് ഇന്ന് ജനവിധി തേടുന്ന പ്രമുഖര്‍. ആദിത്യനാഥ് മത്സരിക്കുന്ന ഗൊരഖ്പൂര്‍ സദര്‍ ആണ് ഇതില്‍ ശ്രദ്ധേയമായ മണ്ഡലം. കഴിഞ്ഞ 31 വര്‍ഷമായി ബി.ജെ.പിയുടെ കോട്ടയാണ് ഗൊരഖ്പൂര്‍ സദര്‍. ബി.ജെ.പി മുന്‍ ഉപാധ്യക്ഷനായിരുന്ന അന്തരിച്ച ഉപേന്ദ്ര ദത്ത് ശുക്ലയുടെ ഭാര്യ ശുഭാവതി ശുക്ലയെയാണ് ഇത്തവണ സമാജ്‌വാദി പാര്‍ട്ടി ആദിത്യനാഥിനെതിരെ രംഗത്തിറക്കിയത്. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും ഇവിടെ അങ്കത്തിനുണ്ട്. എസ്.പിയുടെ കോട്ടയായ അസംഗഡിലും ഇന്നാണ് വോട്ടെടുപ്പ്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു, ബി.ജെ.പി മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച് എസ്.പിയില്‍ ചേര്‍ന്ന സ്വാമി പ്രസാദ് മൗര്യ എന്നിവരും ഇന്ന് ജനവിധി തേടും.