X

ആളില്ലാ പാര്‍ട്ടിയുടെ മതേതര, ജനാധിപത്യ ബദല്‍- ദാവൂദ് മുഹമ്മദ്‌

ദാവൂദ് മുഹമ്മദ്‌

ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ മതേതര, ജനാധിപത്യ ബദലെന്നത് രാജ്യത്തെ മതേതര മനസ്സിന്റെ സ്വപ്‌നവും ആഗ്രഹവുമാണ്. പക്ഷേ, ആര് നേതൃത്വം നല്‍കും എന്നതാണ് പലയിടത്ത് നിന്നുമുയരുന്ന ചോദ്യം. കോണ്‍ഗ്രസ് അല്ലാതെ മറ്റാര് എന്ന് രാജ്യം വീണ്ടും വീണ്ടും ചോദിക്കുമ്പോഴാണ് സി.പി.എമ്മിന്റെ 23ാം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ നടക്കുന്നത്. രാജ്യത്തിന്റെ ഭാവിവിലയിരുത്തി നിര്‍ണായക തിരുമാനമുണ്ടാവുമോ. അതല്ല, കേരള ഘടകത്തിന് കേന്ദ്രം വഴങ്ങുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

യെച്ചൂരിയുടെ നിലപാടും
കേരള ഘടകത്തിന്റെ എതിര്‍പ്പും

മതേതര ബദലിന് കോണ്‍ഗ്രസ് അനിവാര്യമാണെന്ന് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടനത്തില്‍ ജനറല്‍ സെക്രട്ടറി സിതാറാം യച്ചൂരി ആണയിടുമ്പോള്‍ കേരള ഘടകം ഈ നിലപാടിനെ പാടെ തള്ളുകയാണ്. ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് ശേഷിയില്ലെന്ന നിലപാട് കേരള നേതാക്കള്‍ ആവര്‍ത്തിക്കുമ്പോള്‍ രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന 2024ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ എങ്ങിനെ നേരിടുമെന്നത് കൗതുകമുയര്‍ത്തുന്ന ചോദ്യമാണ്.

രാജ്യത്തെ ചെറുകിട പാര്‍ട്ടികളെ കോര്‍ത്തിണക്കി സ്റ്റാലിനെയും അഖിലേഷിനെയും മായാവതിയെയും മുന്നില്‍ നിര്‍ത്തി ബി.ജെ.പിയെ നേരിടുകയെന്ന അപ്രായോഗിക ബദലിന് സി.പി.എം വഴങ്ങുമോ എന്നാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉയരുന്ന മറ്റൊരു ചോദ്യം. പ്രതിപക്ഷ നിരയില്‍ 690 എം.എല്‍.എമാരുള്ള കോണ്‍ഗ്രസിനെയും 233 എം.എല്‍.എമാരുള്ള തൃണമൂലിനെയും മാറ്റിനിര്‍ത്തിയുള്ള മതേതര ബദല്‍ പ്രായോഗികമല്ലെന്ന് മുതിര്‍ന്ന നേതാക്കള്‍ക്ക് എല്ലാമറിയാം. പക്ഷേ, അംഗബലത്തിലും തുടര്‍ഭരണത്തിന്റെ ആത്മരതിയിലും കേരളഘടകത്തിന്റെ കോണ്‍ഗ്രസ് വിരുദ്ധത ആവര്‍ത്തിക്കപ്പെടുകയാണ്. എന്നാല്‍ ആന്ധ്ര, തെലുങ്കാന, ത്രിപുര തുടങ്ങിയ സംസ്ഥാന ഘടകങ്ങള്‍ക്ക് കേരളത്തിന്റെ നിലപാടിനു വിരുദ്ധമായ വ്യക്തമായ കാഴ്ചപ്പാടുണ്ട്.

സംഘടനാ റിപ്പോര്‍ട്ടില്‍ പാളിച്ചകള്‍ ചൂണ്ടിക്കാട്ടുന്നിടത്ത് പ്രത്യേകം പറയുന്നുണ്ട് മറ്റു കക്ഷികളെ എതിര്‍ക്കുന്നതിനിടയില്‍ ബി.ജെ.പിയുടെ വളര്‍ച്ച കാണാന്‍ കഴിയാതിരുന്നത് തിരിച്ചടിയായെന്ന്. ഇത് സൂചിപ്പിക്കുന്നത് ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെയും മറ്റിടങ്ങളില്‍ കോണ്‍ഗ്രസിനെയുമാണെന്ന് വ്യക്തം. ഈ ആത്മവിമര്‍ശനത്തിലൂടെ പാര്‍ട്ടി എന്താണ് പഠിക്കുന്നതെന്ന് കാത്തിരുന്നു കാണണം.

