X

ബാബരി ആവര്‍ത്തിക്കാന്‍ തക്കംപാര്‍ത്ത് സംഘ്പരിവാര്‍

മഥുര: ബാബരി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് മഥുരയില്‍ സുരക്ഷ ശക്തമാക്കി. അഖില ഭാരതീയ ഹിന്ദു മഹാസഭ, ശ്രീകൃഷ്ണ ജന്മഭൂമി നിര്‍മാണ്‍ ന്യാസ്, നാരായണി സേന, ശ്രീകൃഷ്ണ മുക്തിദള്‍ എന്നീ നാല് വലതുപക്ഷ ഗ്രൂപ്പുകള്‍ നേരത്തെ പരിപാടികള്‍ നടത്താന്‍ അനുമതി തേടിയിരുന്നു.

മഥുരയിലെ ശാഹി ഈദ്ഗാഹ് പള്ളിക്കകത്ത് പൂജാ ചടങ്ങുകളോടെ കൃഷ്ണ വിഗ്രഹം സ്ഥാപിക്കാന്‍ അഖില ഭാരതീയ ഹിന്ദു മഹാസഭ അനുമതി തേടിയിരുന്നു. എന്നാല്‍ സമാധാനം തകര്‍ക്കാന്‍ സാധ്യതയുള്ള ഏതെങ്കിലും പരിപാടിക്ക് അനുമതി നല്‍കാനാവില്ലെന്ന് പറഞ്ഞ് ജില്ലാ മജിസ്‌ട്രേറ്റ് അനുമതി നിഷേധിക്കുകയായിരുന്നു.

സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. സുരക്ഷാ ആവശ്യങ്ങള്‍ക്കായി മഥുരയെ മൂന്ന് സോണുകളായി തിരിച്ചിട്ടുണ്ട്. കത്ര കേശവ് ദേവ് ക്ഷേത്രവും ഷാഹി ഈദ്ഗായും ഉള്‍ക്കൊള്ളുന്ന പ്രദേശം റെഡ് സോണായി നിശ്ചയിച്ചിട്ടുണ്ട്. അവിടെ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. മഥുരയുടെ എല്ലാ പ്രവേശന കേന്ദ്രങ്ങളിലും മതിയായ സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് സീനിയര്‍ പോലീസ് സൂപ്രണ്ട് ഗൗരവ് ഗ്രോവര്‍ പറഞ്ഞു. ഇവിടെ പരിശോധന ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്ത് നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ട്.

യു.പി നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ മഥുര കൃഷ്ണ ജന്മഭൂമി ക്ഷേത്രമെന്ന വാദമുയര്‍ത്തി നേട്ടംകൊയ്യാന്‍ ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്. അയോധ്യയിലും കാശിയിലും ക്ഷേത്രങ്ങള്‍ നിര്‍മാണത്തിലാണെന്നും മഥുരയില്‍ ക്ഷേത്രം നിര്‍മിക്കാനുള്ള തയാറെടുപ്പ് മുന്നോട്ടുപോകുകയാണെന്നും യു.പി ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. മഥുരയിലെ ശാഹി ഈദ്ഗാഹ് പള്ളിക്കകത്ത് പൂജാ ചടങ്ങുകളോടെ കൃഷ്ണ വിഗ്രഹം സ്ഥാപിക്കാന്‍ അഖില ഭാരതീയ ഹിന്ദു മഹാസഭ പ്രഖ്യാപിച്ച മാര്‍ച്ച് തിങ്കളാഴ്ച മാറ്റിവെച്ചതിനു പിന്നാലെയായിരുന്നു ഉപമുഖ്യമന്ത്രിയുടെ ട്വീറ്റ്.

മഥുരയിലെ ശ്രീകൃഷ്ണ ജന്മക്ഷേത്രത്തിനോട് ചേര്‍ന്നുള്ള ഷാഹി ഈദ് ഗാഹ് മസ്ജിദ് പൊളിച്ചുനീക്കണമെന്ന ആവശ്യം ഹിന്ദുത്വവാദികള്‍ ഏറെക്കാലമായി ഉന്നയിക്കുന്നുണ്ട്. ശ്രീകൃഷ്ണന്റെ ജന്മസ്ഥലം ഷാഹി ഈദ് ഗാഹ് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ അടിയിലാണെന്നാണ് ഇവരുടെ വാദം. ക്ഷേത്രത്തിന്റെ ഒരു ഭാഗം തകര്‍ത്താണ് പള്ളി പണിതതെന്ന അവകാശവാദം മഥുര സിവില്‍ കോടതി കഴിഞ്ഞ വര്‍ഷം തള്ളിയിരുന്നു.

അയോധ്യയിലെ രാമക്ഷേത്രത്തിന് പിന്നാലെ അടുത്ത ലക്ഷ്യം കാശിയും മഥുരയുമാണെന്ന് സംഘ്പരിവാര്‍ നേതൃത്വം പലതവണ വ്യക്തമാക്കിയിരുന്നു. കാശിയിലെ പ്രസിദ്ധമായ വിശ്വനാഥ ക്ഷേത്രം അതിര്‍ത്തി പങ്കിടുന്നത് ഗ്യാന്‍വാപി പള്ളിയുമായിട്ടാണ്. ഇതും മഥുരയിലെ ഷാഹി ഈദ് ഗാഹ് പള്ളിയും പൊളിക്കണമെന്നത് സംഘ്പരിവാര്‍ സംഘടനകളുടെ ഏറെക്കാലത്തെ ആവശ്യമാണ്.

Test User: