ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്‌കാര ചടങ്ങുകള്‍ക്ക് ആകാശത്തേക്ക് വെടിവെക്കാന്‍ ഉപയോഗിക്കുന്ന വെടിയുണ്ടകള്‍ എസ്ഐ ചട്ടിയിലിട്ടു വറുക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്ത സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്. എറണാകുളം എ ആര്‍ ക്യാംപിന്റെ അടുക്കളയിലായിരുന്നു സ്ഫോടനം ഉണ്ടായത്. ക്യാംപിലെ ആയുധപ്പുരയുടെ ചുമതലയുണ്ടായിരുന്ന റിസര്‍വ് സബ് ഇന്‍സ്പെക്ടര്‍ സി വി സജീവാണ് വെടിയുണ്ടകള്‍ ചട്ടിയിലിട്ടു വറുത്തെടുത്തത്. സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ ഉത്തരവിട്ടു.
ഈ മാസം പത്തിന് ഇടപ്പള്ളി ട്രാഫിക് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്റെ സംസ്‌കാര ചടങ്ങുകള്‍ക്കായി ഉണ്ടകള്‍ എടുത്തപ്പോഴായിരുന്നു സംഭവം. സാധാരണ വെടിയുണ്ട വെയിലത്തുവെച്ച് ചൂടാക്കിയശേഷം വൃത്തിയാക്കിയാണ് ഉപയോഗിക്കാറുള്ളത്. എന്നാല്‍ രാവിലെ സംസ്‌കാര ചടങ്ങിന് പോകാന്‍ ആവശ്യപ്പെട്ടപ്പേഴാണ് ചൂടാക്കി വൃത്തിയാക്കാത്തതിനാല്‍ ഉണ്ടകള്‍ ക്ലാവുപിടിച്ചുകണ്ടത്. ഇതോടെ പെട്ടെന്ന് ചൂടാക്കിയെടുക്കാനായി ഉണ്ടകള്‍ ക്യാംപ് മെസ്സിലെ അടുക്കളയിലെത്തിച്ച് ചട്ടിയിലിട്ടുവറുത്തെന്നാണ് കരുതുന്നത്.
വെടിയുണ്ടയ്ക്ക് തീപിടിച്ചതോടെ ഉണ്ടകള്‍ ഉഗ്രശബ്ദത്തില്‍പ്പൊട്ടിത്തെറിച്ചു. തലനാരിഴയ്ക്കാണ് തീപിടിത്തം ഒഴിവായതെന്നാണ് വിവരം. ഗ്യാസ് സിലിണ്ടറും വിറകുകളും ഉള്‍പ്പെടെ സൂക്ഷിച്ചിരുന്ന അടുക്കളയായിരുന്നു അത്.