ന്യൂഡല്‍ഹി: വീട്ടമ്മമാരായ അഞ്ച് ഹിന്ദു സ്ത്രീകളെ മുന്നില്‍ നിര്‍ത്തി വിശ്വവേദിക് സനാതന്‍ സംഘ് എന്ന സംഘടനയാണ് ഗ്യാന്‍വാപി മസ്ജിദിനെ വ്യവഹാരത്തിലേക്ക് വലിച്ചിഴച്ചത്. മറ്റൊരു ബാബരിയായി ഗ്യാന്‍വാപി മസ്ജിദിനെ മാറ്റുകയെന്ന സംഘ് പരിവാറിന്റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണിത്.
അയോധ്യക്ക് സമാനമായി ഗ്യാന്‍വ്യാപിയെ ഉയര്‍ത്തിക്കൊണ്ടു വരികയും ഹിന്ദുമുസ്‌ലിം വിഭാഗീയത ആളിക്കത്തിച്ച് രാഷ്ട്രീയമായി നേട്ടം കൊയ്യുകയും ചെയ്യുകയെന്ന കുടില തന്ത്രം. ഗ്യാന്‍വാപി മസ്ജിദില്‍ പരിശോധനക്ക് അനുമതി നല്‍കിയ കോടതി വിധി വെറുപ്പ് വിതച്ച് നേട്ടംകൊയ്യാന്‍ കാത്തിരിക്കുന്നവര്‍ക്ക് കാര്യങ്ങളെ എളുപ്പമാക്കുകയായിരുന്നു.
വിവാദമായ സര്‍വേക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് കീഴ്‌ക്കോടതി ശവിലംഗം കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടി പള്ളിയുടെ ഒരുഭാഗം സീല്‍ചെയ്യാന്‍ ഉത്തരവിട്ടത്. കീഴ്‌ക്കോടതി നടപടി 1991ലെ പ്ലേസ് ആന്റ് വര്‍ഷിപ് സംരക്ഷണ നിയമത്തിന് വിരുദ്ധമാണെന്ന വാദം മസ്ജിദ് കമ്മിറ്റിക്കു വേണ്ടി ഹാജരായ അഡ്വ. ഹുസേഫാ അഹമദി ഇന്നലേയും ആവര്‍ത്തിച്ചു. ഗ്യാന്‍വാപി മസ്ജിദ് കോംപ്ലക്‌സില്‍ പരിശോധന നടത്തണമെന്ന ഹര്‍ജിയിലാണ് വരാണസി ജില്ലാ സിവില്‍ കോടതി പരിശോധനക്ക് ഉത്തരവിട്ടതും അഭിഭാഷക കമ്മീഷനെ നിയോഗിച്ചതും. പരിശോധന നടത്താന്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി നിലനില്‍ക്കുമോ എന്ന് ആദ്യം പരിശോധിക്കേണ്ടതിനു പകരം അഭിഭാഷകനെ കമ്മീഷനെ നിയോഗിക്കാന്‍ കീഴ്‌ക്കോടതി ധൃതി കാണിച്ചത് എന്തിനാണെന്ന്് ഹുസേഫാ അഹമദ് ചോദിച്ചു. അഭിഭാഷക കമ്മീഷനെ തിരഞ്ഞെടുക്കുമ്പോള്‍ മസ്ജിദ് കമ്മിറ്റിയുടെ ഭാഗം കേട്ടിരുന്നോ, ആരാണ് ഇതിനെ നയിച്ചത് തുടങ്ങിയ ചോദ്യങ്ങളും ഹുസേഫാ ഉന്നയിച്ചു.
ഹര്‍ജിയുടെ സാധുത പരിശോധിക്കാന്‍ കീഴ്‌ക്കോടതിയോട് ആവശ്യപ്പെടാന്‍ കഴിയുമെന്നായിരുന്നു ഇതിന് സുപ്രീംകോടതിയുടെ പ്രതികരണം. വിഷയം സുപ്രീംകോടതിയുടെ പരിഗണനയില്‍ ആണെന്ന പൂര്‍ണ ബോധ്യത്തോടെയാണ് ശനി, ഞായര്‍ ദിവസങ്ങളില്‍ കമ്മീഷന്‍ പരിശോധനക്ക് എത്തിയതെന്നും അഡ്വ. ഹുസേഫ ചൂണ്ടിക്കാട്ടി. പള്ളിയില്‍ പരിശോധന നടത്തുന്നത് മുതലുള്ള എല്ലാ ഉത്തരവും നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.