X

‘അമ്മയെ തേടിയുള്ള യാത്ര എന്നെ ഇസ്ലാമിൽ എത്തിച്ചു; മതം മാറ്റം അച്ഛൻ എതിർത്തില്ല’: യുവൻ ശങ്കർ രാജ

തമിഴിലെ സൂപ്പർഹിറ്റ് സം​ഗീത സംവിധായകനാണ് യുവൻ ശങ്കർ രാജ. ഇളയരാജയുടെ മകനായി സിനിമയിലേക്ക് ചുവടുവെച്ച യുവൻ സം​ഗീത രം​ഗത്ത് തന്റേതായ സ്ഥാനം നേടിയെടുക്കുകയായിരുന്നു. 2014ൽ യുവൻ ഇസ്ലാം മതം സ്വീകരിച്ചു. ഇപ്പോൾ ഇസ്ലാ‌മിലേക്ക് മതം മാറാനുണ്ടായ കാരണം എന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. അമ്മയുടെ മരണശേഷം കടുത്ത മദ്യപനായായെന്നും അമ്മയ്ക്കുവേണ്ടിയുള്ള തിരച്ചിലാണ് തന്നെ ഇസ്ലാമിൽ എത്തിച്ചത് എന്നുമാണ് യുവൻ പറയുന്നത്.

2011ൽ ഹൃദയാഘാതത്തെ തുടർന്നാണ് യുവന്റെ അമ്മ മരിക്കുന്നത്. 2013വരെ താൻ തുടർച്ചയായി കരയുമായിരുന്നു. തന്റെ ജോലിയിൽ ശ്രദ്ധിക്കാനായില്ലെന്നും കടുത്ത പരാജയത്തിലൂടെ കടന്നുപോയെന്നുമാണ് യുവൻ പറഞ്ഞത്. അമ്മയുടെ അപ്രതീക്ഷിത വിയോഗമാണ് എന്നെ മതം മാറ്റത്തിന് പ്രേരിപ്പിച്ചത്. ചില വര്‍ക്കിന്റെ കാര്യത്തിനായി എനിക്ക് മുംബൈയിലേക്ക് വരുണമായിരുന്നു. തിരിച്ച് ചെന്നൈയില്‍ എത്തിയപ്പോള്‍ അമ്മയ്ക്ക് കടുത്ത ചുമ ആരംഭിച്ചു. ഞാനും സഹോദരിയും ചേര്‍ന്ന് അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അമ്മയുടെ കൈപിടിച്ച് ഞാന്‍ ഇരിക്കുകയായിരുന്നു. പെട്ടെന്ന് അമ്മയുടെ കൈഊര്‍ന്നു വീണു. കരയുന്നതിനൊപ്പം അമ്മയുടെ ആത്മാവ് എവിടെയാണ് പോയത് എന്ന് ഞാന്‍ അമ്പരപ്പെട്ടു. ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് എന്നെ അള്ളാഹുവില്‍ എത്തിയത്.

അമ്മയുടെ മരണശേഷം ഞാന്‍ ഒരു ‘ലോസ്റ്റ് ചൈല്‍ഡ്’ ആയി മാറി. അമ്മയെ എവിടെ കണ്ടെത്തും എന്ന് എനിക്ക് അറിയുമായിരുന്നില്ല. ഇടയ്ക്കിടെ അമ്മയെ സ്വപ്‌നം കാണും. അമ്മ എവിടെയോ ഉണ്ട്. പക്ഷേ, അതെവിടെയാണ്? ആ വഴിക്കുള്ള അന്വേഷണം നടത്തിക്കൊണ്ടിരുന്നു. അതെന്നെ വല്ലാതെ പിടിച്ചുലച്ചു. അമ്മയുടെ മരണശേഷം മദ്യപാനത്തിലും പുകവലിയിലും അഭയം കണ്ടെത്തി. അതിനുമുന്‍പ് പാര്‍ട്ടികളില്‍ പോയിരുന്നെങ്കിലും മദ്യപാനമോ പുകവലി ശീലമോ ഉണ്ടായിരുന്നില്ലെന്നും യുവന്‍ പറഞ്ഞു.

‘പെട്ടെന്ന് ഒരുനാള്‍ തനിക്ക് എല്ലാറ്റിനുമുള്ള ഉത്തരം ലഭിച്ചു. നമുക്ക് ചുറ്റും നടക്കുന്നതൊന്നുമല്ല കാര്യം. മുകളിലിരുന്ന് ഒരാള്‍ എല്ലാം എഴുവെച്ചിട്ടുണ്ട്. അതനുസരിച്ചേ കാര്യങ്ങള്‍ നടക്കൂ എന്ന് എനിക്ക് ബോധ്യമായി. ഈ പ്രക്രിയ എന്ന പഠിപ്പിച്ചത് ഇസ്‌ലാണ്. അമ്മ നല്ല ഒരിടത്ത് എവിടെയോ ഉണ്ടെന്നാണ് വിശ്വാസം. നമ്മെ സൃഷ്ടിച്ച ദൈവത്തിന് മാത്രമേ നമ്മെ വഴിനടത്താനും സന്തോഷം നല്‍കാനും കഴിയൂ. ഇതാണ് ഇസ്‌ലാം തന്നെ പഠിപ്പിച്ചത്. അമ്മ മറ്റൊരിടത്ത് സന്തോഷത്തോടെ കഴിയാന്‍ ദൈവത്തോട് പ്രാര്‍ഥിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മതം മാറുന്നതിനെക്കുറിച്ച് അച്ഛനോട് പറഞ്ഞപ്പോള്‍ അദ്ദേഹം തന്റെ തീരുമാനത്തെ പിന്തുണച്ചുവെന്നും യുവന്‍ കൂട്ടിച്ചേര്‍ത്തു. വീട്ടില്‍ ഏറ്റവും അവസാനം ഞാന്‍ ഇത് പറഞ്ഞത് അച്ഛനോടാണ്. ഇസ്‌ലാം മതം സ്വീകരിച്ചപ്പോൾ അച്ഛൻ ഇളയരാജ തടഞ്ഞില്ല. ദിവസവും അഞ്ചുനേരം ദൈവത്തോട് പ്രാർത്ഥിക്കുമെന്ന് പറയുന്ന ഒരാളെ തടയുന്നത് എന്തിനാണെന്നായിരുന്നു അച്ഛൻ ചോദിച്ചതെന്ന് യുവൻ പറഞ്ഞു.

webdesk14: