തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് മെയ് മാസത്തെ ശമ്പളം നല്‍കാന്‍ ധനസഹായം ആവശ്യപ്പെട്ട് മാനേജ്‌മെന്റ് സര്‍ക്കാരിന് കത്ത് നല്‍കി. 18,000 ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ 65 കോടിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഏപ്രില്‍ മാസത്തെ ശമ്പള വിതരണം ഇന്നത്തോടെ പൂര്‍ത്തിയാക്കുമെന്നാണ് കോര്‍പറേഷന്‍ അവകാശപ്പെടുന്നത്. 800 ഓളം ഉദ്യോഗസ്ഥര്‍ക്കാണ് ഏപ്രില്‍ മാസത്തെ ശമ്പളം ഇനി നല്‍കാനുള്ളത്. ഇതിനായി ആറ് കോടി രൂപ വേണം. ഓവര്‍ ഡ്രാഫ്റ്റും സര്‍ക്കാര്‍ സഹായവും ചേര്‍ത്ത് 70 കോടി രൂപ വച്ചാണ് ശമ്പള വിതരണം തുടങ്ങിയത്.
ഞായര്‍, തിങ്കള്‍ ദിവസങ്ങളിലെ വരുമാനം ഉപയോഗിച്ച് ശമ്പള വിതരണം പൂര്‍ത്തിയാക്കാനാകുമെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു.ഏപ്രില്‍ മാസത്തെക്കാള്‍ പ്രതിസന്ധിയാണ് മെയ് മാസം കാത്തിരിക്കുന്നത്. ദിവസവരുമാനം കൊണ്ട് ശമ്പളം നല്‍കാനാവാത്ത സ്ഥിതിയാണ് കോര്‍പ്പറേഷനുള്ളത്. സര്‍ക്കാര്‍ സഹായമായി കിട്ടുക 30 കോടി രൂപയാണ്. നിലവില്‍ എടുത്തിട്ടുള്ള ഓവര്‍ഡ്രാഫ്റ്റില്‍ ഒരു വിഹിതമെങ്കിലും തിരിച്ചടക്കാതെ ഇനി സര്‍ക്കാര്‍ സഹായം ലഭിക്കില്ല.