X

വരുന്നത് നിശബ്ദ മഹാമാരി -എഡിറ്റോറിയല്‍

ഒറ്റപ്പെട്ട സെമിനാറുകളിലും ചര്‍ച്ചകളിലും മാത്രമൊതുങ്ങി ലോക പ്രമേഹദിനം ആരുമറിയാതെ ഇന്നലെ കടന്നുപോയി. സൗമ്യനായ നിശബ്ദ കൊലയാളിയെന്ന് വൈദ്യശാസ്ത്രം വിശേഷിപ്പിക്കുന്ന രോഗം മനുഷ്യന്റെ ആലോചനകളില്‍ പോലും കടന്നുവരാത്തതില്‍ അത്ഭുതപ്പെടാനില്ല. ലോകം കോവിഡ് ഭീതിയില്‍ വിറങ്ങലിച്ചുനില്‍ക്കുമ്പോള്‍ പ്രത്യേകിച്ചും പ്രമേഹം ചിന്തയുടെ പടിക്ക് നില്‍ക്കുക സ്വഭാവികം. പക്ഷേ, കോവിഡിനേക്കാള്‍ വലിയൊരു ഭീകരന്‍ ചികിത്സകള്‍ക്ക് പിടികൊടുക്കാതെ ജീവിതത്തെ പിന്തുടരുന്നുണ്ടെന്ന സത്യം ഭൂരിഭാഗം പേരും വിസ്മരിക്കുന്നു. ലോകത്ത് പ്രമേഹത്തെതുടര്‍ന്ന് ഓരോ ഏഴ് സെക്കന്റിലും ഒരാളെന്ന തോതില്‍ മരിക്കുന്നുണ്ടെന്നാണ് കണക്ക്. 2030ഓടെ ഇത് സെക്കന്റില്‍ ഒരാളെന്ന തോതിലേക്ക് മാറുമെന്ന് സര്‍വേകള്‍ സൂചിപ്പിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ഭൂമുഖത്ത് 46 കോടിയോളം പ്രമേഹ രോഗികളുണ്ട്. രോഗികളുടെ എണ്ണം പരിഗണിക്കുമ്പോള്‍ ഇന്ത്യയാണ് പ്രമേഹത്തിന്റെ തലസ്ഥാനം. ഇന്ത്യയില്‍ ഈ രോഗത്തിന്റെ തലസ്ഥാനം കേരളവുമാണെന്ന യാഥാര്‍ത്ഥ്യം ഞെട്ടലുളവാക്കുന്ന വസ്തുതയാണ്. ദേശീയ ശരാശരിയുടെ ഇരട്ടിയാണ് സംസ്ഥാനത്ത് രോഗികളുടെ എണ്ണം. സമീപ കാലത്ത് നടന്ന ഒരു പഠനപ്രകാരം കേരളത്തില്‍ 41 ശതമാനം മുതിര്‍ന്നവര്‍ക്കും പ്രമേഹ സാധ്യതയുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

സര്‍വ രോഗങ്ങളുടെയും മാതാവെന്ന് വിശേഷിപ്പിക്കാവുന്ന പ്രമേഹത്തിന്റെ പ്രവര്‍ത്തനം സാംക്രമിക രോഗങ്ങളില്‍നിന്ന് തികച്ചും വ്യത്യസ്തമാണ്. കോവിഡിന്റെയും മറ്റും പ്രത്യാഘാതങ്ങള്‍ പെട്ടെന്ന് അനുഭവപ്പെടുമെന്നതുകൊണ്ടാണ് മനുഷ്യന്‍ അവയെ ഇത്രയേറെ ഭയക്കുന്നത്. പക്ഷേ, പ്രമേഹത്തിന്റെ ആക്രമണം നിശബ്ദമാണ്. ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും സ്തംഭിപ്പിച്ചാണ് പ്രമേഹത്തിന്റെ കടന്നുവരവ്. കണ്ടെത്താനും ചികിത്സിക്കാനും വൈകുന്നത് രോഗിയെ മരണത്തിലേക്ക് തള്ളുന്നു. ആധുനിക ജീവിതശൈലിയും ആഹാരക്രമങ്ങളുമാണ് പ്രമേഹത്തിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ചെറിയൊരു അളവില്‍ പാരമ്പര്യവും സ്വാധീനിക്കുന്നുണ്ട്. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം. കുട്ടികളില്‍ പോലും വ്യാപകമായിരിക്കുന്ന രോഗത്തെ സമൂഹം വേണ്ടത്ര ഗൗരവത്തിട്ടില്ല. ഏത് പ്രായക്കാരിലും പരിശോധന അനിവാര്യമായിരിക്കുന്ന അസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. യുവാക്കളില്‍ പ്രമേഹ ബാധിതര്‍ വര്‍ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.

സംക്രമിക രോഗങ്ങളെപോലെ കുത്തിവെപ്പിലൂടെയും പ്രതിരോധമുറകളിലൂടെയും പ്രമേഹത്തെ അകറ്റിനിര്‍ത്താനാവില്ല. ജീവിതത്തില്‍ അടിമുടി മാറ്റം വരുത്തുകയാണ് വേണ്ടത്. ചായയില്‍ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതില്‍ മാത്രമായി ഒതുങ്ങിപ്പോകുന്നു നമ്മുടെ ജാഗ്രത. ആഹാരക്രമീകരണത്തോടൊപ്പം ജീവിത ശൈലി തന്നെ ചിട്ടപ്പെടുത്തിയേ പ്രമേഹത്തിന്റെ കടന്നാക്രമണത്തെ ചെറുക്കാനാവൂ. വ്യായാമത്തെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കി കാതലായ പരിവര്‍ത്തനങ്ങള്‍ക്ക് സ്വയം തയാറാകേണ്ടതുണ്ട്. വ്യായാമക്കുറവും മാനസിക സമ്മര്‍ദ്ദം നിറഞ്ഞ ജീവിതവും മദ്യാസക്തിയും കുറച്ചൊന്നുമല്ല പ്രമേഹത്തെ സ്വാധീനിക്കുന്നത്. മരുന്നിലൂടെ പ്രമേഹത്തെ പിടിച്ചുകെട്ടാന്‍ സാധിക്കുമെന്ന തെറ്റിദ്ധാരണയില്‍ സുഖം കണ്ടെത്തുകയാണ് ഇപ്പോഴും മലയാളി. പ്രമേഹത്തിന്റെ അവസാന വാക്കാണ് ഔഷധങ്ങളെന്നും അതിനപ്പുറം അടുക്കും ചിട്ടയുമുള്ള ജീവിതമാണ് പ്രധാനമെന്നും തിരിച്ചറിയേണ്ടതുണ്ട്. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടുതലാണെന്ന് ബോധ്യപ്പെട്ടാലും അബദ്ധങ്ങളുടെ തടങ്കലില്‍നിന്ന് നാം പുറത്തുചാടുന്നില്ല. സ്വയം ചികിത്സയിലൂടെയും ഒറ്റമൂലികളിലൂടെയും മുന്നോട്ടുപോകുന്നതോടൊപ്പം വാരിവലിച്ചുള്ള ഭക്ഷണം തുടരുകയും ചെയ്യും. പ്രമേഹ രോഗിയായി മുദ്രകുത്തപ്പെട്ട് സമൂഹത്തിലും കുടുംബത്തിലും ഒറ്റപ്പെട്ടുപോകുമോ എന്ന ഭയവും ചികിത്സയെ ബാധിക്കുന്നതായി ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രോഗിയോടൊപ്പം കുടുംബാംഗങ്ങള്‍ മുഴുവനും പുതിയ ഭക്ഷണക്രമത്തിലേക്ക് മാറാന്‍ സന്മനസ്സ് കാണിക്കണം. ഭക്ഷണരീതിയിലെ മാറ്റങ്ങളും സ്വയം തീരുമാനിക്കേണ്ടതല്ല. അക്കാര്യത്തില്‍ വിദഗ്‌ധോപദേശം തേടാന്‍ മടിക്കുന്നത് കൂടുതല്‍ വലിയ അപകടങ്ങളുണ്ടാക്കും.

പ്രമേഹ ചികിത്സാരംഗത്ത് ഡോക്ടര്‍മാരുടെ ഭാഗത്തും വലിയ വീഴ്ചകള്‍ സംഭവിക്കാറുണ്ട്. മരുന്ന് കുറിച്ചുകൊടുക്കുന്നതിനപ്പുറം ജീവിതശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് രോഗിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ ചുരുക്കമാണ്. ഒരിക്കല്‍ കിട്ടിയ മരുന്ന് ആജീവനാന്തം കഴിക്കാമെന്ന തെറ്റിദ്ധാരണയില്‍ മുന്നോട്ടുപോകുയും വൃക്കകള്‍ നഷ്ടപ്പെട്ട് ഡയാലിസിസില്‍ ഒതുങ്ങിത്തീരുകയുംചെയ്ത രോഗികള്‍ ഏറെയാണ്. കേരളത്തില്‍ വൃക്കരോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന്പിന്നിലെ പ്രധാന വില്ലന്‍ പ്രമേഹമാണെന്നുകൂടി ചേര്‍ത്തു വായിക്കേണ്ടതുണ്ട്. കുടുംബത്തിന്റെയും സമൂഹത്തിന്റെയും സമ്പത്തിനെ ചോര്‍ത്തുന്നതില്‍ വലിയ പങ്കാണ് പ്രമേഹത്തിനുള്ളത്. ഓരോ വര്‍ഷവും ആഗോളതലത്തില്‍ മരുന്നുകള്‍ക്കും ഇന്‍സുലിനുമായി കോടിക്കണക്കിന് രൂപ ചെലവഴിക്കപ്പെടുന്നത്. പ്രമേഹരോഗികളില്‍ ഹൃദയാഘാതം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കും സാധ്യത ഏറെയാണ്. സാംക്രമിക രോഗങ്ങളെത്തുടര്‍ന്നുള്ള മരണങ്ങള്‍ പോലും ഉയരാന്‍ അത് കാരണമാകും. ലോകത്ത് കോവിഡിന്റെ പ്രഹരശേഷി കൂട്ടിയത് പ്രമേഹമാണന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ചുരുങ്ങിയ കാലം കൊണ്ട് പ്രമേഹ രോഗികളുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത കൂടിയേ തീരൂ. അല്‍പം ശ്രദ്ധിച്ചാല്‍ ജീവിതം കൂടുതല്‍ ആസ്വദ്യകരമായി കൂടെയുണ്ടാകും. അല്ലാത്തപക്ഷം നിശബ്ദ മഹാമാരിയായി പ്രമേഹം മനുഷ്യരാശിയെ വേട്ടയാടുകയും ചെയ്യും.

 

Test User: