ഏകസിവില്‍കോഡ് മുസ്‌ലിം ജനവിഭാഗത്തെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. വിവിധ മത ഗോത്ര വിഭാഗങ്ങളെ അടക്കം ബാധിക്കും, ഇവരെകൂടി യോജിപ്പിച്ച് പ്രക്ഷോഭമടക്കം തുടര്‍നടപടികള്‍ ഇന്ന് ചേരുന്ന മുസ്‌ലിം കോര്‍ഡിനേഷന്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. സിപിഎമ്മിന് ആത്മാര്‍ത്ഥമായി വിഷയത്തില്‍ ഇടപെടാനാകില്ലെന്നും എ.പി വിശദീകരിച്ചു.
ഇന്നത്തെ യോഗം ആദ്യപടിയാണ്, മുഴുവന്‍ മതസംഘടനകളുടെ പ്രതിനിധികളും ഇസ്ലാമിക പണ്ഡിതന്മാരും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. എല്ലാവരും യോജിച്ചുനിന്നുകൊണ്ട് എതിര്‍ക്കേണ്ട വിഷയമാണിത്. ഏകസിവില്‍ കോഡ് നടപ്പായാല്‍ ഇന്ത്യയില്‍ നിരവധി സങ്കീര്‍ണതകള്‍ രൂപപ്പെടും. നരേന്ദ്രമോദിയുടെ ആഗ്രഹവും അതുതന്നെയാണ്. ഇന്ത്യയിലെ മതേതരത്വം നശിപ്പിക്കുക എന്നതാണ് അവരുടെ അജണ്ടയെന്ന് ഇ.ടി വ്യക്തമാക്കി.
ഏക സിവില്‍കോഡ് വിഷയത്തില്‍ സംയുക്തനീക്കം ആലോചിക്കാന്‍ വിളിച്ച മുസ്‌ലിം കോഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം കോഴിക്കോടാണ് നടക്കുക. മുസ്‌ലിം ലീഗ് മുന്‍കൈയെടുത്ത് വിളിച്ചുചേര്‍ത്ത യോഗത്തില്‍ വിവിധ മുസ്!ലിം സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുക്കും.
ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ
പ്രക്ഷോഭ പരിപാടികളും നിയമപോരാട്ട സാധ്യതകളും യോഗം ചര്‍ച്ച ചെയ്യും.
ഏക സിവില്‍ കോഡ് ബാധിക്കുന്ന വിവിധ വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി പ്രക്ഷോഭത്തിലേക്ക് നീങ്ങാനായിരിക്കും ആലോചന.