നിര്‍മാണത്തിലെ അപാകതയും അഴിമതിയും കാരണം കെട്ടിടങ്ങള്‍ പൊളിയുന്നത് തുടര്‍ക്കഥയാകുന്നു. മൂന്ന് മാസം മുന്‍പ് ഉദ്ഘാടനം കഴിഞ്ഞ കാസര്‍ക്കോട് കള്ളാര്‍ പഞ്ചായത്ത് ബഡ്സ് സ്പെഷല്‍ സ്‌കൂള്‍ കെട്ടിടം ചോര്‍ന്നൊലിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാര്‍ച്ച് 5നാണ് നബാര്‍ഡ് സഹായത്തോടെ രണ്ടര കോടി രൂപ ചെലവില്‍ നിര്‍മിച്ച ബഡ്സ് സ്പെഷല്‍ സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം നടത്തിയത്. നിലവില്‍ ചെറിയ മഴയ്ക്ക് തന്നെ കെട്ടിടം ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. ഓഫിസ് മുറി, 2 ക്ലാസ് മുറികള്‍, നടുമുറ്റം എന്നിവിടങ്ങളിലും പുറം ഭാഗങ്ങളിലുമാണ് ചോര്‍ച്ചയുള്ളത്.
ഇന്നലെ രാവിലെ ജീവനക്കാര്‍ സ്‌കൂളില്‍ എത്തിയപ്പോള്‍ സ്‌കൂളിനകത്തെ നടുമുറ്റം മുഴുവന്‍ വെള്ളം കെട്ടിക്കിടക്കുന്ന നിലയിലായിരുന്നു. ജീവനക്കാര്‍ കൂലിക്ക് ആളെ വച്ചാണ് വെള്ളക്കെട്ട് ഒഴിവാക്കിയത്. ക്ലാസ് മുറികളില്‍ വെള്ളം തളംകെട്ടി നില്‍ക്കുന്നതിനാല്‍ കുട്ടികളെ ഇരുത്താന്‍ സാധിക്കുന്നില്ലെന്ന് അധ്യാപികമാര്‍ പറയുന്നു. നടക്കുമ്പോള്‍ തെന്നി വീഴും എന്നതിനാല്‍ കുട്ടികളെ നടത്തിക്കാനും ഭയക്കുന്നു. കെട്ടിട നിര്‍മാണ സമയത്ത് തന്നെ സാധന സാമഗ്രികള്‍ ഉപയോഗിക്കുന്നതില്‍ കൃത്രിമം ഉള്ളതായി പരാതി ഉണ്ടായിരുന്നു. പ്രധാന കോണ്‍ക്രീറ്റ് സമയത്ത് ഒരു ഭാഗം തകര്‍ന്നു വീണ സംഭവവും ഉണ്ടായിട്ടുണ്ട്.
അതേസമയം കോഴിക്കോട് നിര്‍മ്മാണത്തിലിരുന്ന കൂളിമാട് പാലം തകര്‍ന്നുവീണതിന് പിന്നാലെ തിരുവനന്തപുരത്തെ കേരള ഐടി മിഷന്‍ ആസ്ഥാനവും തകര്‍ന്നു. ഐടി മിഷന്‍ കെട്ടിടത്തിന്റെ സംരക്ഷണ ഭിത്തിയാണ് തകര്‍ന്നു വീണത്. തൊട്ടടുത്ത് കെട്ടിട നിര്‍മ്മാണം നടക്കുന്ന സ്ഥലത്തേയ്ക്കാണ് വലിയ കോണ്‍ക്രീറ്റ് സ്ലാബുകള്‍ പതിച്ചത്. മഴ പെയ്തതാണ് കെട്ടിടത്തിന്റെ ഒരു ഭാഗം തകരാന്‍ കാരണമായന്നെ വാദമാണ് അധികൃതരില്‍ നിന്ന് ലഭിച്ചത്. എന്നാല്‍, കേവലം ഒരു മഴയെ അതിജീവിക്കാനുള്ള കരുത്ത് പോലും സര്‍ക്കാരിന് കീഴിലുള്ള കെട്ടിടങ്ങള്‍ക്ക് ഇല്ലേ എന്ന ചോദ്യമാണ് ഉയരുന്നത്. ഇതിന് മുമ്പ് ഒരിക്കല്‍ സമാനമായ രീതിയില്‍ അപകടമുണ്ടായതായി നാട്ടുകാര്‍ പറയുന്നു. മണ്ണ് ഇടിഞ്ഞു വീണ് സംരക്ഷണ ഭിത്തി തകര്‍ന്നത് കാരണം
അടിത്തറയ്ക്ക് ബലക്ഷയം സംഭവിച്ചിട്ടുണ്ടോ എന്ന ആശങ്കയിലാണ് സമീപവാസികള്‍. ഊരാളുങ്കല്‍ സൊസൈറ്റിയാണ് ഇതിന്റെയും നിര്‍മ്മാണം.
യാതൊരു വിധത്തിലുള്ള സുരക്ഷാ മുന്‍കരുതലുകളും സ്വീകരിക്കാതെയാണ് ഐടി മിഷന് സമീപത്തെ നിര്‍മ്മാണം നടക്കുന്നതെന്ന് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്. മറ്റൊരു കെട്ടിടവുമായി പാലിക്കേണ്ട സുരക്ഷിത അകലം പാലിച്ചില്ലെന്ന് മാത്രമല്ല, പൈലിംഗ് പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ പാലിക്കേണ്ട നടപടികളും പാലിച്ചിട്ടില്ല. ഐടി മിഷന്റെ ഒരു ഭാഗത്തെ നടവരിയാണ് നിലംപൊത്തിയത്. കെട്ടിടത്തിന്റെ നിര്‍മ്മാതാക്കള്‍ വേണം സമീപത്തെ കെട്ടിടങ്ങളുടെ സുരക്ഷയും ഉറപ്പുവരുത്താന്‍ എന്നിരിക്കെ ഇവിടെ അതുണ്ടായില്ലെന്ന് വ്യക്തമാണ്. അപകടമുണ്ടായ സ്ഥലത്ത് വലിയ ഒരു മരത്തിന്റെ വേര് കിടക്കുന്നത് നീക്കം ചെയ്യാതെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് കൈകാര്യം ചെയ്യുന്ന ഐടി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐടി മിഷന്‍ പോലെയൊരു സ്ഥാപനത്തില്‍ ഇത്തരമൊരു സംഭവമുണ്ടായിട്ടും ഇതുവരെയും ബന്ധപ്പെട്ടവര്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.