മലയാളി പ്രേഷകരുടെ 5 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്റെ ചിത്രീകരണം പാക്കപ്പായി. എട്ട് സംസ്ഥാനങ്ങളിലും 4 രാജ്യങ്ങളിലുമായി ഒരു വർഷത്തിലധികം നീണ്ട ചിത്രീകരണമാണ് ഇന്ന് പുലർച്ചയോടെ അവസാനിച്ചത്. പൃഥ്വിരാജ്, മോഹൻലാൽ, ലൈക്ക പ്രൊഡക്ഷൻസ് എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ പുതിയ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തു വിട്ടു.
പോസ്റ്ററിൽ യു എസ് ആർമി യൂണിഫോമിൽ തോക്കേന്തിയ ഒരു യുവതിയുടെയും ഫോഴ്സിന്റെയും ചിത്രമാണുള്ളത്. ഇന്ന് രാവിലെ 5:35 ഓടെ മലമ്പുഴ റിസർവോയറിൽ വെച്ച് ഞങ്ങൾ എമ്പുരാന്റെ അവസാന ഷോട്ടും എടുത്തു, 117 ദിവസം കഴിഞ്ഞ് തിയറ്ററുകളിൽ കാണാം’ എന്നാണ് പൃഥ്വിരാജ് പോസ്റ്റിനു ക്യാപ്ഷൻ കുറിച്ചിരിക്കുന്നത്. പോസ്റ്റർ പങ്കുവെച്ചതോടെ പോസ്റ്റിന്റെ കമന്റ്റ് ബോക്സ് ആരാധകരുടെ കമന്റുകൾ കൊണ്ട് നിറഞ്ഞു.
‘എമ്പുരാന്റെ കഥാപശ്ചാത്തലത്തിന്റെ വലുപ്പം പോസ്റ്ററിൽ വ്യക്തമാണ്, 5 ഭാഷകളിൽ നിർമ്മിക്കുന്ന ഒരു കൊച്ചു ചിത്രം’ എന്നൊക്കെയാണ് കമന്റുകൾ. ഇന്ത്യക്ക് പുറമെ യു കെ, യു എസ് എ , യു എ ഇ എന്നിവിടങ്ങളിലായായിരുന്നു 14 മാസം നീണ്ട് നിന്ന എമ്പുരാന്റെ ചിത്രീകരണം. ‘ഒരു കലാകാരൻ എന്ന നിലയിലുള്ള എൻ്റെ യാത്രയിലെ ശ്രദ്ധേയമായ ഒരു അധ്യായമാണ് എമ്പുരാൻ, അത് ഞാൻ എപ്പോഴും നിധിപോലെ മനസ്സിൽ സൂക്ഷിക്കും. പ്രേക്ഷകരുടെ സ്നേഹവും പിന്തുണയും ഓരോ ചുവടിലും ഞങ്ങളെ പ്രചോദിപ്പിക്കുന്നു. ഇനിയും ഒരുപാട് കാര്യങ്ങൾ വരാനിരിക്കുന്നു’ എന്നായിരുന്നു മോഹൻലാൽ ചിത്രത്തിന്റെ പോസ്റ്റർ ഷെയർ ചെയ്തുകൊണ്ട് കുറിച്ചത്.