കൊച്ചി : മുനമ്പത്ത് കടലില്‍ ഫൈബര്‍ വെള്ളം മുങ്ങികാണാതായ നാല് മത്സ്യ തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരും. കോസ്റ്റ് ഗാര്‍ഡിന്റെ വിമാനവും കപ്പലും ഒരേസമയം ഇന്നലെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മാലിപ്പുറം സ്വദേശികളായ അപ്പു, താഹ, മോഹനന്‍, ആലപ്പുഴ സ്വദേശി രാജു എന്നിവരെയാണ് കാണാതായത്. വൈപ്പിന്‍, അഴീക്കോട്, ചേറ്റുവ എന്നിവിടങ്ങളിലെ ഫിഷറീസ് വകുപ്പിന്റെ മൂന്ന് പട്രോള്‍ ബോട്ടുകള്‍, വൈപ്പിന്‍ പ്രത്യാശ മറൈന്‍ ആംബുലന്‍സ്, കോസ്റ്റല്‍ പോലീസിന്റെ ബോട്ട്, കോസ്റ്റ് ഗാര്‍ഡിന്റെ ചെറുതും വലുതുമായ കപ്പലുകള്‍ എന്നിവ കടലിലും കോസ്റ്റ് ഗാര്‍ഡിന്റെ ഡോണിയര്‍ വിമാനം, ഇന്ത്യന്‍ നേവിയുടെ ഹെലികോപ്റ്റര്‍ എന്നിവ ആകാശ നിരീക്ഷണത്തിലുമായാണ് തെരച്ചില്‍ നടത്തിയത്.
വ്യാഴാഴ്ച വൈകിട്ടാണ് മുനമ്പം അഴിമുഖത്തുനിന്ന് 11 നോട്ടിക്കല്‍ മൈല്‍ അകലെ പടിഞ്ഞാറ് ഭാഗത്ത് അപകടമുണ്ടായത്. കടലില്‍ കിടന്നിരുന്ന സമൃദ്ധി എന്ന ബോട്ടില്‍ നിന്നും മീന്‍ എടുത്തു വരികയായിരുന്ന നന്മ എന്ന ഫൈബര്‍ വള്ളമാണ് മുങ്ങിയത്. എളങ്കുന്നപ്പുഴ മാലിപ്പുറം സ്വദേശികളായ ബൈജു, മണിയന്‍, ആലപ്പുഴ സ്വദേശി ആനന്ദ് എന്നിവരെ രാത്രി എട്ട് മണിയോടെ അതുവഴി എത്തിയ സെന്റ് ജൂഡ് ബോട്ടിലെ മത്സ്യതൊഴിലാളികള്‍ രക്ഷപ്പെടുത്തിയിരുന്നു. ബോട്ട് മുങ്ങിയതോടെ അതിലുണ്ടായിരുന്ന ശുദ്ധജലത്തിന്റെ ക്യാനില്‍ പിടിച്ച് കിടന്നാണ് മൂന്ന് പേരും രക്ഷപ്പെട്ടത്. ഇതില്‍ മണിയന്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ മത്സ്യബന്ധനം ഒഴിവാക്കിയാണ് വ്യാപക തെരച്ചില്‍ നടത്തുന്നത്. അധികം ലോഡ് കയറ്റിയതും ഏഴ് പേര്‍ കയറിയതും മോശം കാലാവസ്ഥയും ആണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം.