X

സഊദി-ഇന്ത്യ എയര്‍ ബബ്ള്‍ കരാര്‍ സര്‍വീസ് ജനുവരിയില്‍ തുടങ്ങിയേക്കും

സഊദിയും ഇന്ത്യയും തമ്മിലുള്ള എയര്‍ ബബ്ള്‍ കരാറിന് അന്തിമ രൂപമായതായി ഇന്ത്യന്‍ എംബസി. ഇതുപ്രകാരം പുതുവര്‍ഷ ദിനം മുതല്‍ കരാര്‍ പ്രകാരമുള്ള സര്‍വീസ് തുടങ്ങിയേക്കുമെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു. കോവിഡ് ബാധ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ അന്താരാഷ്ട്ര സര്‍വീസുകള്‍ക്കുള്ള വിലക്ക് നീട്ടിയ സാഹചര്യത്തില്‍ എയര്‍ ബബ്ള്‍ കരാര്‍ പ്രകാരം ജനുവരി മുതല്‍ സര്‍വീസുകള്‍ നടത്താനാകുമെന്നാണ് കരുതുന്നത്. നിലവില്‍ വന്ദേ ഭാരത് സര്‍വീസുകളെയും ചാര്‍ട്ടേര്‍ഡ് വിമാനങ്ങളെയും മാത്രമാണ് ഇന്ത്യക്കാരായ പ്രവാസികള്‍ ആശ്രയിക്കുന്നത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ടായിരിക്കും സര്‍വീസ് ഏര്‍പ്പെടുത്തുക.

ഇരു രാജ്യങ്ങളിലും കോവിഡ് ബാധയെ തുടര്‍ന്ന് യാത്ര വിലക്ക് ഏര്‍പെടുത്തിയ സാഹചര്യത്തിലാണ് കരാറിനെ കുറിച്ചുള്ള ദ്രുതഗതിയിലുള്ള നീക്കങ്ങള്‍ ഇന്ത്യന്‍ എംബസിയും അംബാസഡര്‍ ഡോ. ഔസാഫ് സയീദും ആരംഭിച്ചത്. സഊദി ഒഴികെ മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ എയര്‍ ബബ്ള്‍ കരാര്‍ നിലവിലുണ്ട്. ഏറ്റവുമധികം ഇന്ത്യക്കാരുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ് സഊദി അറേബ്യ. ഇന്ത്യന്‍ എംബസ്സിയുടെ കണക്ക് പ്രകാരം ഇരുപത്തിയാറു ലക്ഷത്തിലധികം ഇന്ത്യക്കാരാണ് സഊദിയിലുള്ളത്.

 

 

Test User: