X

ഉംറ കമ്പനികളുടെ അപേക്ഷകള്‍ സൗദി മന്ത്രാലയം സ്വീകരിച്ചുതുടങ്ങി

റിയാദ്: തീര്‍ത്ഥാടകര്‍ക്ക് ഉംറ നിര്‍വഹിക്കുന്നതിനാവശ്യമായ സേവനങ്ങളും സൗകര്യങ്ങളും ഒരുക്കാന്‍ ആഗ്രഹിക്കുന്ന കമ്പനികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ലൈസന്‍സ് അപേക്ഷകള്‍ സൗദി ഹജ്ജ്-ഉംറ മന്ത്രാലയം സ്വീകരിച്ചുതുടങ്ങി. തീര്‍ഥാടകരുടെ സേവനങ്ങള്‍ക്കുള്ള ലൈസന്‍സുകള്‍ (സമഗ്ര ഉംറ സംഘാടകന്‍) വര്‍ഷം മുഴുവനും ലഭ്യമാകുമെന്ന് മന്ത്രാലയം അറിയിച്ചു.

മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പോര്‍ട്ടലില്‍ പ്രസിദ്ധപ്പെടുത്തിയ നിബന്ധനകള്‍ക്കും മാനദണ്ഡങ്ങള്‍ക്കും അനുസരിച്ചായിരിക്കും ലൈസന്‍സ് നല്‍കുന്നത്. ലൈസന്‍സിന്റെ കാലയളവ് അഞ്ചു വര്‍ഷമാണ്.ഗതാഗതം, ട്രാവല്‍, ടൂറിസം, ട്രിപ്പ് ഓര്‍ഗനൈസര്‍മാര്‍ തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കും മന്ത്രാലയം ഉംറ സേവന ലൈസന്‍സ് നല്‍കും. ഉംറ മേഖലയിലെ ലൈസന്‍സിയെ ആശ്രയിക്കാതെ തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കാന്‍ അനുബന്ധ മേഖലയിലുള്ളവരെ പ്രാപ്തമാക്കുന്നതിനാണിത്. തീര്‍ത്ഥാടകര്‍ സൗദിയിലെത്തിയ ശേഷം തിരിച്ചയക്കുന്നത് വരെയുള്ള കാലയളവിലെ യാത്ര, താമസം, ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ മാത്രമായി ഇവര്‍ക്ക് ചെയ്തുനല്‍കാന്‍ അനുവദിക്കും. 2023 അവസാനത്തോടെ സേവനകാര്യത്തില്‍ കമ്പനികള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരം ഉണ്ടാക്കിയെടുക്കാനും സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി വിസ അനുവദിക്കുന്ന ഫീസ് സേവനത്തിനുള്ള ഫീസില്‍ നിന്ന് വേര്‍തിരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

പുതിയ ധാരാളം കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. ഏതാനും വര്‍ഷം മുമ്പ് മതാഫ് വികസനവും കിങ് അബ്ദുല്ല എക്സ്പാന്‍ഷനും പൂര്‍ത്തിയായ ശേഷം ഉംറ തീര്‍ത്ഥാടകരുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിക്കാന്‍ ഭരണകൂടം തീരുമാനിച്ചിരുന്നു. സൗദി വിഷന്‍ 2030ന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായും ഇത് ഉള്‍പ്പെടുത്തുകയുണ്ടായി. വിദേശ തീര്‍ത്ഥാടകരുടെയും ടൂറിസ്റ്റുകളുടെയും എണ്ണം വര്‍ധിപ്പിക്കുന്നതിലൂടെ വരുമാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. എണ്ണയിതര വരുമാന സ്രോതസുകള്‍ കണ്ടെത്തി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണിത്.

webdesk11: