X

ദീര്‍ഘ ദര്‍ശനത്തിന്റെ സാത്വികഭാവം- ഉസ്മാന്‍ താമരത്ത്‌

ഉസ്മാന്‍ താമരത്ത്‌ 

ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെയും മര്‍ദ്ദിത സമൂഹങ്ങളുടെയും അവകാശപോരാട്ടത്തിനായി സര്‍വം സമര്‍പ്പിച്ച മഹാസാത്വികനായ ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് വിടവാങ്ങിയിട്ട് അര നൂറ്റാണ്ട്. മതന്യൂനപക്ഷങ്ങളില്‍ ഭൂരിപക്ഷം വരുന്ന മുസ്‌ലിം സമൂഹം തിങ്ങിത്താമസിച്ചിരുന്ന വടക്കുകിഴക്കന്‍ വടക്കുപടിഞാറന്‍ പ്രവിശ്യകള്‍ വിഭജന പദ്ധതി പ്രകാരം വേര്‍പെട്ട് പോയതോടെ സ്വാതന്ത്ര്യലബ്ധിക്ക്‌ശേഷം അരക്ഷിതരായ ഒരു ജനസമൂഹത്തിന് ആത്മവിശ്വാസം പകര്‍ന്ന കരുത്തായിരുന്നു അദ്ദേഹം. മദ്രാസ് സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന അദ്ദേഹത്തെയായിരുന്നു ചരിത്ര പ്രസിദ്ധമായ കറാച്ചി കൗണ്‍സില്‍ ഇന്ത്യയിലെ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പുനസ്സംഘാടനത്തിന്റെ സാധ്യത പരിശോധിച്ച് നടപടിയെടുക്കാന്‍ ചുമതലപ്പെടുത്തിയത്. കാലമേല്‍പ്പിച്ച ദൗത്യം അതീവ ദുഷ്‌കരവും ശ്രമകരവുമായിരുന്നു. വിഭജനത്തിന്റെ വേദനയും വേര്‍പാടിന്റെ ആഘാതവും നാടിന്റെ അഖണ്ഡതക്കേല്‍പ്പിച്ച കളങ്കം നെഞ്ചേറ്റിയ രാഷ്ട്രശില്‍പികള്‍ അവശിഷ്ട ഭൂപ്രദേശത്തെ ഇലയനക്കം പോലും ഭയപ്പാടോടെ കണ്ടപ്പോള്‍ ന്യൂനപക്ഷ ജനതയുടെ രാഷ്ട്രീയ ഭാഗധേയം വലിയ വെല്ലുവിളികളെയാണ് നേരിട്ടത്. പക്ഷേ സ്വാതന്ത്ര്യ സമരസേനാനിയും ദാര്‍ശനികനും ജനപ്രതിനിധിയും ഭരണഘടനാനിര്‍മ്മാണ സഭാംഗവുമായ മുഹമ്മദ് ഇസ്മായില്‍ സാഹിബ് അസാധാരണമായ ചങ്കുറപ്പോടെയാണ് ഹിമാലയന്‍ പ്രതിസന്ധികളെ മറികടന്ന് 1948 മാര്‍ച്ച് 10 ന് മദ്രാസിലെ ബാന്‍ക്വറ്റ് ഹാളില്‍ (പിന്നീട് രാജാജി മന്ദിരമെന്ന് നാമകരണം ചെയ്തു) ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് രൂപീകരിക്കുന്നതിനായി നേതൃത്വം നല്‍കിയത്. രാജ്യം കണ്ട ദയനീയമായ കലാപത്തിന്റെ ഭീകരതയിലും നല്ല നാളെയെക്കുറിച്ചുള്ള ശില്‍പസമ്പൂര്‍ണമായ ആശയത്തിന്റെ സന്ദേശമായിരുന്നു അദ്ദേഹം സമര്‍പ്പിച്ചത്.

ആധുനിക രാഷ്ട്ര വ്യവഹാരങ്ങളുമായും ഇന്ത്യന്‍ ഭരണഘടന പകര്‍ന്നു നല്‍കുന്ന നൈതിക മൗലിക മൂല്യങ്ങളുമായും അരികുവത്കരിക്കപ്പെട്ട ജനസഞ്ചയത്തെ ചേര്‍ത്തുനിര്‍ത്തുക എന്ന ദൗത്യമാണ് ഖാഇദെമില്ലത്ത് നിറവേറ്റിയത്. ജനാധിപത്യം മതേതരത്വം സോഷ്യലിസം തുടങ്ങിയ രാജ്യത്തിന്റെ പരമമായ മൂല്യങ്ങളോട് ന്യൂനപക്ഷ പൊതുബോധത്തെ വിളക്കി ചേര്‍ത്തത് മുഹമ്മദ് ഇസ്മായില്‍ സാഹിബിന്റെ അത്ഭുത സിദ്ധിയായിരുന്നു. അങ്ങനെയാണ് അവരെ അഭിമാന ബോധമുള്ള ഒരു ജനതയാക്കി വാര്‍ത്തെടുത്തത്. അതോടൊപ്പംതന്നെ സ്വത്വം വിശ്വാസം എന്നിവയുടെ സംരക്ഷണത്തിനായി പൊരുതേണ്ട അനിവാര്യതയെ തര്യപ്പെടുത്തുകയും നിയമനിര്‍മ്മാണ സഭകളെ അതിന്റെ ആവിഷ്‌കാര വേദിയാക്കിയും ആ മഹാ മനീഷി കാണിച്ചുതന്നു.

വിശ്വാസവും തനിമയും ചോര്‍ന്നു പോയ ഒരു യാന്ത്രിക ജനതതിയെയല്ല സ്വത്വബോധത്തിന്റെ ചോരയോട്ടമുള്ള ഒരു സചേതന സമൂഹത്തെയാണ് ഖാഇദെ മില്ലത്ത് ദര്‍ശനം ചെയ്തത്. ഭരണഘടനയുടെ കരട് ജനിക്കുമ്പോള്‍ കണ്ണും കാതും തുറന്ന് വെച്ച് ജാഗരൂകനായ ഇസ്മയില്‍ സാഹിബിനോട് ഈ രാജ്യത്തെ ന്യൂനപക്ഷ സമൂഹം അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. ഒരു കുത്തിലോ കോമയിലോ വാക്കിലോ വാചകത്തിലോ ഭരണഘടന അവരുടെ ജീവിതത്തിനു മീതെ ആശങ്കയാകുന്നില്ല. മറിച്ച് സമസ്താവകാശങ്ങളും പോറലേല്‍ക്കാതെ അതിനകത്ത് സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഈ രക്ഷാകവചം തീര്‍ത്ത വിമോചകനായിട്ടാണ് ഇസ്മയില്‍ സാഹിബ് വിലയിരുത്തപ്പെട്ടിട്ടുള്ളത്.

1896 ജൂണ്‍ മാസം അഞ്ചിന് തിരുനല്‍വേലി പേട്ടയില്‍ മിയാക്കണ്ണ് റാവുത്തറുടെയും മുഹ്‌യുദ്ദീന്‍ ഫാത്തിമ ഉമ്മയുടെയും മകനായായിരുന്നു ജനനം. മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ ബിരുദ പഠനത്തിനിടെ മഹാത്മജിയുടെ ആഹ്വാനം നെഞ്ചേറ്റി പഠനമുപേക്ഷിച്ച് സ്വാതന്ത്ര്യ സമരത്തില്‍ സജീവമായി. സ്വതന്ത്രപൂര്‍വ കാലത്ത് ദേശീയ പ്രസ്ഥാനത്തിലും പിന്നീട് സര്‍വേന്ത്യാ മുസ്‌ലിം ലീഗിലും നേതൃരംഗത്ത് നിറഞ്ഞ് നിന്ന് പ്രവര്‍ത്തിച്ച അദ്ദേഹം 1946ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ മദ്രാസ് നഗരത്തിലെ മുസ്‌ലിം മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. വിദേശ ഭരണത്തിലായിരുന്ന അവിഭക്ത ഭാരതത്തിലെ അതിപ്രഗത്ഭരായ മുസ്‌ലിം രാഷ്ട്രീയ നേതാക്കളെല്ലാം കുടിയൊഴിഞ്ഞുപോയതോടെ കര്‍മം കൊണ്ടും കാഴ്ചപ്പാടുകൊണ്ടും ഗോപുര സമാനം ഗരിമയുള്ള നേതാവായി ന്യൂനപക്ഷ ഇന്ത്യ കണ്ടത് ഇസ്മയില്‍ സാഹിബിനെയായിരുന്നു. ഇരുപത്തൊമ്പത് എം.എല്‍.എമാരുടെ നേതാവെന്ന നിലയില്‍ മദിരാശി നിയമസഭയിലെ പ്രതിപക്ഷ നേതാവായി. സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനും ദേശക്കാരുടെ ക്ഷേമത്തിനുമായി അവിസ്മരണീയമായ സംഭാവനകളാണ് അദ്ദേഹം സമര്‍പ്പിച്ചത്. തമിഴ്‌നാട്ടിലെ വിഖ്യാത മതപഠന കേന്ദ്രമായ മമ്പഉല്‍ അവാറില്‍ 1945 ല്‍ നടന്ന സനദ് ദാന ചടങ്ങില്‍ സ്വാഗത പ്രാസംഗികനായിരുന്ന അമാനി ഹസ്രത്താണ് അധ്യക്ഷനായിരുന്ന മുഹമ്മദ് ഇസ്മയില്‍ സാഹിബിനെ ഖാഇദെമില്ലത്ത് എന്ന് വിശേഷിപ്പിച്ചത്. പിന്നീട് ഇത് പേരിന്റെ ഭാഗമാവുകയായിരുന്നു.

1948 ല്‍ ഭരണഘടനാനിര്‍മ്മാണ സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1952ല്‍ രാജ്യത്തെ ഒന്നാമത്തെ രാജ്യസഭയിലേക്ക് തിരെഞ്ഞെടുക്കപ്പെട്ടത് കക്ഷി മിടുക്കിനപ്പുറം തമിഴ് രാഷ്ട്രീയത്തിലെ തന്റെ വിശ്വാസ്യത കൊണ്ടായിരുന്നു. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ നൈരന്തര്യം സാധ്യമാക്കിയ അപകടകാരിയായ രാഷ്ട്രീയ നേതാവെന്ന അപഖ്യാതി പ്രചരിപ്പിക്കാന്‍ ഭരണകൂടവും രാഷ്ട്രത്തലവന്‍മാരും തന്ത്രങ്ങള്‍ മെനയുമ്പോഴായിരുന്നു ഇസ്മയില്‍ സാഹിബ് ദേശീയ രാഷ്ട്രീയത്തെ തന്റെ നിര്‍മലമായ സാന്നിധ്യം കൊണ്ട് സുകൃത ധന്യമാക്കിയത്. 1948 സ്ഥാപിത കാലം തൊട്ട് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ പ്രസിഡണ്ടായ അദ്ദേഹം 1962 മുതല്‍ മൂന്ന് തവണ തുടര്‍ച്ചയായി മഞ്ചേരി മണ്ഡലത്തില്‍നിന്ന് ലോക്‌സഭയിലെത്തി. മുസ്‌ലിം സമുദായത്തിന്റെയും സമാന പ്രശ്‌നങ്ങളുമായി ജീവിക്കേണ്ടിവന്ന അവശ ജനതയുടെയും അവകാശപ്പോരാട്ടമായിരുന്നു മരണം വരെയും ഇന്ത്യന്‍ പാര്‍ലമെന്റില്‍ നിര്‍വഹിക്കുകയുണ്ടായത്.

ഭരണഘടന വിഭാവനം ചെയ്യുന്ന രക്ഷയും സംരക്ഷണവും അവശ പിന്നാക്ക മര്‍ദ്ദിത ജനതക്ക് പ്രാപ്യമാകണമെങ്കില്‍ ഭരണഘടനക്കും ജനതക്കുമിടയില്‍ ഒരു ഇടപെടലോ മധ്യവര്‍ത്തിയോ വേണ്ടി വരുമെന്ന ദീര്‍ഘദര്‍ശനമായിരുന്നു മുസ്‌ലിം ലീഗെന്ന സംഘബോധമായി പരിണമിച്ചത്. ജനാധിപത്യ ഭരണക്രമങ്ങളെയും ബഹുസ്വര സാമൂഹ്യ ഘടനയെ സംബന്ധിച്ചും ആഴമേറിയ നിരീക്ഷണം നടത്തിയ ധിഷണാശാലിയായിരുന്നു ഇസ്മയില്‍ സാഹിബ്. അദ്ദേഹത്തിന്റെ ദാര്‍ശനികമായ നിലപാടുകളെ ശരിവെക്കുകയാണ് ഫാഷിസകാല ഇന്ത്യയെന്ന് വിലയിരുത്തേണ്ടിവരും. മത സമൂഹങ്ങള്‍ തമ്മിലുള്ള രഞ്ജിപ്പും വിശ്വാസ്യതയും ശക്തിപ്പെടുമ്പോള്‍ മാത്രമാണ് ജനാധിപത്യക്രമത്തില്‍ ന്യൂനപക്ഷ രാഷ്ട്രീയം മുന്നോട്ടു വെക്കുന്ന നിലപാടുകള്‍ സാര്‍ത്ഥകമാകൂ എന്നാണ് ഇസ്മയില്‍ സാഹിബിന്റെ നിരീക്ഷണം. ഇവിടെ വെച്ചാണ് ഖാഇദെമില്ലത്തിന്റെ ചിന്തകള്‍ മതമൗലികവാദത്തോടും തീവ്രവാദത്തോടും ശക്തമായ വിയോജിപ്പിലാകുന്നത്. ഖാഇദെമില്ലത്ത് വിടവാങ്ങുന്ന രാഷ്ട്രീയ കാലാവസ്ഥയില്‍ മുസ്‌ലിം ലീഗ് ശ്രദ്ധയൂന്നിയ കാമ്പയിന്‍ കോണ്‍ഗ്രസ് വിരുദ്ധ പാര്‍ട്ടികള്‍ ഏകീകരിക്കുന്നതിന്റെ അപായത്തെ കുറിച്ചായിരുന്നു. 1977 ലും പിന്നീട് എണ്‍പതുകള്‍ക്ക് ശേഷവും 1989 ലും തൊണ്ണൂറാനന്തര ഇന്ത്യന്‍ രാഷ്ട്രീയവും മഹാപ്രതിഭാശാലിയായ ആ ന്യൂനപക്ഷ നായകന്റെ മനോമുകുരത്തില്‍ തെളിഞ്ഞ് കാണപ്പെട്ടിരുന്നു എന്നു വേണം മനസ്സിലാക്കാന്‍. കാതങ്ങള്‍ക്കപ്പുറത്തേക്ക് ഒരു ജനതയുടെ കുതിപ്പും വളര്‍ച്ചയും വിഭാവനം ചെയ്ത സാത്വികനായിരുന്നു ഇസ്മയില്‍ സാഹിബ്.

Test User: