രണ്ടാമൂഴം നോവല്‍ സിനിമയാക്കണമെന്ന എം ടി വാസുദേവന്‍ നായരുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ഒരുങ്ങി കുടുംബം. വിവിധ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ സിനിമയായി ഒരുക്കാന്‍ കഴിയുന്ന സംവിധായകനാകും സിനിമ ചെയ്യുക. എംടിയുടെ ആഗ്രഹം പോലെ ചിത്രം രണ്ടു ഭാഗങ്ങളായായിരിക്കും. ഈ സംവിധായകനുമായി നേരത്തെ തന്നെ സിനിമയ്ക്കായുള്ള പ്രാരംഭ ചര്‍ച്ച ഇആരംഭിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പേ രണ്ടാമൂഴത്തിന്റെ തിരക്കഥ മലയാളത്തിലും ഇംഗ്ലീഷിലും എംടി പൂര്‍ത്തിയാക്കിയിരുന്നു.
സംവിധായകനായ മണിരത്‌നം രണ്ടാമൂഴം സംവിധാനം ചെയ്യണമെന്ന് എംടി ആഗ്രഹിച്ചിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ മണിരത്‌നം പിന്‍മാറിയിരുന്നു. മണിരത്‌നമാണ് ഇപ്പൊഴത്തെ സംവിധായകനെ എം.ടിക്ക് ശുപാര്‍ശ ചെയ്തത്.അഞ്ചുമാസം മുമ്പ് ഈ സംവിധായകന്‍ എം.ടിയുമായി ചര്‍ച്ച നടത്താന്‍ കോഴിക്കോട് വരാനിരുന്നപ്പോഴാണ് എംടിയെ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യ കാരണങ്ങളാല്‍ കൂടിക്കാഴ്ച നടക്കാതെ പോയി.
തുടര്‍ന്ന് മകള്‍ അശ്വതി നായരെ എംടി തിരക്കഥ ഏല്‍പ്പിച്ച് സിനിമ എത്രയും വേഗം പുറത്തിറക്കാനുള്ള നടപടി ആരംഭിച്ചത്. ഇപ്പോഴുള്ള സംവിധായകന്റെ നിര്‍മ്മാണ കമ്പനിയും എംടിയുടെ കുടുംബം ഉള്‍പ്പെടുന്ന കമ്പനിയും ചേര്‍ന്നായിരിക്കും രണ്ടാമൂഴം നിര്‍മ്മിക്കുന്നത്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ നടക്കും.