X

സംഘ്പരിവാര്‍ ലക്ഷ്യം വെക്കുന്നത്- റസാഖ് ആദൃശ്ശേരി

റസാഖ് ആദൃശ്ശേരി

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്ക്ള്‍ 25 പ്രകാരം, ഓരോരുത്തര്‍ക്കും താന്‍ ഇഷ്ടപ്പെടുന്ന മതം സ്വീകരിക്കാനും അതനുസരിച്ച് ജീവിക്കാനും ആ വിശ്വാസം പ്രചരിപ്പിക്കാനുമുള്ള മൗലികാവകാശമുണ്ട്. എന്നാല്‍ മതപ്രചാരണം നിയന്ത്രിക്കാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ ബില്‍ കൊണ്ടുവരുകയും സര്‍ക്കാര്‍ പ്രതിനിധികളും സംഘ്പരിവാറും വീടുകളില്‍ കയറി ഇറങ്ങി മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ വ്യാപക ദുഷ്പ്രചരണങ്ങള്‍ നടത്തുകയും ചെയ്തതിന്റെ ഫലങ്ങള്‍ ഇപ്പോള്‍ അവിടെ ദൃശ്യമായി തുടങ്ങിയിരിക്കുന്നു. ഉന്നത കലാലയങ്ങളില്‍പോലും മുസ്‌ലിം വിദ്യാര്‍ത്ഥിനികളെ ഹിജാബ് ധരിച്ച് ക്ലാസില്‍ ഹാജരാകാന്‍ കഴിയാത്തത്ര അധ്യാപകരുടെ മനസുകളില്‍ പോലും വര്‍ഗീയ വിഷം കയറിയിരിക്കുന്നു. കര്‍ണ്ണാടകയിലെ മാണ്ഡ്യയിലെ കോളജില്‍ ഹിജാബ് ധരിച്ച പെണ്‍കുട്ടിക്ക് നേരെ കാവിഷാള്‍ ധരിച്ച യുവാക്കള്‍ ‘ജയ് ശ്രീറാം’ വിളിച്ചു ഓടിയടുക്കുന്നു. ഹിജാബ് ധരിച്ചെത്തിയ പെണ്‍കുട്ടികളെ കോളജില്‍ നിന്നും പുറത്താക്കുന്നു. ഇത് സംസ്ഥാനത്തിന്റെ മറ്റ് കോളജുകളിലേക്കും വ്യാപിക്കുന്നു. ഗവണ്‍മെന്റ് കോളജിന്റെ നടപടി ശരിവെക്കുന്നു. മൗലികാവകാശം നിലനിറുത്തുന്നതിനായി പെണ്‍കുട്ടികള്‍ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുന്നു.

മത ധ്രുവീകരണം ഇങ്ങനെയാണ്. ഭിന്നിപ്പും സാമുദായിക കലഹവും പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള സുസ്ഥിര പ്രചരണത്തിന്റെ കയ്‌പേറിയ വിളവാണിത്. മതേതര ഇന്ത്യയില്‍, മതേതര വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ചുറ്റുപാടില്‍, രാജ്യത്തെ ശിഥിലമാക്കാന്‍ ഇറങ്ങിതിരിച്ച ശക്തികളുടെ ദീര്‍ഘകാലത്തെ പരിശ്രമം യുവാക്കള്‍ക്കിടയില്‍ അതിശക്തമായി വേരോടിയിരിക്കുന്നു എന്നതിന്റെ പ്രകടമായ ഉദാഹരണം. അല്ലെങ്കില്‍ എങ്ങനെയാണ് തങ്ങളുടെ കോളജിലെ സഹപാഠികള്‍ക്ക് നേരെ ആക്രോശിക്കാന്‍ കഴിയുക? എന്തുകൊണ്ടാണ് യുവാക്കള്‍ അവരുടെ മതത്തിന്റെ യുദ്ധമുറകള്‍ മുഴക്കാന്‍ നിര്‍ബന്ധിതരായത്? മതേതര ചിന്തകള്‍ കൈവെടിഞ്ഞുകൊണ്ട് മറ്റുള്ളവരെ ഭീഷണിപ്പെടുത്താനും അടിച്ചമര്‍ത്താനും അല്ലെങ്കില്‍ പോരാടാനും അവര്‍ക്ക് എങ്ങനെയാണ് സാധ്യമാകുന്നത്?

അത്തരം ധ്രുവീകരണത്തില്‍നിന്നും ആര്‍ക്കാണ് ലാഭം എന്നതാണ് ചോദ്യം. രാജ്യത്തെ യുവാക്കള്‍ മത്സരാധിഷ്ഠിത വര്‍ഗീയതക്ക്‌വേണ്ടി തങ്ങളുടെ ഊര്‍ജ്ജം വിനിയോഗിക്കുമ്പോള്‍ ആര്‍ക്കാണ് നേട്ടം? തങ്ങളുടെ വിദ്യാഭ്യാസത്തിലും ഭാവി കെട്ടിപ്പടുക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, മതത്തിന്റെ യഥാര്‍ഥ ലക്ഷ്യങ്ങള്‍ മനസിലാക്കാതെ, അതിനുസരിച്ച് ജീവിതം നയിക്കാതെ, യുവാക്കളും യുവതികളും മതത്തിന്റെയും മതചിഹ്നങ്ങളുടെയും ലഹരിയുടെ തിരക്കിലായിരിക്കുമ്പോള്‍ അത് ആരുടെ ലക്ഷ്യമാണ് നിറവേറ്റുന്നത്? ഹിജാബ് അല്ലെങ്കില്‍ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ ഉഡുപ്പിയിലെ കോളജില്‍ ആറ് വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചത് കഴിഞ്ഞ മാസമാണ്. നിരവധി മുസ്‌ലിം സ്ത്രീകളും പെണ്‍കുട്ടികളും ധരിക്കുന്ന വസ്ത്രം ഡ്രസ്‌കോഡിന് വിരുദ്ധമാണെന്നാണ് കോളജ് അധികൃതരുടെ ഭാഷ്യം. പെണ്‍കുട്ടികള്‍ നിലപാടില്‍ ഉറച്ചുനിന്നപ്പോള്‍ സംസ്ഥാനത്തെ മറ്റ് നിരവധി കോളജുകളും ഇതേ വിധിയുമായി രംഗത്തെത്തുകയുണ്ടായി. കര്‍ണാടകയിലെ വലതുപക്ഷ ബി.ജെ.പി സര്‍ക്കാര്‍ കോളജുകളുടെ നിലപാടിനെ പിന്തുണച്ചു. അതിനുശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കാനുള്ള മുസ്‌ലിം പെണ്‍കുട്ടികളുടെ അവകാശത്തിനെതിരെ സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധങ്ങള്‍ നടന്നു. തങ്ങളുടെ സ്വന്തം ഹിന്ദുമത സ്വത്വത്തിന്റെ അടയാളമായ കാവിസ് കാര്‍ഫില്‍ അണിഞ്ഞൊരുങ്ങിയ ഹിജാബ് വിരുദ്ധ പ്രകടനക്കാരെ തെരുവും കോളജ് ക്യാമ്പസുകളും കണ്ടു. അവരുടെ കാവിവത്കരിക്കപ്പെട്ട മസ്തിഷ്‌കം ഇപ്പോള്‍ ഒരു ലക്ഷ്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. മുസ്‌ലിം പെണ്‍കുട്ടികള്‍ അവരുടെ മതത്തെ മാനിച്ച് തല മറച്ചാല്‍ വിദ്യാഭ്യാസം നേടുന്നതില്‍നിന്നും അവരെ തടയുകയെന്ന കാര്യത്തില്‍. എന്നാല്‍ ഉഡുപ്പിയിലെ കോളജിലെ പെണ്‍കുട്ടികള്‍ക്ക് ക്ലാസ് മുറിയില്‍ ഹിജാബ് ധരിക്കാനുള്ള അവകാശം ഉയര്‍ത്തിപ്പിടിച്ചുള്ള ഹര്‍ജികള്‍ പരിഗണിക്കുന്ന കര്‍ണ്ണാടക ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ വാദം, ഹിജാബ് ഇസ്‌ലാമിന്റെ അവിഭാജ്യ ഘടകമല്ലാത്തതിനാല്‍ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഇത് അനുവദിക്കാനാവില്ലെന്നാണ്. അസംബന്ധമാണ് ഈ വാദം. ഒന്നാമതായി, ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തില്‍ സ്ത്രീയുടെ വസ്ത്രധാരണം അവളുടെ സ്വന്തം കാര്യമാണ്. അവള്‍ക്ക് തല മറക്കണോ അതോ കാലുകള്‍ നഗ്‌നമാക്കണമോ എന്നതെല്ലാം അവളുടെ ഇഷ്ടമാണ്. ഭക്ഷണത്തിലും വസ്ത്രത്തിലുമെല്ലാം ഇടപെടാന്‍ ഭരണകൂടത്തിനെന്ത് അവകാശം? രണ്ടാമതായി, ഹിജാബ് മുസ്‌ലിം സ്ത്രീകളുടെ മതാനുഷ്ഠാനത്തിന്റെ അവിഭാജ്യ ഘടകമാണോ അല്ലയോ എന്നു നിര്‍ണ്ണയിക്കുന്നത് ഭരണകൂടമല്ല. അത് ഇസ്‌ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തിലാണ്. മുസ്‌ലിം നാമധാരികളായ ഏതെങ്കിലും സ്ത്രീകള്‍ അനിസ്‌ലാമിക വേഷങ്ങള്‍ ധരിക്കുന്നുണ്ടെങ്കില്‍ അത് ഉയര്‍ത്തികാട്ടി ഹിജാബ് നിര്‍ബന്ധമല്ലയെന്നു വാദിക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. മൂന്നാമതായി, ഒരു മതേതര രാഷ്ട്രത്തെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ മതങ്ങളും മതചിഹനങ്ങളും പ്രകടിപ്പിക്കുന്നത് ശീലമാക്കിയ രാജ്യമാണ് നമ്മുടെത്. പ്രധാനമന്ത്രി അമിതമായി ഹൈന്ദവ ആചാരങ്ങളില്‍ പങ്കാളിത്തം വഹിക്കുന്നു. അദ്ദേഹത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന കാവി നിറത്തിലുള്ള അനവധി കര്‍മ്മങ്ങള്‍ക്ക് ഇന്ത്യ സാക്ഷിയായിട്ടുണ്ട്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്യാസി വേഷം ധരിച്ചു നടക്കുന്നു. പാര്‍ലമെന്റില്‍ പോലും ചില എം.പിമാര്‍ കാഷായ വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ടുവരുന്നു.

വസ്ത്രത്തിന്നു മതപരമായ ബന്ധമുണ്ടായിട്ടും മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കില്ലെന്നു പറയുന്നത് കടുത്ത വിവേചനമാണ്. സിഖുകാര്‍ക്ക് അവരുടെ മത വിശ്വാസത്തിന്റെ ഭാഗമായി തലപ്പാവ് ധരിക്കാം, മൂര്‍ച്ചയുള്ള ആയുധമായ കൃപാണം എപ്പോഴും കൊണ്ടു നടക്കാം. വിവാഹിതയായ ഹിന്ദു സ്ത്രീക്ക് കോളജ് ക്ലാസ്മുറിയില്‍ മംഗള സൂത്രം കളിക്കാം. ഇതിനെതിരെയൊന്നും ഒരിക്കലും ഒരു മുറവിളിയും ഉണ്ടായിട്ടില്ല. യഥാര്‍ഥത്തില്‍, ന്യൂനപക്ഷ സമുദായത്തിന്റെ മതപരവും സാംസ്‌കാരികവുമായ വ്യക്തിത്വം തുടര്‍ച്ചയായ ആക്രമണത്തിനു വിധേയമായികൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയ പശ്ചാത്തലത്തില്‍ വേണം ഈ ഹിജാബ് വിവാദത്തെയും കാണേണ്ടത്. ഗോമാംസം കൈവശം വെച്ചുവെന്നു ആരോപിച്ചു മുസ്‌ലിംകളെ തല്ലി കൊന്നത് മുതല്‍ സാങ്കല്‍പ്പിക ‘ലൗ ജിഹാദിന്റെ’ പേരില്‍ അതിക്രൂരമായ വേട്ടയാടലുകള്‍, ഗുഡ്ഗാവിലെ ഒന്നിലധികം നമസ്‌കാര സ്ഥലങ്ങള്‍ കയ്യേറിയത്, മുസ്‌ലിം സ്ത്രീകളെ ഓണ്‍ലൈനില്‍ അപമാനിക്കാന്‍ ശ്രമിച്ച നിന്ദ്യമായ സുള്ളി ഡീല്‍ ബുള്ളി ബായ് ആപ്പുകള്‍; ലതാ മങ്കേഷ്‌ക്കറിന്റെ മൃതദേഹത്തിനു മുമ്പില്‍ നടന്‍ ഷാരൂഖ് ഖാന്‍ നടത്തിയ പ്രാര്‍ത്ഥനയും അദ്ദേഹം ലതയുടെ മേല്‍ തുപ്പിയെന്ന പരിഹാസ്യമായ ആരോപണവും. ഇങ്ങനെയെത്രയെത്ര സംഭവങ്ങള്‍!

ഒരു സമൂഹത്തെ അപരവല്‍ക്കരിക്കാനും പൈശാചികവത്കരിക്കാനുമുള്ള നിരന്തരമായ ശ്രമങ്ങള്‍ ദിനേന അരങ്ങേറികൊണ്ടിരിക്കുന്നു. അക്കൂട്ടത്തില്‍ മുസ്‌ലിംകളുടെ ദിശയിലേക്ക് ഒഴുകികൊണ്ടിരിക്കുന്ന പിത്തരസത്തിന്റെ ഒരു ഉദാഹരണം കൂടിയാണ് ഹിജാബ് വിവാദം. മുസ്‌ലിംകളെ അന്യവത്കരിക്കുകയെന്നത് തീര്‍ച്ചയായും ബി.ജെ.പിയുടെ ഹിന്ദു ദേശീയവാദ അജണ്ടയുടെ ആണിക്കല്ലാണ്. ഇത്തരത്തിലുള്ള വിവാദങ്ങള്‍ ഉയര്‍ത്തി ഭിന്നത വര്‍ധിക്കും തോറും ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലുള്ള ശത്രുത കൂടുതല്‍ തീവ്രമാകും. ഭരണം നേടിയെടുക്കാന്‍ എവിടെയും ബി.ജെ.പി ഉയര്‍ത്തിപ്പിടിക്കുന്നത് വര്‍ഗീയതയാണ്. പൊതു ശത്രുവിനെ സൃഷ്ടിച്ചുകൊണ്ട്, അതിനെതിരെ പോരാടാന്‍ യുവാക്കളെ സജ്ജമാക്കുകയാണ് ബി.ജെ.പി. അത് കോളജ് ക്യാമ്പസില്‍ നിന്നായാല്‍ അതിന്റെ നേട്ടം വലുതായിരിക്കും. അതാണ് കര്‍ണ്ണാടകയില്‍ കണ്ടു കൊണ്ടിരിക്കുന്നത്. യുവാക്കളുടെ കാര്യത്തില്‍ നേട്ടങ്ങള്‍ കൂടുതല്‍ സുസ്ഥിരവും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമാണ്. മതപരമായ ഐഡന്റിറ്റികളുടെമേല്‍ അവരെ എരിവില്‍ നിര്‍ത്തിയാല്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ലാഭവിഹിതം വളരെ കൂടുതലായിരിക്കും. കൂടാതെ ഭരണകൂട അനാസ്ഥ കാരണം ഇന്ത്യന്‍ യുവത നേരിടുന്ന രൂക്ഷമായ തൊഴിലില്ലായ്മ പ്രശ്‌നത്തില്‍ നിന്നും അവരുടെ ശ്രദ്ധ തിരിച്ചുവിടാനും സാധിക്കും. ചുരുക്കത്തില്‍, ബി.ജെ.പിക്ക് ഇത്തരം വിവാദങ്ങള്‍ കൊണ്ട് ദീര്‍ഘകാലം നേട്ടമുണ്ടാക്കാന്‍ സാധിക്കും. അത് തിരിച്ചറിയാന്‍ ഇന്ത്യന്‍ ജനത കാണിക്കുന്ന ജാഗ്രതയെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ ഭാവി.

Test User: