ഒരു പക്ഷേ ന്യൂസിലൻഡിനെതിരായ മത്സരത്തിൽ മറിച്ചൊരു ഫലമാണുണ്ടായിരുന്നതെങ്കിൽ വിമർശനത്തിന്റെ മൂർച്ചയേറിയ വാക്കുകൾ ലക്ഷ്യമിടുന്ന ഒരാളായി മറുക മുഹമ്മദ് ഷമിയായിരിക്കും. മത്സരത്തിൽ നിർണായകമായ ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണിന്റെ ഈസി ക്യാച്ച് കൈവിട്ടതിന് വിമർശനങ്ങൾ ഉയർന്നിരുന്നു.
അതിന്റെ തുടർപ്രതികരണങ്ങളെന്ന നിലയിൽ സോഷ്യൽ മീഡിയയിൽ രാജ്യദ്രോഹപ്പട്ടം ചാർത്തി ഷമിയെ ഒറ്റപ്പെടുത്താനും ആരംഭിച്ചിരുന്നു. എന്നാൽ നിമിഷങ്ങൾ മാത്രമായിരുന്നു ആ വിമർശനങ്ങളുടെ ആയുസ്.
ഇന്നലയോടെ വിക്കറ്റ് വേട്ടയില്‍ ഒന്നാമതെത്തി മുഹമ്മദ് ഷമി. ആറ് മത്സരങ്ങള്‍ മാത്രം കളിച്ച ഷമി 24 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെ ഏഴ് വിക്കറ്റ് നേടിയതോടെ മുഹമ്മദ് ഷമി വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതെത്തി. ഷമിയാണ് കളിയിലെ താരം. ഷമി ഫൈനല്‍ എന്ന് ഇന്നത്തെ മത്സരത്തെ ആരാധകര്‍ വിലയിരുത്തിക്കഴിഞ്ഞു.
ഇന്നിങ്‌സ് അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ 50 വിക്കറ്റ് വീഴ്ത്തുന്ന ബൗളര്‍ കൂടിയായി ഷമി. 17 ഇന്നിംഗ്‌സുകളില്‍ നിന്നാണ് ഷമി 52 വിക്കറ്റെടുത്തത്. ഇതോടെ ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ ഷമി മറികടന്നു.
ലോകകപ്പില്‍ 50 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് മുഹമ്മദ് ഷമി. ഇന്ന് ആദ്യം ഇന്ത്യ വീഴ്ത്തിയ നാല് വിക്കറ്റുകളും ഷമിക്കായിരുന്നു. 9.5 ഓവറില്‍ 57 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഷമി ഏഴ് പേരെ പുറത്താക്കിയത്. ഈ ലോകകപ്പില്‍ ഷമിയുടെ മൂന്നാം അഞ്ച് വിക്കറ്റ് പ്രകടനമാണിത്. ഒരു തവണ നാല് വിക്കറ്റും ഷമി വീഴ്ത്തി.