ഇന്ത്യയെന്ന ജനാധിപത്യ രാഷ്ട്രത്തെ മനസ്സറിഞ്ഞ് സ്‌നേഹിക്കുന്നവരുടെ വലിയ ആശങ്കകളാണ് ഇക്കാലത്ത് ദര്‍ശിച്ചു കൊണ്ടിരിക്കുന്നത്. വേഷ വസ്ത്രങ്ങളുടെയും ഭക്ഷണത്തിന്റെയും സംസ്‌കാരത്തിന്റെയുമെല്ലാം പേരില്‍ പേരു നോക്കി അക്രമിക്കുന്ന പ്രവണതക്ക് ഇന്നും അയവ് വന്നിട്ടില്ല. ബഹുസ്വരതയെ തല്ലിക്കെടുത്താനുള്ള നീക്കങ്ങള്‍ അണിയറയില്‍ സജീവമായി തുടരുന്നു.
സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലങ്ങള്‍ ഫാഷിസത്തിന്റെ ധാര്‍ഷ്ട്യമാണ് വര്‍ധിപ്പിക്കുന്നത്. ജുഡീഷ്യറി സംവിധാനങ്ങളെപ്പോലും വിഷമയമാക്കുന്നിടത്തേക്ക് കാര്യങ്ങളെത്തുന്നുവെങ്കില്‍ അവ നല്ല കീഴ്‌വഴക്കമല്ല. പ്രമാണ ബദ്ധവും മതത്തിന്റെ നന്‍മ പാഠങ്ങളുടെ മഹത് സന്ദേശങ്ങളുമായ ജിഹാദ്, ഹലാല്‍ എന്നീ പദങ്ങളെ തെറ്റുധരിപ്പിച്ചത് മതേതര രാജ്യം കണ്ടതാണ്. യാത്ഥാര്‍ഥ്യങ്ങളുടെ പൊരുളറിയാന്‍ മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെ പഠനവിധേയമാക്കുന്നതിന്പകരം വിഷപ്പുകക്ക് കണലൊരുക്കാനുള്ള ശ്രമങ്ങളാണ് പലപ്പോഴും കാണാനാവുന്നത്.
രാജ്യത്തിന്റെ ബഹുസ്വരത ചര്‍ച്ചാവിധേയമാക്കുമ്പോള്‍ മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി പങ്കുവെച്ച മതേതര രാഷ്ട്രത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഗൗരവമായിത്തന്നെ കാണേണ്ടതാണ്. രാജ്യത്തെ ഓരോ പൗരന്റെയും ആശകളെയും ആശയങ്ങളെയും ചേര്‍ത്തുപിടിച്ചാണ് ഡോ. അംബേദ്കര്‍ ഭരണഘടനക്ക് രൂപം നല്‍കിയത്. പക്ഷേ, ശരീരത്തിന്റെ ഓരോ കോശങ്ങളിലേക്കും അര്‍ബുദ ബാധ പടരുന്നതുപോലെ വര്‍ഗീയത പരക്കുന്നത് ആ ഭരണഘടനക്ക് അപരാധമായി നില്‍ക്കുന്നു. ഭിന്നിപ്പിച്ചു ഭരിച്ചുകൊണ്ടിരിക്കുന്നവര്‍ ചരിത്രത്തില്‍നിന്ന് പാഠമുള്‍ക്കൊള്ളേണ്ടിയിരിക്കുന്നു.
ക്വിറ്റ് ഇന്ത്യയിലേക്ക് ചുവട്‌വെപ് നടത്തിയ ചരിത്ര പ്രധാന സമ്മേളനത്തിന്റെ കാര്യപരിപാടി തന്നെ വലിയൊരു സന്ദേശമായിരുന്നു. അതിന്റെ അധ്യക്ഷ പീഠത്തില്‍ മൗലാനാ അബുല്‍ കലാം ആസാദ്, പ്രമേയാവതാരകനായി ജവഹര്‍ലാല്‍ നെഹ്‌റു, പിന്താങ്ങാന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ അത്തരം സംഗമങ്ങളുടെയും പോരാട്ടങ്ങളെ ഇന്നലെകളെ എങ്ങനെ തേച്ചുമായ്ക്കാനാവും? ഗാന്ധി വധത്തിന് ന്യായീകരണവുമായിവരുന്നവര്‍ വര്‍ഗീതയെ താലോലിക്കുമ്പോള്‍ രാജ്യസ്‌നേഹികള്‍ തോളോട് തോള്‍ ചേര്‍ന്നുനില്‍ക്കണം.
ഫാഷിസത്തിന്റെ അപ്പക്കഷ്ണങ്ങളില്‍ പുരട്ടിയിരിക്കുന്നത് മാരക വിഷമാണെന്ന തിരിച്ചറിവാണ് പ്രധാനം. പ്രാദേശികപരമായ പ്രശ്‌നങ്ങളും സൗന്ദര്യപ്പിണക്കങ്ങളും മാറ്റിവെച്ച് പുതിയൊരു ഇന്ത്യയെ കെട്ടിപ്പടുക്കാന്‍ മതേതര ജനാധിപത്യ കക്ഷികള്‍ക്ക് സാധ്യമാകേണ്ടതുണ്ട്.