എങ്ങോട്ട് ഒഴുകുന്നു

ഫാസിസ്റ്റ് ഭരണകൂടത്തിന്റെ കോര്‍പറേറ്റ്, ഹിന്ദുത്വ അജണ്ടയെ പ്രതിരോധിക്കാനുള്ള രാഷ്ട്രീയ ബദലിനെകുറിച്ച് വ്യക്തതയില്ലാത്ത കേരള ഘടകം ആ പാര്‍ട്ടിയുടെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് വിലയിരുത്തലുകള്‍ നടത്തിയില്ലെന്ന് വേണം കരുതാന്‍. 2018ല്‍ പാര്‍ട്ടി അംഗങ്ങളുടെ എണ്ണം 1025352 ആയിരുന്നെങ്കില്‍ ചെങ്കോട്ടയായ കണ്ണൂരില്‍ എത്തുമ്പോള്‍ അംഗങ്ങളുടെ എണ്ണം 985757 ആയി കുറഞ്ഞു. പ്രധാന സംസ്ഥാനങ്ങളില്‍ കേരളത്തില്‍ മാത്രമാണ് അംഗങ്ങളുടെ എണ്ണം വര്‍ധിച്ചത്. മുന്‍കാലത്ത് ശക്തി കേന്ദ്രമായിരുന്ന പശ്ചിമ ബംഗളില്‍ 160827 അംഗങ്ങള്‍ മാത്രമാണിപ്പോഴുള്ളത്. 48096 അംഗങ്ങളുടെ കുറവാണ് ബംഗാളില്‍ മാത്രം കണക്കാക്കിയിട്ടുള്ളത്. ത്രിപുരയില്‍ പാര്‍ട്ടി അംഗങ്ങളുടെ എണ്ണം പകുതിയായി കുറഞ്ഞെന്നും പാര്‍ട്ടി കോണ്‍ഗ്രസ് വിലയിരുത്തുമ്പോള്‍ കേരള ഘടകം കോണ്‍ഗ്രസിന്റെ സംഘടനാ ദുര്‍ബലതമാത്രമാണ് ആവര്‍ത്തിക്കുന്നത്. മൂന്ന് വര്‍ഷം മുമ്പ് 97990 കേഡര്‍മാരുണ്ടായിരുന്ന ത്രിപുരയില്‍ ഇപ്പോള്‍ 50612 ആയി ചുരുങ്ങി. കര്‍ണാടകയിലും മഹാരാഷ്ട്രയിലും ബീഹാറിലും ഹിമാചല്‍ പ്രദേശിലും കാര്യമായ വേരോട്ടമുണ്ടാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നു. ബി.ജെ.പിയുടെ വളര്‍ച്ച തിരിച്ചറിയാന്‍ പോലും കഴിഞ്ഞിട്ടില്ലെന്ന് സ്വയം വിമര്‍ശനം നടത്തുമ്പോഴും കേരളത്തിലുണ്ടായ അംഗങ്ങളുടെ എണ്ണം ഉയര്‍ത്തിക്കാട്ടി നയ രൂപീകരണത്തിനൊരുങ്ങുമ്പോള്‍ ഇത് കാലം തിരുത്തുമെന്നുറപ്പാണ്.

കോണ്‍ഗ്രസ് എവിടെ
സി.പി.എം എവിടെ

ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് കെല്‍പ്പില്ലെന്ന് ആവര്‍ത്തിക്കുമ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍ സി.പി.എം എവിടെ നില്‍ക്കുന്നു എന്ന ചോദ്യം പ്രസക്തമാണ്. എം.എല്‍.എമാരുടെ എണ്ണത്തില്‍ രാജ്യത്ത് കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ സി.പി.എം നില്‍ക്കുന്നത് 10 ാം സ്ഥാനത്താണ്. രാജ്യത്ത് 4038 എം.എല്‍.എമാരില്‍ 691 പേര്‍ ഇപ്പോഴും കോണ്‍ഗ്രസിനുണ്ട്. എന്നാല്‍ ബി.ജെ.പിക്ക് ബദലാവാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന് ആവര്‍ത്തിക്കുന്ന സി.പി.എമ്മിന് വെറും 88 എം.എല്‍.എമാര്‍ മാത്രമാണുള്ളത്. ഇതില്‍ 62 പേരും കേരളത്തില്‍ നിന്നുള്ളതാണ് എന്നതാണ് കൗതുകം. സി.പി.എം മൂന്ന് പതിറ്റാണ്ടുകളോളം ഭരിച്ച പശ്ചിമ ബംഗാളില്‍ ഒരു എം.എല്‍.എ പോലും ഇപ്പോള്‍ പാര്‍ട്ടിക്കില്ല.
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 37.30 ശതമാനം വോട്ട് നേടിയപ്പോള്‍ കോണ്‍ഗ്രസ് 19.46 ശതമാനം വോട്ടാണ് നേടിയത്. എന്നാല്‍ സി.പി.എം ആവട്ടെ വെറും 1.75 ശതമാനം വോട്ടാണ് നേടിയത്. രാജ്യത്തെ ഇരുപതോളം സംസ്ഥാനത്ത് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിനോട് സഖ്യമില്ലെന്ന് ഒരു സംസ്ഥാന ഭരണം മാത്രമുള്ള സി.പി.എം ആവര്‍ത്തിക്കുമ്പോള്‍ നഷ്ടം ആര്‍ക്കാണ് എന്ന് കാലം തെളിയിക്കും.

Test User: